ഒട്ടാവ: ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്തമാക്കി. കർഷക പ്രതിഷേധം സംബന്ധിച്ച്ട്രൂഡോമുമ്പ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിക്കാൻ കനേഡിയൻ ഹൈക്കമ്മീഷ്ണറെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ട്രൂഡോ നിലപാട് വീണ്ടും വ്യക്തമാക്കിയത്. കനേഡിയൻ നേതാക്കളുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ട്രൂഡോ നിലപാട് ആവർത്തിച്ചത്. അതേസമയം കഴിഞ്ഞ പത്ത് ദിവസമായി ഡൽഹിയിൽ തുടരുന്ന കർഷക സമരം പരിഹരിക്കാൻ നരേന്ദ്ര മോദി സർക്കാർ കർഷക സംഘടനകളുമായി നടത്തുന്ന ചർച്ചകളെ ട്രൂഡോ സ്വാഗതം ചെയ്തു. കർഷക സമരം സംബന്ധിച്ച വിഷയത്തിൽ കനേഡിയൻ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും നടത്തിയ പരാമർശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്ന് വെള്ളിയാഴ്ച കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. കർഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു. ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ ആദ്യം നടത്തിയ പരാമർശം. ഇന്ത്യയിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ടെന്നും നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയും അനാവശ്യവുമായ പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. content highlights:Trudeau Sticks to Support for Farmers Stir Despite Indias Summons to Canadian High Commissioner
from mathrubhumi.latestnews.rssfeed https://ift.tt/2JvKWLw
via IFTTT
0 അഭിപ്രായങ്ങള്‍