കൂറുമാറ്റ ഭീതിയിൽ തൃണമൂൽ, മന്ത്രി ശുഭേന്ദുവിനെച്ചൊല്ലി അഭ്യൂഹം

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കൂറുമാറ്റ ഭീതിയിൽ. സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും പരോക്ഷമായി വിമർശിക്കുന്ന മന്ത്രി ശുഭേന്ദു അധികാരിയടക്കം പല ഉയർന്നനേതാക്കളും പാർട്ടി വിട്ടേക്കുമെന്നാണ് അഭ്യൂഹം. തൃണമൂലിൽ ഉടൻതന്നെ വൻസ്ഫോടനം നടക്കുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവന ഇതിന് അടിവരയിടുകയുംചെയ്തു.തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ ഉപദേശമനുസരിച്ച് പാർട്ടിക്കുള്ളിൽ നടക്കുന്ന അഴിച്ചുപണികളിൽ അസംതൃപ്തനാണ് നന്ദിഗ്രാം സമരനായകനായ ശുഭേന്ദു. ആദിവാസിമേഖലയായ ജംഗൽ മഹലിലെ പാർട്ടിച്ചുമതലയിൽനിന്ന് ഒഴിവാക്കിയതോടെ പാർട്ടി പരിപാടികളിൽ ശുഭേന്ദു സജീവമല്ല. സ്വന്തംനിലയ്ക്ക് അനുയായികളെക്കൂട്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്. താൻ പാരച്ചൂട്ടിൽ വന്നിറങ്ങിയതോ ലിഫ്റ്റിൽ ഉയർന്നുവന്നതോ അല്ല, കോണിപ്പടികൾ ഒന്നൊന്നായി കയറിവന്നതാണെന്ന് അദ്ദേഹം അടുത്തിടെ പ്രസംഗിക്കുകയുംചെയ്തു. ഇത് മമതാബാനർ‌ജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയെ ഉന്നംവെച്ചാണെന്നാണ് സൂചന. പ്രശാന്ത് കിഷോറിന്റെ പരിഷ്കാരങ്ങൾക്ക് അഭിഷേകിന്റെ പിന്തുണയുള്ളതാണ് ശുഭേന്ദുവിനെ പ്രകോപിപ്പിക്കുന്നത്.നവംബർ പത്തിന് സ്വന്തംനിലയിൽ നന്ദിഗ്രാം രക്തസാക്ഷി അനുസ്മരണസമ്മേളനം വിളിച്ചിരിക്കുകയാണ് ശുഭേന്ദു. സമ്മേളനത്തിൽ എന്തെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ശുഭേന്ദു തന്നോട് സംസാരിച്ചിട്ടില്ലെന്നും എന്നാൽ പല എം.എൽ.എ.മാരും പാർട്ടിയിലേക്ക് വരാൻ തയ്യാറായിനിൽക്കുകയാണെന്നും ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. ഈയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ എത്തുന്നുണ്ട്. ഷായുടെ സാന്നിധ്യത്തിൽ പല തൃണമൂൽനേതാക്കളും ബി.ജെ.പി.യിൽ ചേരുമെന്നാണ് അഭ്യൂഹം.

from mathrubhumi.latestnews.rssfeed https://ift.tt/3oRvVU0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍