തിരുവനന്തപുരം: ഇനിയുള്ള അഞ്ചുദിവസം മുന്നണികൾക്ക് അവസാനപോരാട്ടം. പത്തുമണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫ്. അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. തുടർഭരണ സാധ്യത നിലനിൽക്കേ, ജനമനസ്സ് മാറാതിരിക്കാനുള്ള കരുതലാണ് എൽ.ഡി.എഫിന്റേത്. പാർട്ടിതല പരിശോധനയുടെ കണക്കും അതനുസരിച്ചുള്ള കണക്കുകൂട്ടലുമായാണ് സി.പി.എമ്മും കോൺഗ്രസും ഇനിയുള്ള ദിവസം പ്രചാരണം നയിക്കുന്നത്. എ-ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയും അതിലെ പ്രവർത്തനമുന്നേറ്റവും ഊർജമാക്കിയാണ് ബി.ജെ.പി.യുടെ ഓട്ടം. നാലുജില്ലകളിൽ അട്ടിമറി 74 സീറ്റിൽ യു.ഡി.എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുൽഗാന്ധിയുടെ സ്പെഷ്യൽ സർവേ ടീം നൽകിയ റിപ്പോർട്ട്. അതനുസരിച്ചാകും പ്രചാരണം. രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാൽ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇതിന്റെ മാറ്റമുണ്ടാകും. രാഹുലും പ്രിയങ്കയും ഇവിടെ കേന്ദ്രീകരിക്കുന്നതിന്റെ കാരണമിതാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സി.പി.എം. മണ്ഡലങ്ങളുടെയും മനസ്സ് യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ചേർത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളാണ് ഈ പട്ടികയിലുള്ളത്. കഴിഞ്ഞതവണ യു.ഡി.എഫിന് ഒരുസീറ്റുപോലും കിട്ടാത്ത കൊല്ലം ജില്ലയിൽ ഇത്തവണ അട്ടിമറിവിജയങ്ങളുണ്ടാകും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര എന്നിവയെല്ലാം ഇടതുപക്ഷത്തെ കൈവിടും. ഇതാണ് സർവേ ടീമിന്റെ വിലയിരുത്തൽ. ഇതുറപ്പാക്കാനാണ് പ്രിയങ്കയുടെ പ്രചാരണത്തുടക്കംതന്നെ ഈ ജില്ലകളിൽനിന്നായത്. ഒന്നാഞ്ഞുപിടിച്ചാൽ നേമം ബി.ജെ.പി.യെ കൈവിടുമെന്നാണ് രാഹുൽ ടീമിന്റെ റിപ്പോർട്ട്. ഈ ദൗത്യവും പ്രിയങ്കയാണ് ഏറ്റെടുത്തത്. കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോർത്ത്, നാദാപുരം മണ്ഡലങ്ങളാണ് രാഹുൽ ഇറങ്ങിയാൽ ഉറപ്പായാലും യു.ഡി.എഫിന് ലഭിക്കുമെന്ന് സർവേ ടീം കണക്കാക്കുന്നത്. ഇത് അനുസരിച്ചാകും രാഹുൽഗാന്ധി ഇനി പ്രചാരണത്തിനിറങ്ങുക. മനസ്സ് മാറാതിരിക്കാൻ കരുതൽ ധർമടത്ത് തുടങ്ങി കേരളമാകെ ഇളക്കിമറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രചാരണയാത്ര ചൊവ്വാഴ്ച അവസാനിച്ചു. പക്ഷേ, യാത്രമാത്രമാണ് അവസാനിച്ചത്. ഇനിയുള്ള ഓരോദിവസവും ഇടതുസാധ്യത ഇല്ലാതാക്കാനുള്ള അപ്രതീക്ഷിത നീക്കം മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. അതിനെ തടയാനും പ്രതിരോധിക്കാനുമുള്ള ദൗത്യമേറ്റെടുത്ത് മുഖ്യമന്ത്രിമുന്നിൽത്തന്നെയുണ്ട്. കഴിഞ്ഞതവണ ലഭിച്ച അത്രയും സീറ്റ് ഇത്തവണ ഉണ്ടാകില്ലെന്ന് എൽ.ഡി.എഫ്. കണക്കാക്കുന്നുണ്ട്. ചില സീറ്റുകൾ നഷ്ടപ്പെടും. കുറഞ്ഞത് 82 സീറ്റെങ്കിലും നിലനിർത്തി ഭരണത്തുടർച്ച ഉറപ്പാണെന്നാണ് എൽ.ഡി.എഫിന്റെ കണക്ക്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രൻ പിള്ള എന്നിവരാകും ഇനി പ്രചാരണരംഗത്തെ നായകർ. അടുത്തദിവസം സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയും കേരളത്തിലെത്തും. എല്ലാസർവേകളും പ്രവചിച്ച തുടർഭരണം, കേരളത്തിന്റെ പൊതുമനസ്സ് ഇടതുപക്ഷത്തിനൊപ്പമാണെന്ന സന്ദേശമായി മാത്രമേ എൽ.ഡി.എഫ്. കണക്കാക്കുന്നുള്ളൂ. ഈ മനസ്സ് മാറാതിരിക്കാനുള്ള ജാഗ്രതയാണ് ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കുക. വിവാദങ്ങൾക്ക് വഴിവെച്ചുകൊടുക്കുന്ന നടപടിയോ, വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന രീതിയോ പാടില്ലെന്നാണ് പൊതുനിർദേശം. മോദിയിലാണ് പ്രതീക്ഷ നിലമെച്ചപ്പെടുത്തുകയെന്നത് ബി.ജെ.പി.യുടെ ലക്ഷ്യം. വളർച്ചയുടെ തോത് വ്യക്തമാക്കാൻ അതവർക്ക് അനിവാര്യവുമാണ്. നേമം നിലനിർത്തുകയും കൂടുതൽ സീറ്റ് നേടുകയും വേണം. നേമത്തിന് പുറമേ, മഞ്ചേശ്വരം, കോന്നി, പാലക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ വിജയമുറപ്പാക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഇനിയുള്ള ദിവസങ്ങളിൽ ബി.ജെ.പി.യുടെ പ്രചാരണവും ഈ ജയസാധ്യതകൾക്ക് അനുസരിച്ചാകും. ഒന്നാംഘട്ടത്തിൽ പാലക്കാട് പ്രചാരണത്തിനിറങ്ങി മടങ്ങിയ പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമായിരിക്കും അദ്ദേഹം ഇനി പ്രചാരണത്തിനെത്തുക. ജെ.പി.നഡ്ഢ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും അവസാനലാപ്പിൽ ആവേശമുയർത്താനിറങ്ങും.
from mathrubhumi.latestnews.rssfeed https://ift.tt/3m6mK0U
via IFTTT
0 അഭിപ്രായങ്ങള്‍