ന്യൂഡൽഹി: അസമിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ കാറിൽനിന്ന് വോട്ടിങ് യന്ത്രം പിടിച്ചതോടെ ഇ.വി.എമ്മിന്റെ ആധികാരികത വീണ്ടും ചർച്ചയാകുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ഉപയോഗത്തിൽ ആശങ്കയറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധകൾ വീണ്ടും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പും കോൺഗ്രസ് ഉൾപ്പെടെ 21 പ്രതിപക്ഷ കക്ഷികൾ ഇക്കാര്യത്തിൽ ആശങ്ക ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.വെള്ളിയാഴ്ച കോൺഗ്രസ് പ്രതിനിധികൾ ഡൽഹിയിലും ടി.എം.സി. പ്രതിനിധികൾ കൊൽക്കത്തയിലും തിരഞ്ഞെടുപ്പു കമ്മിഷനെ കണ്ട് നിവേദനം നൽകി. തിരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയും കത്ത് നൽകി. ദേശീയ പാർട്ടികൾ ഇ.വി.എം. ഉപയോഗത്തിൽ പുനരാലോചനയ്ക്ക് തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. 2018 ഓഗസ്റ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ ബാലറ്റു പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയിൽ അവർ നൽകിയ ഹർജിയിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചുവീതം ബൂത്തുകളിൽ വിവിപാറ്റ് എണ്ണണമെന്ന വിധിയും വന്നു. അസം സംഭവത്തോടെ ഈ ആവശ്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന.എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി. നേതാക്കളുടെ വാഹനങ്ങളിൽ മാത്രം ഇ.വി.എം. കാണുന്നതെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല ചോദിച്ചു. തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം സ്വകാര്യ വാഹനങ്ങളിൽ ഇ.വി.എമ്മുകൾ കടത്തുന്ന വീഡിയോകൾ കാണുന്നതായും ഇതിലെല്ലാം ബി.ജെ.പി. പൊതുവായി ഉണ്ടെന്നത് ആശ്ചര്യകരമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പരാതികളിൽ കമ്മിഷൻ ഗൗരവത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും എല്ലാ ദേശീയ പാർട്ടികളും ഇക്കാര്യം ഗൗരവമായി വിലയിരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പു കമ്മിഷൻ ഉണർന്നില്ലെങ്കിൽ അത് ജനാധിപത്യത്തിന് പ്രഹരമായിരിക്കുമെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. അസമിലെ സംഭവം അത്തരം ഒട്ടേറെ സംഭവങ്ങളുടെ തുടർച്ചയാണെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം കമ്മിഷന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. തൃണമൂൽ നേതാക്കളായ യശ്വന്ത് സിഹ്നയും ഡെറിക് ഒബ്രയാനും കമ്മിഷനെ കണ്ടു.
from mathrubhumi.latestnews.rssfeed https://ift.tt/31Fo1mp
via IFTTT
0 അഭിപ്രായങ്ങള്‍