മോദിയും അമിത്ഷായും യോഗിയും അലറിയിട്ടും കേരളം പതറുന്നില്ല: കെ ഇ എന്‍ കുഞ്ഞഹമ്മദ്

ഭരണത്തുടർച്ച എന്നാൽ ഇടതു മുന്നണിയുടെ തുടർച്ചയെന്നാണർത്ഥമെന്നും പിണറായി വിജയൻ എന്ന വ്യക്തിയുടെ തുടർച്ചയല്ലെന്നും ഇടത് ചിന്തകനും സാംസ്കാരിക വിമർശകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് പറയുന്നു. സിപിഎം പോലൊരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അത് അതിന്റെ നയമാണ് മുന്നോട്ടുവെയ്ക്കുന്നത്. അത് നടപ്പാക്കുന്നതിൽ പിണറായി വിജയന്റെ നേതൃത്വം പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ, ഇടതു മുന്നണിയും കേരളത്തിലെ ജനങ്ങളുമാണ് അതിന്റെ ഊർജ്ജ ശ്രോതസ്സ്. മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ ടെലിഫോൺ അഭിമുഖത്തിലാണ് കെ ഇ എൻ ഇക്കാര്യം വ്യക്തമാക്കിയത്. കെ ഇഎൻ കുഞ്ഞഹമ്മദുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം. കൊള്ളാവുന്ന ഭരണമാണെങ്കിൽ അത് തുടരുന്നതിലെന്താണ് കുഴപ്പമെന്നും അത്തരമൊരു രാഷ്ട്രീയ സമവാക്യം ജനാധിപത്യ വിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടി താങ്കൾ ഒരു ലേഖനം അടുത്തിടെ എഴുതിയിരുന്നു. ഭരണത്തുടർച്ചയ്ക്ക് താങ്കൾ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ന്യായങ്ങൾ എന്താണ്? ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്നത്തെ ഇന്ത്യൻ അവസ്ഥ തന്നെയാണ്. സമാനതകളില്ലാത്ത വിധം നമ്മുടെ ജീവിതത്തെ ഭയപ്പെടുത്തുന്ന ഒരവസ്ഥയിലേക്കാണ് സമകാലിക ഇന്ത്യ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ ജനാധിപത്യം നിലനിൽക്കുകയും എന്നാൽ സൂക്ഷ്മാർത്ഥ്യത്തിൽ ജനാധിപത്യത്തിന്റെ ഉള്ളടക്കം ആവിയായിപ്പോവുന്ന അനുഭവങ്ങളാണ് ഇന്ത്യൻ ജനത അഭിമുഖീകരിക്കുന്നത്. ഫാസിസത്തിന്റെ പുതു രൂപമാണിത്. പാർലമെന്റ് പ്രവർത്തിക്കുകയും സെൻട്രൽ വിസ്ത പോലൊരു പദ്ധതി നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന കാലം. നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് പറഞ്ഞത് ജനാധിപത്യത്തിന്റെ ആധിക്യമാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെന്നാണ്. ഒരു ഭാഗത്ത് ജനാധിപത്യത്തിന്റെ ഉള്ളടക്കം ശോഷിക്കുമ്പോൾ മറുഭാഗത്ത് ജനാധിപത്യത്തിന്റെ ആധിക്യമാണ് പ്രശ്നമെന്ന് പറയുക. ജനാധിപത്യം ആർക്കാണ് തടസ്സമായിത്തീരുന്നതെന്നതാണ് ചോദ്യം. നിയോ ലിബറൽ കാഴ്ചപ്പാടാണ് ഇതിനു പിന്നിൽ. നവ ഉദാരവത്കരണവാദികളുടെ ഒന്ന് രണ്ട് മുദ്രാവാക്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. മാർഗരറ്റ് താച്ചർ പറഞ്ഞ സമൂഹമെന്നൊന്നില്ല വ്യക്തി മാത്രമേയുള്ള എന്ന നിലപാട്. അതോടൊപ്പം തന്നെ റീഗണോമിക്സിന്റെയൊക്കെ ഭാഗമായി മിൽട്ടൺ ഫ്രീഡ്മാനൊക്കെ അവതരിപ്പിച്ച ലാഭമുണ്ടാക്കുകയാണ് ജനാധിപത്യത്തിന്റെ ദൗത്യം എന്ന വാദം. ഇന്ത്യയിൽ 90 കൾ മുതൽ ഈ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ ശക്തിപ്പെട്ടു തുടങ്ങിയെങ്കിലും ഈ തലത്തിൽ ഏറ്റവും ജനകീയമായ മുദ്രാവാക്യങ്ങൾ അവതരിപ്പിക്കുന്നത് നരേന്ദ്രമോദി സർക്കാരാണ്. കോർപറേറ്റ്വത്കരണം ഒരു മറയുമില്ലാതെ അവതരിപ്പിക്കപ്പെടുന്നത് മോദിയുടെ കാലത്താണ്. പരിമിതികളുണ്ടെങ്കിലും ഇന്ത്യൻ ജനത അനുഭവിച്ചിരുന്ന ജനാധിപത്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. സാമൂഹിക ശാസ്ത്രജ്ഞയായ മീര നന്ദയുടെ state -temple-corporate complex പ്രയോഗം ഈ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഈ അവസ്ഥയ്ക്കുള്ള ബദലാണ് കഴിഞ്ഞ അഞ്ച് വർഷം കേരളം കണ്ടതെന്നാണോ താങ്കൾ പറഞ്ഞുവരുന്നത് ? ബദലാണെന്നു മാത്രമല്ല , ഇത്തരത്തിലുള്ള പ്രതിരോധത്തിലൂടെ കേരളം ഇന്നിപ്പോൾ ഫാസിസത്തിനും നവ ഉദാരവത്കരണ നയങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഒരു തുരുത്ത് പോല വേറിട്ടുനിൽക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുകയാണ്. ഇന്നിപ്പോൾ ഇന്ത്യൻ ഫാസിസം ഏറ്റവുമധികം ഭയപ്പെടുന്നത് കേരളത്തെയാണ്. കർഷക സമരം പോലുമല്ല കേരളമാണ് അവരുടെ ഏറ്റവും വലിയ പേടിയെന്നാണ് എനിക്ക് തോന്നുന്നത്. കർഷക സമരത്തെ അവർ ഭയപ്പെടുന്നുണ്ട്. പക്ഷേ, അതിനേക്കാളേറെ അവർ പേടിക്കുന്നത്. നരേന്ദ്ര മോദിയും അമിത്ഷായും യോഗി ആദിത്യനാഥും അലറുന്നുണ്ട്. പക്ഷേ, കേരളം പതറുന്നില്ല. അതാണ് കാര്യം. സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയാണ് കേരളം. ആ പറച്ചിലിൽ തന്നെ മതനിരപേക്ഷതയെ സംബന്ധിച്ചിടത്തോളം ഒരു പുളകം ഉണ്ടാക്കുന്നുണ്ട്. കേരളത്തെ ഭയപ്പെടുന്നുവെന്ന് പറയുമ്പോൾ കേരളം ഇന്നെത്തി നിൽക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പരിതസ്ഥിതിയുണ്ട്. അതു പക്ഷേ, ഇടതുപക്ഷത്തിന്റെ മാത്രം നേട്ടമല്ല. കേരളം ഇടവിട്ടു ഭരിച്ചിട്ടുള്ള കോൺഗ്രസ് സർക്കാരുകൾക്കും ഇതിൽ പങ്കില്ലേ? കേരളത്തിന്റെ നേട്ടങ്ങൾക്ക് കൃത്യമായ ചരിത്ര പരിസരമുണ്ട്. നവോത്ഥാനത്തിന്റെയും മിഷനറിമാരുടെയും അടയാളങ്ങൾ അതിലുണ്ട്. കർഷക സമരങ്ങളുടെയും ഭൂപരിഷ്കരണ നിയമങ്ങളുടെയും സ്വാധീനമുണ്ട്. മാറി മാറി വന്ന സർക്കാരുകൾ ഇതിൽ വഹിച്ച പങ്കും നിഷേധിക്കാനാവില്ല. വ്യത്യസ്ത വഴികളിലൂടെ കേരളം കൈവരിച്ച സകല നേട്ടങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് ഈ നിരീക്ഷണം മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, ഇന്നിപ്പോൾ കേരളത്തിന്റെ ഈ പ്രബുദ്ധതെയെ ഏറ്റവുമധികം ഉയർത്തിപ്പിടിക്കുന്നതും അതിനായി പോരാടുന്നതും ഇടതുപക്ഷമാണ്, ഇടതു മുന്നണി സർക്കാരാണ്. ഭരണത്തുടർച്ച എന്ന മുദ്രാവാക്യം ഇടതു മുന്നണി മുന്നോട്ടുവെയ്ക്കുമ്പോൾ അതിനെതിരെ ഉയരുന്ന ഒരു വിമർശം ഭരണത്തുടർച്ച എന്നാൽ ഭരണ സ്ഥിരത എന്നായിരിക്കുകയാണെന്നും ഒരു വ്യക്തി ഭരണത്തിന്റെ തലപ്പത്ത് തുടരണോ എന്ന ഹിതപരിശോധന ആയിരിക്കുകയാണെന്നുമുള്ളതാണ്? കേരളത്തിലെ ഇടതു പക്ഷ സർക്കാർ എന്നു പറയുന്നത് ഇടതു പാർട്ടികൾ മാത്രം ഉൾപ്പെട്ടതല്ല. ഇടതു പാർട്ടികളും മതേതര സ്വഭാവമുള്ള ഇതര പാർട്ടികളും ഉൾപെട്ട ജനാധിപത്യ മുന്നണിയാണത്. ആ മുന്നണിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷേ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോലും വ്യക്തമാക്കിയിരിക്കുന്നത് പിണറായി വിജയനാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ നയിക്കുന്നതെന്നും അദ്ദേഹമായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയെന്നുമാണ്. ഈ തിരഞ്ഞെടുപ്പിനെ പിണറായി വിജയൻ എന്ന വ്യക്തിയുടെ ഹിതപരിശോധനയായി ചുരുക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ജനാധിപത്യ നയങ്ങൾക്ക് വിരുദ്ധമല്ലേ? പിണറായി വിജയൻ| വര: ജിനു വർഗീസ് ഈ വിമർശത്തിന് ഒരു ഇരുണ്ട മറുപുറമുണ്ട്. പിണറായി വിജയനെപ്പോലെ വേട്ടയാടപ്പെട്ട മറ്റൊരു നേതാവ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലുണ്ടാവില്ല. എല്ലാ നേതാക്കളും വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപ കാലത്ത് പിണറായിക്കെതിരെ നടന്നിട്ടുള്ള ആക്രമണങ്ങൾ സമാനതകളില്ലാത്തതാണ്. ധർമ്മടത്തെ അദ്ദേഹത്തിന്റെ വീടു പോലും വിവാദമാക്കിക്കൊണ്ട് ആക്രമണമുണ്ടായി. ധർമ്മടത്ത് പോയാൽ ആർക്കും കാണാവുന്ന വീടാണിത്. എന്നാൽ ഒരു ഡിറ്റക്ടിവ് രചനയെ ഓർമ്മിപ്പിക്കുന്ന തരത്തിലുളള നിഗൂഡ പരിവേഷം ചാർത്തിക്കൊണ്ടുള്ള ആക്രമണമായിരുന്നു അത്. പിണറായി ഇനി വീടിന് പുറത്തിറങ്ങില്ല, മരുന്നു വാങ്ങാൻ പോലും പുറത്തേക്ക് പോകാനാവില്ല എന്നൊക്കെയുള്ള ആക്രോശങ്ങളായിരുന്നു. അന്ന് ആ ആക്രമണങ്ങൾ അഴിച്ചുവിട്ടതിന്റെ കുറ്റബോധത്തിലാവാം ഇന്നിപ്പോൾ പലരും ഇടതുമുന്നണി പിണറായി വിജയന്റെ തുടർച്ചയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന ആരോപണം ഉന്നയിക്കുന്നത്. സിപിഎം പോലൊരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അത് അതിന്റെ നയമാണ് മുന്നോട്ടുവെയ്ക്കുന്നത്. അത് നടപ്പാക്കുന്നതിൽ പിണറായി വിജയന്റെ നേതൃത്വം പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ, ഇടതു മുന്നണിയും കേരളത്തിലെ ജനങ്ങളുമാണ് അതിന്റെ ഊർജ്ജ ശ്രോതസ്സ്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയും നിഷ്ഠൂരമായാണ് വേട്ടയാടപ്പെട്ടത്. ആ അദ്ധ്യായം താങ്കൾ കാണാതെ പോവുന്നതെന്തുകൊണ്ടാണ്? ഉമ്മൻചാണ്ടി വേട്ടയാടപ്പെട്ട പശ്ചാത്തലം പകൽ പോലെ വ്യക്തമാണ്. അതേ സമയം പിണറായി വിജയൻ വേട്ടയാടപ്പെട്ട പശ്ചാത്തലം മൗലികമായി വ്യത്യസ്തമാണ്. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കാനാവില്ല. ഉമ്മൻചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും തന്നെ തെളിയിക്കപ്പെട്ടിട്ടില്ല. ഇടതു സർക്കാർ ഭരിച്ച ഈ അഞ്ച് വർഷങ്ങളിലും ഒരു തെളിവ് പോലും കണ്ടെത്താനായില്ല. അന്ന് ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ ആക്രമണം ജനാധിപത്യ മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതായിരുന്നുവെന്ന് ഇന്നിപ്പോൾ താങ്കൾക്ക് തോന്നുന്നുണ്ടോ? അതിലെ അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല. മാത്രമല്ല അത് ഉമ്മൻചാണ്ടിയിൽ തുടങ്ങി ഉമ്മൻചാണ്ടിയിൽ അവസാനിക്കുന്ന ഒന്നല്ല. കുറെക്കൂടി സങ്കീർണ്ണമായിട്ടുള്ള പല അഴിമതികളുമായി ബന്ധപ്പെട്ട സംഭവമല്ല. പിണറായി വിജയന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തേയും രാഷ്ട്രീയ ജിവിതത്തേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആക്രമണമായിരുന്നു. അത് ഏതെങ്കിലും അഴിമതിയെച്ചൊല്ലിയായിരുന്നില്ല. പക്ഷേ, കൃത്യമായി ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. പിണറായി വിജയൻ എന്ന നേതാവ് പാർട്ടിക്കതീതനായി വളരന്നുവെന്ന ആരോപണത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങൾ. പിണറായി സർക്കാർ അധികാരത്തിൽ വന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ നടത്തിയ രണ്ട് നിയമനങ്ങൾ. സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെയും പോലിസ് ഉപദേഷ്ടാവായി രമൺ ശ്രിവാസ്തവയെയും നിയമിച്ചത്. ഇടതു മുന്നണിയുടെ അല്ലെങ്കിൽ സിപിഎമ്മിന്റെ രാഷ്ട്രീയം തന്നെ ചോദ്യം ചെയ്യുന്നവയാണെന്ന് പരക്കെ വിമർശമുണ്ടായി. പക്ഷേ, സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഒരിടപെടലുമുണ്ടായില്ല. താങ്കൾ നേരത്തെ വിമർശിച്ച നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങൾക്ക് കുടപിടിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഗീതയെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും എന്തുകൊണ്ട് ഗീത ഇടതു സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി തുടർന്നുവെന്നതിന് പാർട്ടിക്ക് കൃത്യമായ ഒരു മറുപടിയമുണ്ടായില്ല? കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ സാമ്പത്തിക പദ്ധതികൾ നവ ലിബറൽ നയങ്ങളുമായി ഒത്തു പോകുന്നതാണോ എന്നതാണ് ചോദ്യം. പൊതുമേഖല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമാണ് കേരള സർക്കാർ നടപടി എടുത്തത്. സ്കൂളുകളായാലും ആസ്പത്രികളായാലും പൊതുമേഖലയിൽ ഗംഭീരമായ പ്രവർത്തനമാണ് ഇടതു സർക്കാർ നടത്തിയത്. ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമാക്കി മാറ്റാൻ നടപടി എടുത്തു. ഗീത ഗോപിനാഥ് ഉപദേഷ്ടാവായി ഇരുന്നെങ്കിലും അവർക്ക് ഇടതു സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാനായില്ലെന്നും അവരുടെ നിയമനം ഒരു അപഭ്രംശം മാത്രമായിരുന്നുവെന്നുമാണോ താങ്കൾ പറഞ്ഞു വരുന്നത്? അങ്ങിനെയല്ല. സർക്കാരിന്റെ അധികാര കേന്ദ്രങ്ങളിൽ പല വിഭാഗങ്ങളിലും പെട്ടവരുണ്ടാവും. പക്ഷേ, ജനപക്ഷത്തു നിന്ന് ആലോചിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യം സർക്കാർ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതാണ്. കേരള സർക്കാരിന്റെ നയത്തിന് വിരുദ്ധമായി ഈ ഉപദേശകർ പ്രവർത്തിച്ചിട്ടുണ്ടോയെന്നും അങ്ങിനെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ കേരള സർക്കാർ എന്ത് നടപടിയാണെടുത്തതെന്നുമാണ് പ്രസക്തം. കേരള സർക്കാരിലെ ഏതു നിയമനവും രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. അതായത് പാർട്ടിയുടെ തീരുമാനമായിരുന്നു ഗിതയുടെ നിയമനമെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്നുമാണ് താങ്കൾ പറയുന്നത്? അതെ ( തുടരും .)

from mathrubhumi.latestnews.rssfeed https://ift.tt/3udYVY1
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍