സിസ്റ്റർ അഭയ കൊലക്കേസ്: തൊണ്ടിമുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്ന് സി.ബി.ഐ.

സിസ്റ്റർ അഭയ| Photo: Mathrubhumi തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ സുപ്രധാന തൊണ്ടിമുതലുകൾ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവൽ എന്ന് സി.ബി.ഐ. ഡിവൈ.എസ്.പി. ദേവരാജൻ. ഇദ്ദേഹമാണ് ഹൈക്കോടതി നിർദേശപ്രകാരം കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആർ.ഡി.ഒ. കോടതിയിൽനിന്ന് അന്വേഷണത്തിന്റെ ഭാഗമായി കെ.സാമുവൽ അഭയയുടെ വസ്ത്രങ്ങൾ, ശിരോവസ്ത്രം, ചെരുപ്പ് എന്നിവ ഉൾപ്പെടുന്ന തൊണ്ടിമുതലുകൾ അന്വേഷണത്തിന്റെ ഭാഗമായി മടക്കിവാങ്ങിയിരുന്നുവെന്ന് 2014-ൽ നടത്തിയ തുടരന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അഭയയുടെ സ്വകാര്യ ഡയറി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, 1993 മാർച്ചിൽ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു മുൻപ് ഡയറി മാത്രം കോടതിയിൽ ക്രൈംബ്രാഞ്ച് തിരികെ ഏൽപ്പിച്ചു. ആർ.ഡി.ഒ.യുടെ നിർദേശപ്രകാരം ഓഫീസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഉദ്യോഗസ്ഥർ ഡയറി കത്തിച്ചുകളഞ്ഞതായി ദേവരാജൻ കോടതിയെ അറിയിച്ചു. ഓഫീസ് വൃത്തിയാക്കൽ നടന്നത് 1993 ജൂണിലാണ്. കേസ് ഏറ്റെടുത്തപ്പോൾ അന്നത്തെ സി.ബി.ഐ. ഡിവൈ.എസ്.പി. വർഗീസ് പി.തോമസ് ഹംസ വധക്കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്നു. ഹംസ വധക്കേസ് വിചാരണക്കോടതിയിൽ നടക്കുന്നതിനിടെ, തിരക്കു കാരണം അഭയ കേസിലെ തൊണ്ടിമുതലുകൾ അന്വേഷണത്തിന് ആവശ്യമാണെന്നു കാണിച്ച് ആർ.ഡി.ഒ. കോടതിയിൽ ഹർജി നൽകാൻ വർഗീസ് പി.തോമസിനു കഴിഞ്ഞിരുന്നില്ലെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ദേവരാജൻ മറുപടി നൽകി. ആദ്യമേ അപേക്ഷ നൽകിയിരുന്നെങ്കിൽ ഡയറി സംരക്ഷിക്കാൻ കഴിയുമായിരുന്നെന്നും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ ദേവരാജൻ മൊഴിനൽകി. ഹൈക്കോടതി തുടരന്വേഷണം ഏൽപ്പിച്ചപ്പോൾത്തന്നെ നിലവിലെ കുറ്റപത്രത്തിലെ കാര്യങ്ങൾ അന്വേഷിക്കരുതെന്നും തൊണ്ടിമുതലുകൾ നശിപ്പിക്കപ്പെട്ട കാര്യത്തിനപ്പുറത്തേക്ക് അന്വേഷണം പോകരുതെന്നും കർശന നിർദേശം നൽകിയിരുന്നതായി ദേവരാജൻ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ.സനിൽ കുമാർ മുമ്പാകെ മൊഴി നൽകി. സി.ബി.ഐ.ക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.നവാസ് ഹാജരായി. content highlights: cbi on sister abhaya murder case

from mathrubhumi.latestnews.rssfeed https://ift.tt/3k06XON
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍