കാസര്‍കോട് ഈസ്റ്റ് എളേരിയൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആര്‍എംപി വിപ്പ്; ചെയ്യില്ലെന്ന് അംഗങ്ങള്‍

കാസർകോട്: ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽയുഡിഎഫിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആർഎംപിയുടെ വിപ്പ്. ആർഎംപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി എൻ.വേണു ഇതു സംബന്ധിച്ച് പത്ര പരസ്യവും നൽകി. ആർഎംപിയുടെ ഔദ്യോഗിക ചിഹ്നമായ ഫുട്ബോൾ ചിഹ്നത്തിൽ മത്സരിച്ച ഡിഡിഎഫിന്റെ നാല് അംഗങ്ങളോടാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് അഞ്ചുവർഷം മുമ്പാണ് ഡിഡിഎഫ് എന്ന പേരിൽ സ്വതന്ത്ര മുന്നണി രൂപീകരിച്ചത്. 2015-ൽ ഈ മുന്നണി അധികാരവും പിടിച്ചു. 16 വാർഡുകളുള്ള പഞ്ചായത്തിൽ ഇത്തവണ ഡിഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകൾ ലഭിച്ചു. രണ്ടു സീറ്റുകൾ എൽഡിഎഫിനും ലഭിച്ചു. എൽഡിഎഫിന്റെ സഹായത്തോടെ ഡിഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണിപ്പോൾ തങ്ങളുടെ ചിഹ്നത്തിൽ മത്സരിച്ചവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പത്ര പരസ്യം നൽകിയിരിക്കുന്നത്. അംഗങ്ങളുടെ വീടുകൾക്ക് മുന്നിൽ ആർഎംപിയുടെ നോട്ടീസും പതിച്ചിട്ടുണ്ട്. ഡിഡിഎഫ് നേതൃത്വവും ആർഎപിയും തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണയിലാണ് പഞ്ചായത്തിൽ ഡിഡിഎഫിന് ഫുട്ബോൾ ചിഹ്നം അനുവദിച്ച് നൽകിയത്. വിപ്പ് ലംഘിച്ചാൽ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് ആർഎംപി പത്രപരസ്യമടക്കം നൽകിയിരിക്കുന്നത്. ഫുട്ബോൾ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച നാല് അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പരസ്യം നൽകിയിട്ടുള്ളത്. എന്നാൽ ഈ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നാണ് ഡിഡിഎഫ് നേതൃത്വം ഇപ്പോൾ കൈകൊണ്ടിരിക്കുന്ന നിലപാട്. ആർഎംപി നൽകിയിരിക്കുന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടില്ലെന്നും നിയമ നടപടികൾ വന്നാൽ നേരിടാമെന്നുമാണ് ഡിഡിഎഫ് അറിയിച്ചിരിക്കുന്നത്. 2015 തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിൽ ഡിഡിഎഫ് എന്ന മുന്നണി രൂപീകരിച്ചത്. അന്ന് 16-ൽ 10 സീറ്റുകളും സ്വന്തമാക്കിയാണ് ഡിഡിഎഫ് അധികാരത്തിലേറിയത്. ഇത്തവണ പൊതു ചിഹ്നം ലഭിക്കുന്നതിനായിട്ടാണ് ഡിഡിഎഫ് നേതൃത്വം ആർഎംപിയെ സമീപിച്ച് ഫുട്ബോൾ സ്വന്തമാക്കിയത്. ഉമ്മൻചാണ്ടിയേയും രാജ്മോഹൻ ഉണ്ണിത്താനേയും അടക്കം രംഗത്തിറക്കിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം.

from mathrubhumi.latestnews.rssfeed https://ift.tt/3n3dVUl
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍