സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാൻ ധനവകുപ്പ് തുടങ്ങിയ ശ്രമം ഒരുവർഷമായിട്ടും എങ്ങുമെത്തിയില്ല. സർക്കാർ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ വീൽസ് (വെഹിക്കിൾ മാനേജ്മെന്റ് ആൻഡ് ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം) എന്ന സോഫ്റ്റ്വേറിന് രൂപം നൽകിയെങ്കിലും അതിൽ ഉദ്യോഗസ്ഥർ പൂർണമായും വിവരങ്ങൾ ചേർത്തിട്ടില്ല. വീണ്ടും സമയംനൽകി കാത്തിരിക്കുകയാണ് ധനവകുപ്പിന്റെ ഐ.ടി.വിഭാഗം. സർക്കാർ വകുപ്പുകൾക്ക് എത്ര വാഹനങ്ങളുണ്ടെന്നതിന് ഒരിടത്തും കണക്കുകളില്ല. വർഷംതോറും അവയ്ക്കായി എത്ര ചെലവ് വരുമെന്ന് കണക്കാക്കി ബജറ്റിൽ യാഥാർഥ്യബോധത്തോടെ പണം വകയിരുത്താനാണ് ധനവകുപ്പ് വാഹനവിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്. 2019 നവംബറിൽ വീൽസ് സോഫ്റ്റ്വേർ ഏർപ്പെടുത്തി. വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ ഉൾപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. ഈവർഷം ജനുവരിയിൽ വിവരശേഖരണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ പല ഓഫീസുകളിലുമില്ല. സർക്കാർ വാഹനങ്ങൾ പരിശോധിക്കാത്തതുകൊണ്ട് രേഖകൾ സൂക്ഷിക്കാൻ ആരും ശ്രദ്ധിച്ചിട്ടുമില്ല. വിവരങ്ങൾ നൽകാനുള്ള സമയം ഈ നവംബർ 30 വരെ നീട്ടുകയും വിവരങ്ങൾ നൽകുമെന്ന് ഉറപ്പാക്കാൻ വകുപ്പുകൾ നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകാത്തതുകൊണ്ട് സർക്കാർ വാഹനങ്ങളെ സംബന്ധിച്ച് മോട്ടോർവാഹനവകുപ്പിലും ഇൻഷുറൻസ് വകുപ്പിലും ലഭ്യമായ വിവരങ്ങൾ മാത്രമാണ് സോഫ്റ്റ്വേറിൽ ഉൾപ്പെടുത്താനായത്. ഇതനുസരിച്ച് 17,032 വാഹനങ്ങളുടെ വിവരങ്ങളാണ് കിട്ടിയിട്ടുള്ളത്. ആകെ വാഹനങ്ങളിൽ എത്രശതമാനം വരും ഇതെന്നുപോലും ആർക്കും പറയാനാകാത്ത അവസ്ഥയാണിപ്പോൾ. വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന 2131 കൺട്രോളിങ് ഓഫീസർമാർ, 3920 ഡ്രൈവർമാർ എന്നിവരുടെ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത്തവണ വാഹനങ്ങളുടെ പ്രതിമാസച്ചെലവ് ഉൾപ്പെടെയുള്ള വിവരങ്ങൾകൂടി ചേർക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വീൽസിലെ വിവരങ്ങൾ അനുസരിച്ചാവും ബജറ്റിൽ അതത് വകുപ്പുകൾക്ക് വാഹനച്ചെലവ് അനുവദിക്കുക. Content Highlights:Veels Software For Government Vehicles
from mathrubhumi.latestnews.rssfeed https://ift.tt/32cRpAV
via IFTTT
0 അഭിപ്രായങ്ങള്‍