സർവകലാശാലകളിലെ മൂവായിരത്തോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാതെ ദിവസവേതനക്കാരായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. കഴിഞ്ഞദിവസം കോഴിക്കോട് സർവകലാശാലയിൽ 35 പേരെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. പത്തുവർഷം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവരുടെ കൂട്ടത്തിൽ സ്വന്തം ഡ്രൈവർ കൂടിയുള്ളതിനാൽ ചട്ടവിരുദ്ധ സ്ഥിരപ്പെടുത്തൽ വൈസ് ചാൻസലർ അംഗീകരിക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്.ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമിക്കാനും തീരുമാനമുണ്ട്. കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വരും സിൻഡിക്കേറ്റ് യോഗങ്ങളിൽ പരിഗണിക്കാനാണ് നീക്കം. കാലിക്കറ്റ് സർവകലാശാലയ്ക്ക് പിന്നാലെ കേരള സർവകലാശാലയിൽ ദിവസവേതനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ സിൻഡിക്കേറ്റിന് സമർപ്പിക്കാൻ വൈസ് ചാൻസലറുടെ പരിഗണനയിലാണ്. സംസ്കൃത സർവകലാശാലയിലും കൊച്ചി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും താത്‌കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ സർക്കാരാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾക്ക് പി.എസ്.സി.യെ ചുമതലപ്പെടുത്തിയത്. തുടർന്ന് അസിസ്റ്റൻറ്്‌, കംപ്യൂട്ടർ അസിസ്റ്റന്റ് നിയമനങ്ങൾക്കുള്ള സ്പെഷ്യൽ റൂൾ നടപ്പാക്കി പബ്ലിക് സർവീസ് കമ്മിഷൻ മുഖേന മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിച്ചു. അതുവരെ ജോലിചെയ്തിരുന്ന താത്‌കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തു. മൂന്നുമാസംമുമ്പ് ഇരുപത് അനധ്യാപക തസ്തികകൾക്കുള്ള സ്പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പി.എസ്.സി. ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. കാലിക്കറ്റ് സർവകലാശാല താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും മറ്റ് സർവകലാശാലകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി ഷാജഹാൻ എന്നിവർ അറിയിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3rOd51m
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍