തിരുവനന്തപുരം: കഴിഞ്ഞ ദിവസം വരെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത കേന്ദ്ര ഏജൻസികൾ പിണറായിക്ക് ഇപ്പോഴെന്തേ കൊള്ളരുതാത്തവരായി മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ മകനെ ഇ.ഡി.ചോദ്യം ചെയ്യുമ്പോൾ പിണറായിക്ക് രോഷമുണ്ടാകുക സ്വാഭാവികമാണ്. പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്ത് വരുമ്പോൾ അദ്ദേഹത്തിന്റെ അസ്വസ്ഥത സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു. വിവിധ പദ്ധകളിലൂടെ ശിവശങ്കർ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പരിഭ്രാന്താനാകുന്നത്. ഇത് ജനാധിപത്യത്തിൽ ഒരിക്കലും അംഗീകരിക്കാനാകില്ല. പാർലമെന്ററി ജനാധിപത്യത്തിൽ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ വഴിവിട്ട് പോകുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. എന്നാലിവിടെ വഴിവിട്ട് പോകുകയല്ല ചെയ്തത്. അവർ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെയാണ് തമസ്കരിക്കുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങൾ ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന് ധിക്കാരപരമായ സമീപനമാണ് കേരളത്തിലെ സർക്കാരിന്റേത്. അതിന്റെ ഭാഗമാണ് അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണമുന്നയിക്കുന്നത്. എന്തിനാണ് പിണറായി അന്വേഷണ ഏജൻസികളെ ക്ഷണിച്ചുകൊണ്ടു വന്നത്. ശിവശങ്കറിനെ വിജിലൻസ് പ്രതിയാക്കിയത് സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗം മാത്രമാണ്. അതൊരു കബളിപ്പിക്കലാണ്. അത് ജനങ്ങൾക്ക് ബോധ്യപ്പെടും. ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ ലൈഫ്മിഷൻ പദ്ധതി ചെയർമാൻ മുഖ്യമന്ത്രി ഒന്നാം പ്രതിയാകണം. മോദിയുടേയും അമിത് ഷായുടേയും പേരുകൾ മുഖ്യമന്ത്രിയായതിന് ശേഷം പിണറായി പറഞ്ഞിട്ടില്ല. പിണറായിക്ക് ഭയമാണ് ഇരുവരേയും. കേരളത്തിൽ ഏറ്റവും കൂടുതൽ ബിജെപിയുടെ സഹായം ലഭിച്ചിട്ടുള്ളത് പിണറായി വിജനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/32oHxEz
via IFTTT
0 അഭിപ്രായങ്ങള്‍