ഇതരജാതിയില്‍പ്പെട്ട യുവതിയുമായി വിവാഹം; 23-കാരനെ ഭാര്യയുടെ സഹോദരന്മാര്‍ കുത്തിക്കൊന്നു

ന്യൂഡൽഹി: ഇതരജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് 23-കാരനെ കുത്തിക്കൊന്നു. ഹരിയാണയിലെ പാനിപത്ത് സ്വദേശി നീരജിനെയാണ് ഭാര്യ കോമളിന്റെ സഹോദരന്മാർ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വ്യത്യസ്ത ജാതിയിൽപ്പെട്ട നീരജും കോമളും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. എന്നാൽ നീരജുമായുള്ള ബന്ധത്തിൽ കോമളിന്റെ പിതാവും സഹോദരങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു. ഇവർ ദമ്പതിമാരെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നീരജിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പാനിപത്തിലെ ചന്തയിൽവെച്ചാണ് കോമളിന്റെ രണ്ട് സഹോദരന്മാർ ചേർന്ന് യുവാവിനെ കുത്തിക്കൊന്നത്. ചിലകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇരുവരും നീരജിനെ ചന്തയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ആക്രമിച്ച പ്രതികൾ നിരവധി തവണ ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ഇവർ ഓടിരക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നീരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതിനിടെ, പോലീസിന്റെ വീഴ്ചയാണ് നീരജിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് സഹോദരൻ ജഗദീഷ് ആരോപിച്ചു. പലതവണ ഭീഷണിയുണ്ടായപ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതൊന്നും പോലീസ് പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവദിവസം കോമളിനെ ഫോണിൽ വിളിച്ച സഹോദരന്മാർ നീ വൈകാതെ കരയുമെന്നാണ് പറഞ്ഞത്. നീരജിന്റെ കൊലപാതകത്തിന് ശേഷം കൂടുതൽപേരുടെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരൻ ആരോപിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. Content Highlights:honour killing in haryana 23 year old stabbed to death

from mathrubhumi.latestnews.rssfeed https://ift.tt/3nb4OB4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍