തൃശ്ശൂർ: സാമ്പത്തിക സംവരണത്തെച്ചൊല്ലി സി.പി.ഐ. സംസ്ഥാന ഘടകത്തിനുള്ളിലെ ഭിന്നിപ്പിൽ കേന്ദ്രഘടകം ഇടപെടുന്നു. സാമ്പത്തിക സംവരണത്തിന് എതിരായി ഒരുവിഭാഗം സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിട്ടതും തുടർന്ന് വിശദീകരണം ചോദിച്ചതുമാണ് കേന്ദ്ര ഘടകത്തിന്റെ ഇടപെടലിലേക്ക് നയിച്ചത്. പാർട്ടി സംസ്ഥാന ഘടകത്തിലെ 71 അംഗങ്ങളിൽ നിന്നാണ് വിശദീകരണം തേടിയത്. അതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പ് പിൻവലിക്കാനും നിർദേശിച്ചിരുന്നു. ഈ നടപടി പാർട്ടിയുടെ കേന്ദ്ര ഘടകത്തിന്റെ ശ്രദ്ധയിൽ എത്തിയതോടെയാണ് കുറിപ്പ് ഇട്ടവരുടെ നിലപാട് ആരാഞ്ഞത്. കേന്ദ്രഘടകത്തിലെ അംഗമാണ് ഇവരെ സമീപിച്ചത്.പാർട്ടി കേന്ദ്രഘടകത്തിന്റെ നിലപാടിന് വിരുദ്ധമായ നടപടിയാണ് സംവരണ കാര്യത്തിൽ സംസ്ഥാന ഘടകം സ്വീകരിച്ചത് എന്നായിരുന്നു മിക്കവരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. അതിരപ്പിള്ളി വൈദ്യുത പദ്ധതിയുടെ കാര്യത്തിലൊഴികെ എല്ലാ കാര്യങ്ങളിലും സി.പി.എമ്മിന് അനുകൂല നിലപാടാണ് കേരള ഘടകം സ്വീകരിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. സാമ്പത്തിക സംവരണത്തിൽ സംസ്ഥാന ഘടകത്തിന്റെ നിലപാടിനോട് വിയോജിക്കുന്നവരോട് വിശദീകരണം തേടാൻ ജില്ലാ സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.സംവരണ നയത്തിനെതിരേ പ്രതിഷേധക്കുറിപ്പുകൾ ഇട്ടവരോട് അതത് ഘടകങ്ങൾ വഴിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം നൽകേണ്ടി വന്നവർ ഇക്കാര്യം കേന്ദ്ര ഘടകത്തെ അറിയിക്കുകയായിരുന്നു. അതോടെയാണ് കേന്ദ്രം ഇവരുടെ നിലപാട് തേടിയത്.പാർട്ടിയുടെ നയരേഖയ്ക്കും 2019-ൽ ഡി. രാജ പാർലമെൻറിൽ നടത്തിയ പ്രസംഗത്തിനും കടകവിരുദ്ധമാണ് സംസ്ഥാനത്തിന്റെ നിലപാട് എന്നാണ് സംവരണത്തെ എതിർക്കുന്ന വിഭാഗം മറുപടി നൽകിയത്. മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന സംസ്ഥാന നേതാക്കന്മാരുടെ നിലപാടിനും സ്വകാര്യ രംഗത്തും സംവരണം നടപ്പാക്കണമെന്ന പാർട്ടി നയരേഖയ്ക്കും എതിരാണ് സംസ്ഥാന നേതാക്കൾ ഇപ്പോൾ സ്വീകരിച്ച നിലപാട് എന്നാണ് വിമർശം. കേന്ദ്രത്തിന് നൽകിയ മറുപടിയിൽ മിക്ക അംഗങ്ങളും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.പാർട്ടി സംസ്ഥാനഘടകം മുന്നാക്ക സമുദായത്തിന്റെ പിടിയിലാണെന്നും ഈ വിഭാഗം അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ ഉള്ളവരുടെ സമുദായം പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും സാമ്പത്തിക സംവരണത്തോട് വിയോജിപ്പുള്ളവർ നൽകിയ മറുപടിയിൽ ഉണ്ട്. ശക്തമായി പ്രതികരിക്കേണ്ട സംഭവവികാസങ്ങൾ ഈയിടെ ഉണ്ടായിട്ടും പാർട്ടി സംസ്ഥാന നേതാക്കൾ മൗനംപാലിച്ചത് എന്തുകൊണ്ടെന്ന കാര്യവും കേന്ദ്രത്തിന് നൽകിയ കത്തിൽ മിക്കവരും സൂചിപ്പിച്ചിട്ടുണ്ട്.പാർട്ടി അനുഭാവികളും യുവജന സംഘടനാ പ്രവർത്തകരും സാമ്പത്തിക സംവരണ വിരുദ്ധ കാമ്പയിൻ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ കാര്യവും സൂചിപ്പിക്കുന്നുണ്ട്. ഇവരുടെ കാമ്പയിനും പ്രൊഫൈലും സാമൂഹിക മാധ്യമങ്ങളിൽനിന്ന് ഒഴിവാക്കാൻ വാക്കാൽ ആവശ്യപ്പെട്ടിട്ടും ആരും തയ്യാറാകാതിരുന്ന കാര്യവും പറഞ്ഞിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/34TZ2xQ
via IFTTT
0 അഭിപ്രായങ്ങള്‍