ഭോപ്പാൽ: 1984-ഭോപ്പാൽവിഷവാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 102 പേർ കോവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സർക്കാർ അറിയിച്ചു. എന്നാൽ മധ്യപ്രദേശ് സർക്കാരിന്റെ കണക്ക് തെറ്റാണെന്നും ഇത്തരത്തിൽ 254 പേർ മരണത്തിന് കീഴടങ്ങിയതായി സന്നദ്ധ സംഘടനകൾ അവകാശപ്പെട്ടു. ഭോപ്പാൽ വാതക ദുരന്തത്തിന്റെ 36-ാം വാർഷികത്തിന്റെ തലേദിവസമായ ബുധനാഴ്ചയാണ് വ്യത്യസ്ത മരണ കണക്കുകൾ പുറത്ത് വിട്ടത്. 1984-ഡിസംബറിൽ 2-3 രാത്രികളിലായി നടന്ന വാതക ദുരന്തത്തിൽ 15,000 ത്തോളം പേരുടെ ജീവനാണ് അപഹരിച്ചത്. അഞ്ചുലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിരുന്നു. ഡിസംബർ രണ്ടുവരെ കോവിഡ് -19 ബാധിച്ച് ഭോപ്പാൽ ജില്ലയിൽ 518 പേർ മരിച്ചു. ഇവരിൽ 102 പേർ ഭോപ്പാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ്. ഈ 102 പേരിൽ 69 പേർ 50 വയസ്സിന് മുകളിലുള്ളവരാണ്. ബാക്കി 33 പേർ 50 വയസ്സിന് താഴെയുള്ളവരാണ്. ഭോപ്പാൽ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷൻ ഡയറക്ടർ ബസന്ത് കുറെ പറഞ്ഞു. എന്നാൽ ബി.ജി.ഐ.എ എന്ന സന്നദ്ധ സംഘടന പറയുന്നത് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 518 പേരാണ് ഭോപ്പാൽ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 450 ആളുകളുടെ വീടുകളിൽ തങ്ങൾ സന്ദർശനം നടത്തി. ഇതിൽ 254 പേരും ഭോപ്പാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ്. ഭോപ്പാൽ വാതക ദുരന്ത ബാധിതരെ ചികിത്സിക്കുന്നതിനായി ഏർപ്പാടാക്കിയ സ്മാർട്ട് കാർഡ് ഇവരുടെ കൈവശമുണ്ട്. ദുരന്ത നഷ്ടപരിഹാരത്തിന്റെ രേഖകളടക്കം ഇവരുടെ പക്കലുണ്ടെന്നും എൻജിഒ അവകാശപ്പെട്ടു. ഈ രേഖകൾ തങ്ങൾ സർക്കാരിന് സമർപ്പിക്കും. കൊറോണ വൈറസ് മൂലം മരിച്ച ദുരന്ത ബാധിതരുടെ നിരക്ക് 6.5 ശതമാനമാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് രോഗബാധിതരെ അപേക്ഷിച്ച് കൂടുതലാണെന്നും എൻജിഒ പ്രതിനിധിയായ രചന ദിംഗര പറഞ്ഞു. 1984 ലെ വാതക ചോർച്ച സംഭവത്തിൽ ഇതുവരെ 20,000 പേർ കൊല്ലപ്പെട്ടതായും 5.68 ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായും ദിംഗര അവകാശപ്പെട്ടു. ഭോപ്പാൽ ദുരന്ത ബാധിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നാലോളം സംഘടനകളുടെ ഗ്രൂപ്പാണ് ബി.ജി.ഐ.എ.
from mathrubhumi.latestnews.rssfeed https://ift.tt/3g5Ra0u
via IFTTT
0 അഭിപ്രായങ്ങള്‍