ഒവൈസിയുടെ പാര്‍ട്ടി എംഎല്‍എമാര്‍ നിതീഷിനെ കണ്ടു; ജെഡിയുവില്‍ ചേരുമെന്ന് അഭ്യൂഹം

പട്ന: ബിഹാറിൽ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ ആകെയുള്ള അഞ്ച് എംഎൽഎമാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഇത് എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാക്കി. എംഎൽഎയും എ.ഐ.എം.ഐ.എമ്മിന്റെ സംസ്ഥാന അധ്യക്ഷനുമായ അഖ്തറുൽ ഇമാന്റെ നേതൃത്വത്തിലായിരുന്നു എംഎൽഎമാർ നിതീഷിനെ കണ്ടത്. മുഹമ്മദ് അസ്ഹർ അസ്ഫി, ഷാനവാസ് ആലം, സയീദ് റുകുനുദ്ദീൻ, അസ്ഹർ നയീമി എന്നീ എംഎൽഎമാരടങ്ങിയ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി. ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ വിജയ് ചൗധരിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയില്ല.ഒവൈസിയുടെ പാർട്ടിയിലെ 5 എംഎൽഎമാരും വിജയിച്ച സീമാഞ്ചലിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് തങ്ങൾ നിതീഷ് കുമാറിനെ കണ്ടതെന്ന് എഐഎംഐഎം നേതാവ് മുഹമ്മദ് ആദിൽ ഹസൻ അവകാശപ്പെട്ടു. ബിജെപിയുമായി കൈക്കോർത്ത് നിൽക്കുന്നിടത്തോളം കാലം നിതീഷുമായി തങ്ങൾക്ക് അടുക്കാനാവില്ല. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ നിതീഷുമായി കൈകോർക്കാൻ ഒവൈസി സന്നദ്ധനാണെന്നും ആദിൽ ഹസൻ കൂട്ടിച്ചേർത്തു. ബിഎസ്പിയുടെ ഏക എംഎൽഎ ജമാ ഖാൻ സ്വതന്ത്ര എംഎൽഎ സുമിത് സിങിനൊപ്പം കഴിഞ്ഞ ആഴ്ച ജെഡിയുവിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ എൽജെപി എംഎൽഎ രാജ് കുമാർ സിങ് കഴിഞ്ഞ ദിവസം നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് എംഎൽഎമാരും നീതിഷിനെ കണ്ടത്. കൂടിക്കാഴ്ചകൾ ബിഹാറിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/3pohVkt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍