ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്-സുരേന്ദ്രന്‍

തൊടുപുഴ: സി.പി.എം.- ആർ.എസ്.എസ്. സംഘർഷം തീർക്കുന്നതിന് സത്സംഘ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ സിപിഎം- ആർഎസ്എസ് സംഘർഷങ്ങൾ ശക്തമായ കാലത്താണ് രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാൻ ഒരാൾ മുൻകൈയെടുത്തതെന്നും അത് ഇപ്പോൾ ചർച്ച നടത്തിയത് പോലെ കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ ആർ.എസ്.എസ്. - സി.പി.എം. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പി. പരമേശ്വരനും ഇ.എം.എസും ചർച്ച നടത്തിയിട്ടുണ്ട്. കെ.ജി. മാരാരും ഇ.കെ. നയനാരും ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ടീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഇതിനും മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ ഇത്തരം കള്ളത്തരങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്നവരാണ് ഇവിടെ കള്ളപ്രചാരണം നടത്തുന്നത്. ഇത് ഏതോ കാലത്ത് നടന്ന ചർച്ചയാണ്. രഹസ്യമായി നടന്ന ചർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീ എമ്മിന് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അക്കാര്യം പിണറായി വിജയനോട് ചോദിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ദൈവം വിചാരിച്ചാലും ഇനി രക്ഷപ്പെടുത്താൻ സാധിക്കില്ല. കോൺഗ്രസിന്റെ ഭയമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. കോൺഗ്രസ് പാർട്ടി വല്ലാത്ത മതിഭ്രമത്തിലാണ്. അവരുടെ കാലിന് അടിയിൽ നിന്ന് മണ്ണൊലിച്ച് പോകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം ലീഗിന്റെ ചുമലിലിരുന്നാണ് കേരളത്തിൽ യു.ഡി.എഫ്. പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് ഓരോ ദിവസവും തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു. ലീഗിന് മുന്നിൽ കീഴടങ്ങുന്ന സമീപനം കോൺഗ്രസിനെ കൂടുതൽ ചിന്നഭിന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: K. Surendran on Sri Ms mediation between CPM and RSS over political killing

from mathrubhumi.latestnews.rssfeed https://ift.tt/3rkZTAN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍