വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ആ രണ്ട് പാക്കറ്റ് സിഗരറ്റ് കളഞ്ഞു, അന്നത്തോടെ പുകവലി ഉപേക്ഷിച്ചു

സ്കൂൾ പഠനകാലം തൊട്ട് ആരംഭിച്ച പുകവലിയെന്ന ദുശ്ശീലം ഒറ്റയടിക്ക് നിർത്തിയതിന്റെ കഥയാണ് സി.പി.എം. നേതാവും മുൻ നിയമസഭ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന് പറയാനുള്ളത്. ദിവസം രണ്ട് പാക്കറ്റ് വരെ സിഗരറ്റ് വലിച്ചിരുന്ന അദ്ദേഹം ഒരു ചൈന യാത്രയ്ക്ക് ശേഷമാണ് പുകവലി എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. അതിനുള്ള പ്രചോദനമായതാകട്ടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന ഒരു ചടങ്ങും. സിനിമകളിലെ നായകന്മാരുടെ ഹീറോയിസവും മറ്റും പുകവലിക്ക് ഒരു പ്രേരണയായെന്നാണ് ശ്രീരാമകൃഷ്ണൻ പറയുന്നത്. സ്കൂൾ കാലത്ത് തുടങ്ങിയ ദുശ്ശീലം കോളേജ് കാലം പിന്നിട്ടിട്ടും തുടർന്നു. ദിവസം രണ്ട്-രണ്ടര പാക്കറ്റ് സിഗരറ്റ് വലിച്ചിരുന്നു. ഒടുവിൽ സംസ്ഥാന യൂത്ത് വെൽഫയർ ബോർഡിൽ അംഗമായിരിക്കെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന ഒരു ചടങ്ങാണ് എല്ലാംമാറ്റിമറിച്ചത്. 2007-08 കാലഘട്ടത്തിലായിരുന്നു ആ സംഭവം. ലഹരിമരുന്നിനെതിരേ സംഘടിപ്പിച്ച ചടങ്ങിൽ പി.ശ്രീരാമകൃഷ്ണനും അതിഥിയായി പങ്കെടുത്തിരുന്നു. ചടങ്ങിനൊടുവിൽ വിദ്യാർഥികൾക്ക് ലഹരിമരുന്നിനെതിരേ പ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട കർത്തവ്യവും അദ്ദേഹത്തിനായിരുന്നു. താൻ പുകവലിക്കുന്ന ആളാണെന്നും താൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നത് ശരിയല്ലെന്നും കോളേജിലെ ഫാദറിനോട് പറയുകയും ചെയ്തു. പക്ഷേ, അവരുടെ നിർബന്ധത്തിനൊടുവിൽ മനസില്ലാമനസോടെ അദ്ദേഹം പ്രതിജ്ഞ ചൊല്ലിനൽകി. പിറ്റേദിവസവും പതിവ് പോലെ എ.കെ.ജി. സെന്ററിനടുത്ത കടയിലേക്ക് സിഗരറ്റ് വാങ്ങാൻ പോയപ്പോളാണ് ശ്രീരാമകൃഷ്ണന് ആ ഉൾവിളിയുണ്ടായത്. തലേദിവസം വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്ത താൻ സിഗരറ്റ് വാങ്ങുന്നത് സ്വയം ചമ്മലുണ്ടാക്കി. പക്ഷേ, ദിവസങ്ങൾക്ക് ശേഷം ചൈനയിലേക്കുള്ള യാത്രയ്ക്കിടെ ഡൽഹി വിമാനത്താവളത്തിൽവെച്ച് വീണ്ടും രണ്ട് പാക്കറ്റ് സിഗരറ്റ് വാങ്ങി. അന്നൊരു തീരുമാനവും എടുത്തു. ഈ സിഗരറ്റ് വലിക്കാതെ തിരിച്ചുവന്നാൽ പിന്നെ ഒരിക്കലും വലിക്കില്ലെന്നായിരുന്നു ആ തീരുമാനം. ചൈനയിലെത്തിയപ്പോൾ പനി പിടിച്ചതോടെ രുചിയും നഷ്ടമായി. സിഗരറ്റ് കൈകൊണ്ട് തൊട്ടതുപോലുമില്ല. ഒടുവിൽ യാത്രകഴിഞ്ഞ് ഡൽഹിയിൽ എത്തിയപ്പോൾ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിലേക്ക് ആ സിഗരറ്റ് പാക്കറ്റുകൾ വലിച്ചെറിഞ്ഞു. നേരത്തെയെടുത്ത തീരുമാനം നടപ്പിലാക്കി, എന്നെന്നേക്കുമായി പുകവലി ഉപേക്ഷിച്ചു. പുകവലി ഉപേക്ഷിച്ചതോടെ ജീവിതത്തിൽ ഏറെ മാറ്റങ്ങളുണ്ടായെന്നാണ് പി.ശ്രീരാമകൃഷ്ണൻ പറയുന്നത്. രാത്രി സെക്കന്റ് ഷോ കണ്ട് സിഗരറ്റുകൾ വലിച്ചുകൂട്ടിയിരുന്ന ആളായിരുന്നു ഞാൻ. രാവിലെ എഴുന്നേൽക്കാൻ പോലും കഴിയില്ലായിരുന്നു. പുകവലി ഉപേക്ഷിച്ചതോടെ എന്റെ പ്രഭാതങ്ങൾ ഏറെ മനോഹരമായി. ആത്മവിശ്വാസം വർധിച്ചു. രുചി കൂടി. മുഖത്തെ പാടുകളൊക്കെ പോയി. പുകവലിക്കുന്ന കാലത്ത് വീട്ടിലാകെ പുകയുടെ മണമായിരുന്നു. ഞാൻ ജനലിലും മറ്റും ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റി ഒരുവയസുണ്ടായിരുന്ന മകൾ വായിലിട്ടതും ആരോഗ്യപ്രശ്നങ്ങളുണ്ടായതുമെല്ലാം ഓർമയുണ്ട്. ഞാൻ കാരണം കുടുംബാംഗങ്ങൾ പാസീവ് സ്മോക്കേഴ്സ് ആവുകയായിരുന്നു- ശ്രീരാമകൃഷ്ണൻ പറഞ്ഞു. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർ ഒറ്റയടിക്ക് ആ തീരുമാനം കൈക്കൊള്ളുന്നതാണ് നല്ലതെന്നാണ് ശ്രീരാമകൃഷ്ണന്റെ അഭിപ്രായം. ശൗചാലയത്തിൽ പോകുമ്പോഴും ഭക്ഷണം കഴിച്ച് കഴിഞ്ഞും പുകവലി അനിവാര്യമായവർ ആദ്യം അത് നിർത്താൻശ്രമിക്കണം. പുകവലി കാരണമുണ്ടാകുന്ന അസുഖങ്ങളുടെ ചിത്രങ്ങൾ ഇടയ്ക്കിടെ നോക്കുന്നതും പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. Content Highlights:no tobacco day 2021 ex assembly speaker p sreeramakrishnan how quits smoking

from mathrubhumi.latestnews.rssfeed https://ift.tt/3uzjsWG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍