കോഴിക്കോട്: കണ്ണുകളിൽ സന്തോഷം ഒളിപ്പിച്ച് മാസ്കിൽ ചെറുചിരിയുയർത്തി ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്കെത്തി. കുട്ടികളെ സ്വീകരിക്കാൻ കവാടത്തിൽ തെർമൽഗണ്ണും സാനിറ്റൈസർ കുപ്പിയുമായി അധ്യാപകർ കാത്തുനിന്നു. ശരീരഊഷ്മാവ് പരിശോധിച്ച് കൈകളിൽ സാനിറ്റൈസർ പുരട്ടി അവരെ ക്ലാസുകളിലേക്ക് ക്ഷണിച്ചു. പുതുവർഷത്തിൽ പുതിയൊരു അധ്യയനരീതിക്ക് തുടക്കം കുറിക്കാനാണ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷം അധ്യാപകരും വിദ്യാർഥികളും സ്കൂളുകളിലേക്കെത്തിയത്. മൊബൈൽ ഫോണിലൂടെയുള്ള പഠനത്തിനും സൗഹൃദത്തിനും വിടനൽകി അധ്യാപകരെയും കൂട്ടുകാരെയും നേരിൽക്കണ്ട സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. പരസ്പരം ആശ്ലേഷിക്കാനോ കൈകോർത്തു പിടിക്കാനോ സമ്മതിക്കാതെ ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അധ്യാപകർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. എസ്.എസ്.എൽ.സി., പ്ലസ്ടു വിദ്യാർഥികളാണ് വെള്ളിയാഴ്ച സ്കൂളിലേക്കെത്തിയത്. ക്ലാസ് മുറിയിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാണ് ഇരിപ്പിടം ക്രമീകരിച്ചത്. ഒരു ക്ലാസിൽ 15-ൽ താഴെ കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. കോവിഡ് മഹാമാരിയുടെ ഭീതിയിൽ എല്ലാ സുരക്ഷാ മുൻകരുതലോടും കൂടിയാണ് സ്കൂളിന്റെ പ്രവർത്തനമെന്ന് ഗവ. ഗണപത് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടി.എൻ. സുജയ പറഞ്ഞു. കോവിഡ് ബോധവത്കരണ പോസ്റ്ററുകൾ സ്കൂളിന്റെ എല്ലാ ഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ക്ലാസിലേക്ക് കയറിയാൽ പുറത്തിറങ്ങാൻ പാടില്ല. ഭക്ഷണം പങ്കിട്ടുകഴിക്കാനോ പഠനസാമഗ്രികൾ കൈമാറാനോ അനുവദിക്കില്ല. മാസ്ക് നിർബന്ധമായും ധരിക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തും. ടി.എൻ. സുജയ പറഞ്ഞു. രണ്ടു ഷിഫ്റ്റുകളിലായാണ് സ്കൂളുകളിൽ ക്ലാസ് നടന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് ഒരുമണി മുതൽ നാലുമണിവരെ രണ്ടാമത്തെ ഷിഫ്റ്റും. 95 ശതമാനത്തിലധികം കുട്ടികൾ ആദ്യദിനം ക്ലാസുകളിലേക്കെത്തിയതായാണ് കണക്ക്. സ്കൂളിൽ എത്തിയപ്പോഴാണ് ആശ്വാസമായത് ഓൺലൈൻ ക്ലാസിൽ ടീച്ചർമാർ പറയുന്നത് നെറ്റ് വർക്ക് പ്രശ്നം കാരണം പലപ്പോഴും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എല്ലാവരെയും കണ്ടപ്പോഴാണ് ആശ്വാസമായത്. ടീച്ചർമാരും കൂട്ടുകാരും കൂടെയുള്ളതുകൊണ്ട് പരീക്ഷയെ ഇനി ധൈര്യത്തോടെ നേരിടാം. കൂട്ടുകാരുമായി പഴയപോലെ അടുപ്പം കാണിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഇൻഷ ഇല്യാസ് , പത്താംക്ലാസ് വിദ്യാർഥിനി, ഗവ. ഗണപത് ഗേൾസ് എച്ച്.എസ്.എസ്. സംശയങ്ങൾ തീർക്കാനുള്ള അവസരമായി പരീക്ഷയ്ക്ക് കുറച്ചുദിവസങ്ങൾ മാത്രമാണുള്ളത്. ഇതുവരെ ലഭിച്ച ക്ലാസുകളിലെ സംശയങ്ങൾ തീർക്കാൻ ഇപ്പോൾ അവസരം കിട്ടിയത് പഠനത്തിൽ ഗുണം ചെയ്യും. മുന്നോട്ട് എങ്ങനെ പഠിക്കണമെന്നാണ് ആദ്യദിനം പറഞ്ഞു തന്നത്. ലാബ് സൗകര്യവും ഇതോടൊപ്പം ലഭിക്കുമെന്നത് ആശ്വാസമാണ് എൻ. അനഘ പ്ലസ്ടു വിദ്യാർഥിനി, വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ, പാലേരി Content Highlights: School reopening after covid pandemic, experience of students
from mathrubhumi.latestnews.rssfeed https://ift.tt/3n8zAdQ
via IFTTT
0 അഭിപ്രായങ്ങള്‍