പുതിയ എൻ.ഡി.എ. വിരുദ്ധ മുന്നണിക്ക് നീക്കവുമായി ശിരോമണി അകാലിദൾ

ന്യൂഡൽഹി: കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.എ.വിരുദ്ധ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയ്ക്ക്്ശിരോമണി അകാലിദളിന്റെ (എസ്.എ.ഡി.) നീക്കം. കാർഷികനിയമങ്ങളിൽ പ്രതിഷേധിച്ച്് സഖ്യംവിട്ട എസ്.എ.ഡി. പ്രാദേശിക പാർട്ടി നേതാക്കളുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ദേശീയതലത്തിൽ പ്രതിപക്ഷം ദുർബലമാണെന്നും അതിനാൽ പ്രാദേശികപാർട്ടികളുടെ കൂട്ടായ്മ രൂപപ്പെടണമെന്നുമാണ് ചർച്ചയിൽ നേതാക്കൾ പറഞ്ഞത്. എൻ.സി.പി. നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ എന്നിവരുമായി എസ്.എ.ഡി.യുടെ പ്രതിനിധിസംഘം കഴിഞ്ഞദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തി. ശിരോമണി അകാലിദൾ എം.പി. പ്രേം സിങ് ഛണ്ഡുമജ്രയുടെ നേതൃത്വത്തിൽ പാർട്ടിനേതാക്കൾ മുംബൈയിലെത്തിയാണ് ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവരുമായി ചർച്ച നടത്തിയത്. കൊൽക്കത്തയിലെത്തി മമതാ ബാനർജിയുമായും ചർച്ച നടത്തി. അടുത്തയാഴ്ച സംഘം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തും. ബിജു ജനതാദൾ നേതാക്കളുമായും ചർച്ച നടത്തിയിട്ടുണ്ട്. “എൻ.ഡി.എ. സർക്കാരിന്റെ ഏകാധിപത്യപരമായ പ്രവർത്തനങ്ങൾക്കെതിരേ ഒരുമിക്കണമെന്ന് പ്രാദേശികപാർട്ടികൾക്ക് ആഗ്രഹമുണ്ട്. രാജ്യത്തിന്റെ ഫെഡറൽ ഘടന സംരക്ഷിക്കാൻ ഇത് അനിവാര്യമാണ്. നിലവിൽ ദേശീയതലത്തിൽ ശക്തമായ പ്രതിപക്ഷമില്ല. അതിനാൽ പ്രാദേശികപാർട്ടികളുടെ കൂട്ടായ്മ ഉയർത്തി ചെറുക്കണം” -കൂടിക്കാഴ്ചകൾക്കുശേഷം ഛണ്ഡുമജ്ര പറഞ്ഞു. കാർഷിക നിയമങ്ങളെ എതിർത്ത് പാർലമെന്റിന്റെ വർഷകാല സമ്മേളന കാലത്താണ് എൻ.ഡി.എ. സഖ്യത്തിൽനിന്ന് എസ്.എ.ഡി. പിണങ്ങിയിറങ്ങിയത്. കർഷകസമരത്തെ പിന്തുണച്ച് മുതിർന്ന എസ്.എ.ഡി. നേതാവ് പ്രകാശ് സിങ് ബാദൽ പദ്മവിഭൂഷൺ ബഹുമതി തിരിച്ചുനൽകിയിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/37yXRnC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍