മാനസികവളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാനാകില്ല, ഉത്രയെ കൊന്നു;സൂരജ് പറഞ്ഞത് വ്യക്തമാക്കി സാക്ഷി

കൊല്ലം : മാനസികവളർച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതുകൊണ്ട് താൻതന്നെ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പറഞ്ഞതായി പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിന്റെ സാക്ഷിമൊഴി. ഉത്രവധക്കേസിൽ മാപ്പുസാക്ഷിയായ സുരേഷ് കൊല്ലം ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്രയെ വകവരുത്താനായി ബോധപൂർവമായ ശ്രമമാണ് സൂരജിൽനിന്നുണ്ടായതെന്നും ഇതിനായാണ് തന്നെ പരിചയപ്പെട്ടതെന്നും തനിക്ക് ഈ കാര്യങ്ങൾ അറിവില്ലായിരുന്നെന്നും സുരേഷ് പറഞ്ഞു. 2020 ഫെബ്രുവരി 12-നാണ് സൂരജ് തന്നെ ആദ്യമായി വിളിച്ചു പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരിൽ നേരിട്ടുകണ്ടു. വീട്ടിൽ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26-ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടിൽ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി. വീട്ടുപരിസരത്തും പാമ്പുകളുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസേന കൈകാര്യംചെയ്തു. മാർച്ച് 21-ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാൻ ഒരു മൂർഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാൽ താൻ 7,000 രൂപ വാങ്ങി മൂർഖനെ കൊടുത്തു. അതിനുശേഷം പ്രതി ബന്ധപ്പെട്ടിട്ടില്ല. ഉത്രയുടെ മരണവാർത്ത പത്രത്തിൽ വായിച്ചാണ് അറിഞ്ഞത്. തുടർന്ന് സൂരജിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് മറ്റൊരു നമ്പറിൽനിന്ന് സൂരജ് വിളിച്ച് ഭാര്യ മരിച്ചവിവരം പറഞ്ഞു. എന്തിനാണ് മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് തിരിച്ചുചോദിച്ചപ്പോഴാണ് സൂരജ് കുറ്റംസമ്മതിച്ചത്. ഇക്കാര്യം ആരോടും പറയരുതെന്നും ഇതൊരു സർപ്പദോഷമായി എല്ലാവരും കരുതുമെന്നും സൂരജ് പറഞ്ഞു. സൂരജ് കുടുങ്ങിയാൽ താനും കേസിൽ പ്രതിയാകുമെന്നും പറഞ്ഞു. ഈ വിവരം പോലീസിനെ അറിയിക്കാമെന്ന് മകൾ പറഞ്ഞിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ അതിനുകഴിഞ്ഞില്ല. പിന്നീടാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്. മൂർഖനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. കോടതിയിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നൽകിയ മൊഴികളും വിവരിച്ചു. സാക്ഷിയുടെ വിസ്താരം ബുധനാഴ്ച തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, അഭിഭാഷകരായ കെ.ഗോപിഷ് കുമാർ, സി.എസ്.സുനിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ അജിത്പ്രഭാവ്, എ.അശോക് കുമാർ, ജിത്തു എസ്.നായർ, ബ്രിജേന്ദ്രലാൽ എന്നിവരും ഹാജരായി. Content Highlights:uthra murder case trial witness suresh given statement against sooraj

from mathrubhumi.latestnews.rssfeed https://ift.tt/3lvmqaf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍