എതിർപ്പ് രാഷ്ട്രീയമായി നിലനിർത്തും; അന്വേഷണ ഏജൻസികൾക്ക് സർക്കാർ രേഖകൾ കൈമാറും

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ അതിരുവിടുന്നുവെന്നും തിരക്കഥയനുസരിച്ച് നീങ്ങുന്നുവെന്നുമുള്ള ശക്തമായ വിമർശനം ഉയർത്തുക വഴി അന്വേഷണത്തിന് നൽകിയിരുന്ന നല്ല സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിൻവലിച്ചു. നേരത്തേ തന്നെ എൽ.ഡി.എഫ്. അന്വേഷണത്തിലെ രാഷ്ട്രീയം ചൂണ്ടികാണിച്ച് പ്രതിരോധം തീർത്തിരുന്നു. അന്ന് അകലം പാലിച്ച സർക്കാർ ഇപ്പോൾ അന്വേഷണത്തിന്റെ രാഷ്ട്രീയത്തിൽ സമതലത്തിൽ എത്തി. അതേസമയം, അന്വേഷണവുമായി തുടർന്നും സഹകരിക്കാനാണ് സർക്കാർ തീരുമാനം. കള്ളപ്പണ അന്വേഷണത്തിന്റെ ഭാഗമായി സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ഫയലുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം സംബന്ധിച്ച അന്വേഷണം പദ്ധതി നിർവഹണം തടസ്സപ്പെടുത്താനുള്ള അധികാരമല്ലെന്ന് ചൂണ്ടികാട്ടുമ്പോഴും അന്വേഷണത്തിന്റെ വഴിമുടക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ചോദിച്ച ഫയലുകൾ സംസ്ഥാന സർക്കാർ ലഭ്യമാക്കും.കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് നടത്തുന്നതിനോട് സംസ്ഥാന സർക്കാരിന് എതിർപ്പില്ല. എന്നാൽ സ്വർണ കള്ളക്കടത്തിൽ തുടങ്ങിയ അന്വേഷണം ലൈഫ് പദ്ധതി, കെ-ഫോൺ, ഇ-മൊബിലിറ്റി തുടങ്ങിയ സർക്കാർ പദ്ധതികളിലേക്ക് നീങ്ങുന്നതിന്റെ ലക്ഷ്യം വേറെയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ലൈഫിൽ സി.ബി.ഐ. അന്വേഷണത്തിന് ലഭിച്ച സ്റ്റേയും ഈ നിലപാട് സ്വീകരിക്കുന്നതിന് പ്രേരണയായി.സർക്കാരിന്റെ പദ്ധതികളും സ്വർണക്കടത്ത് കേസിലെ പ്രതികളും തമ്മിൽ വലിയ ബന്ധവും പണമിടപാടുകളും നിലനിൽക്കുന്നതാണ് കേന്ദ്ര ഏജൻസികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. സ്വപ്നാ സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ച ഏജൻസിയാണ് മറ്റ് പദ്ധതികളുടെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്. ലൈഫിൽ ഈ ബന്ധം കൈക്കൂലിയിലേക്കെത്തിയതിന്റെ തെളിവുകളും പുറത്തുവന്നു. ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന കേന്ദ്രബിന്ദുവായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നിലകൊള്ളുന്നു. ഈ കൂട്ടുകെട്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് അടിസ്ഥാനം. സംസ്ഥാന സർക്കാരിന്റെ വിമർശനംകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയില്ല. തിരഞ്ഞെടുത്ത മൊഴികൾമാത്രം പുറത്തുവരുന്നുവെന്ന വിമർശനവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/34W4jVP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍