നാവായിക്കുളം(തിരുവനന്തപുരം): മുഹമ്മദ് സഫീറിന് മക്കൾ ജീവനായിരുന്നു. ഒരിക്കൽപ്പോലും ഉപദ്രവിച്ചിരുന്നില്ല. സ്കൂളിലേയ്ക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവിടുകയും തിരിച്ച് കൊണ്ടുവരികയും ചെയ്യുന്ന സഫീറിനെ നാട്ടുകാർ കാണുന്നതാണ്. അങ്ങനെയൊരാൾക്ക് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ എങ്ങനെ കഴിഞ്ഞു- സഫീറിനെ അറിയുന്നവരെയെല്ലാം ഞെട്ടിക്കുന്നതിതാണ്. മൂത്തമകൻ അൽത്താഫിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷമാണ് ഇളയവനെയും കൂട്ടി കുളത്തിലേയ്ക്ക് പോയത്. കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചായിരിക്കാം ഇയാൾ കുളത്തിലേയ്ക്ക് ചാടിയത്. സഫീറിന്റെയും അൻഷാദിന്റെയും മൃതദേഹങ്ങൾ പുറത്തെടുക്കുമ്പോൾ കൈകൾ മുന്നിലേയ്ക്ക് നീട്ടിപ്പിടിച്ച നിലയിലായിരുന്നു. സഫീറിന്റെ ഭാര്യ റജീനയും മക്കളായ അൽത്താഫും അൻഷാദും വൈരമലയിലുള്ള സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5-മണിയോടെയാണ് സഫീർ ഇവിടെനിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. രാത്രി 9-മണിയായിട്ടും കുട്ടികളെ തിരികെ കൊണ്ടുചെന്നില്ല. തുടർന്ന് റജീന സഫീറിന്റെ സഹോദരൻ മുഹമ്മദ് തൻസീറിനെ ഫോണിൽ വിളിച്ചു. തൻസീർ വിളിച്ചപ്പോൾ കുട്ടികളുമൊത്ത് വർക്കല കടൽത്തീരത്തുപോയിരുന്നുവെന്നും മക്കൾ സന്തോഷത്തിലാണെന്നും ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നുവെന്നും പറഞ്ഞു. ഈ വിവരം തൻസീർ റജീനയെ അറിയിക്കുകയും ചെയ്തു. സഫീർ കുട്ടികളെ ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുപോകാറുള്ളതിനാൽ അതിൽ അസ്വാഭാവികതയൊന്നും ബന്ധുക്കൾ കണ്ടില്ല. കുട്ടികളെ തിരികെ ഭാര്യാസഹോദരന്റെ വീട്ടിലാക്കാതെ സഫീർ താൻ താമസിക്കുന്ന നൈനാംകോണത്തെ തോട്ടിൻകര വീട്ടിലെത്തുകയായിരുന്നു. പാതിരാത്രിയിൽ മൂത്തകുട്ടിയെ കൊലപ്പെടുത്തിയശേഷം ഇളയവനെയുംകൊണ്ട് ഒരു കിലോമീറ്റർ അപ്പുറമുള്ള കുളത്തിലേക്ക് പോയി ചാടിയതാകാം. പുതുവർഷത്തിലെ ആദ്യ സായാഹ്നം മക്കളുമൊത്ത് അയാൾ ആഘോഷിക്കുകയായിരുന്നു. അച്ഛൻ പങ്കുവച്ച സ്നേഹത്തിനും പകർന്ന സന്തോഷത്തിനുമുള്ളിൽ ഒളിഞ്ഞിരുന്ന വലിയ ക്രൗര്യം ആ കുഞ്ഞുമനസ്സുകൾക്ക് തിരിച്ചറിയാനായില്ല. നാട്ടുകാർക്ക് പഞ്ചപാവം നാവായിക്കുളം: പട്ടാളം മുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് സഫീറിനെക്കുറിച്ച് ചോദിച്ചാൽ എല്ലാവരും പറയുന്നത് ഒറ്റ ഉത്തരം പഞ്ചപാവം. ദുശ്ശീലങ്ങളൊന്നുമില്ല. ആരോടും അധികമായി കൂട്ടുകൂടാറില്ല. കളിയാക്കിയാൽപ്പോലും ചിരിച്ചുകൊണ്ട് നിൽക്കുന്ന പ്രകൃതം. ഓട്ടോറിക്ഷയ്ക്ക് ഓട്ടം കുറയുമ്പോൾ മേശൻപണിക്ക് സഹായിയായും പോയിരുന്നു. പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലീസ് നാവായിക്കുളം: കുടുംബ ബന്ധത്തിലുണ്ടായ വിള്ളലുകളാണ് രണ്ടുമക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ഗൃഹനാഥനെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സാമ്പത്തികപ്രയാസങ്ങളോ കടബാധ്യതകളോ ഒന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. സഫീർ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നൈനാംകോണം വടക്കേവയലിലുള്ള തോട്ടിൻകരവീട്ടിലാണ് താമസിച്ചിരുന്നത്. സഫീർ ഭാര്യയെ നിരന്തരം ദേഹോപദ്രവമേല്പിച്ചിരുന്നതായി റജീനയുടെ ബന്ധുക്കൾ പറയുന്നു. മൂന്ന്മാസം മുമ്പ് റജീനയുടെ സഹോദരൻ നാവായിക്കുളം ഡീസന്റ്മുക്ക് വൈരമലയിൽ പുതിയ വീട് വച്ചു. ഗൃഹപ്രവേശനച്ചടങ്ങിന് എല്ലാവരും പോയിരുന്നു. എന്നാൽ, റജീന പിന്നീട് മടങ്ങിവന്നില്ല. കുട്ടികളെയും അയച്ചിരുന്നില്ല. സഫീർ ഇടയ്ക്കിടെ വീട്ടിൽ വന്നുപോയിരുന്നു. രണ്ട് മാസമായി സഫീർ സ്ഥിരമായി വീട്ടിൽ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചിലപ്പോൾ കുട്ടികളെയും കൊണ്ടുവരും. എന്നാൽ, റജീന വന്നിരുന്നില്ല. കുടുംബത്തിനുള്ളിലുണ്ടായ വിഷയങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹപരിശോധന കഴിഞ്ഞ് ഡോക്ടറുടെ അഭിപ്രായംകൂടി ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് കല്ലമ്പലം ഇൻസ്പെക്ടർ ഐ.ഫറോസ് പറഞ്ഞു. ഒറ്റപ്പെട്ട ജീവിതം നാവായിക്കുളം: വയൽ നികത്തിയെടുത്ത ഭൂമിയിലാണ് മുഹമ്മദ് സഫീറിന്റെ വീട്. ഇതിനുസമീപത്തായി ഒരു വീടുകൂടിയുണ്ട്. തകരംകൊണ്ട് മറച്ചുണ്ടാക്കിയ ആ വീട്ടിൽ രാജേന്ദ്രനും ഭാര്യ ലീലയുമാണ് താമസിക്കുന്നത്. പിന്നെയുള്ള വീടുകളെല്ലാം കുറച്ചകലെയാണ്. സഫീറിന്റെ വീട് നിർമിച്ചിട്ട് പത്തു വർഷത്തോളമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു സഫീറിന്റേത്. അയൽക്കാരുമായൊന്നും വലിയ ബന്ധം സൂക്ഷിച്ചിരുന്നില്ല. രാത്രിയിൽ വീട്ടിലെത്തിയാൽ ടെലിവിഷൻ കണ്ടിരിക്കും. രാവിലെ എഴുന്നേറ്റ് പോകും. ഇതാണ് ശീലമെന്ന് അയൽവാസിയായ രാജേന്ദ്രൻ പറയുന്നു. വല്ലപ്പോഴും കണ്ടാൽ ഒന്നോ രണ്ടോ വാക്ക് മിണ്ടും. അതല്ലാതെ യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ലെന്ന് രാജേന്ദ്രൻ പറയുന്നു. Content Highlights:navayikulam murder and suicide
from mathrubhumi.latestnews.rssfeed https://ift.tt/3b2bu29
via IFTTT
0 അഭിപ്രായങ്ങള്‍