നെവാഡ കൂടി പിടിച്ചാല്‍ വിജയം ബൈഡന്‌: ട്രംപ് കോടതിയില്‍

വാഷിങ്ടൺ: ഫലങ്ങൾ മാറിമറിയുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയത്തിനരികെ. 253 ഇലക്ട്രൽ വോട്ടുകൾ നേടിക്കഴിഞ്ഞ ജോ ബൈഡൻ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിർത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി. അരിസോണയിലെ 11 ഇലക്ട്രൽ വോട്ടുകൾ കൂടി ചേർത്താൽ ബൈഡന് 264 ഉറപ്പാകും. അങ്ങനെയെങ്കിൽ ബൈഡൻ നേരിയ ലീഡ് നിലനിർത്തുന്ന നെവാഡ കൂടി പിടിക്കാനായാൽ അമേരിക്കയുടെ 46 ാമത്തെ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെടും. നെവാഡയിലെ ആറ് ഇലക്ട്രൽ വോട്ടുകൾ കൂടിയാകുമ്പോൾ 270 എന്ന മാജിക്ക് നമ്പർ ബൈഡന് തികയ്ക്കാനാകും. എന്നാൽ നെവാഡയിൽ 0.6 ശതമാനത്തിന്റെ നേരിയ ലീഡ് മാത്രമാണ് ബൈഡനുള്ളത്. അതേസമയം ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ ക്യാമ്പും പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ഏറ്റവും ഒടുവിൽ മിഷിഗണിലെ ഫലം ചോദ്യം ചെയ്ത് അവർ കോടതിയെ സമീപിച്ചു കഴിഞ്ഞു. കാര്യങ്ങൾ ട്രംപിന് അനുകൂലമാകുന്നിടത്ത് നിന്ന് സ്വിങ് സ്റ്റേറ്റുകളായ വിസ്കോൺസണും മിഷിഗണും ബൈഡൻ പിടിച്ചതോടെയാണ് മണിക്കൂറുകൾ കഴിയുമ്പോൾ മാറിമറിഞ്ഞത്. ഈ രണ്ട് സംസ്ഥാനങ്ങളിലെ 26 ഇലക്ട്രൽ വോട്ടുകൾ ട്രംപ് പക്ഷം കണക്കുകൂട്ടിയിരുന്നു. മിഷിഗണിൽ 2.2 ശതമാനവും വിസ്കോൺസിനിൽ 0.6 ശതമാനത്തിന്റെ നേരിയ ലീഡിലുമാണ് ബൈഡൻ ജയിച്ചുകയറിയത്. വോട്ടെണ്ണൽ പൂർത്തിയാകാനുള്ള ജോർജിയ, പെൻസിൽവാനിയ, നോർത്ത് കരോലിന സംസ്ഥാനങ്ങളിൽ ട്രംപാണ് മുന്നിട്ട് നിൽക്കുന്നത്. ജോർജിയയിൽ ഒരു ശതമാനവും നോർത്ത് കരോലിനയിൽ 1.5 ശതമാനവും പെൻസിൽവാനിയയിൽ 3.1 ശതമാനത്തിന്റെയും ലീഡ് ട്രംപിനുണ്ട്. ഇതിൽ ജോർജിയയിൽ ഡെമോക്രാറ്റുകൾ പ്രതീക്ഷ വിട്ടിട്ടല്ല. ഒരു ശതമാനം വോട്ടിന്റെ ലീഡുണ്ടെങ്കിലും ഇനി എണ്ണാൻ ബാക്കിയുള്ള തപാൽ വോട്ടുകൾ ആരെ തുണയ്ക്കുമെന്ന് പറയാനാകില്ല. ജോർജിയ കൂടി മറിഞ്ഞാൽ 286 വോട്ടുകൾ ബൈഡന് ലഭിക്കും. ഈ മൂന്നു സംസ്ഥാനങ്ങൾ ഉറപ്പാക്കുകയും നെവാഡ കൂടി പിടിച്ചെടുക്കുകയും ചെയ്താൽ മാത്രമേ ട്രംപിന് സാധ്യതയുള്ളൂ. കഴിഞ്ഞ തവണ ട്രംപ് വിജയിച്ചപ്പോൾ ഒപ്പം നിന്ന വിസ്കോൺസിനും അരിസോണയും മിഷിഗണും കൈവിട്ടതാണ് ട്രംപിന് തിരിച്ചടിയായത്. നിയമയുദ്ധത്തിലേക്ക് ട്രംപ് നീങ്ങിയ സാഹചര്യത്തിൽ അന്തിമഫലം വൈകാനും സാധ്യതയുണ്ട്. ഇതിൽ വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണലിനുള്ള സാധ്യത തള്ളാനുമാവില്ല. ഒരു ശതമാനത്തിൽ താഴെയാണ് വോട്ട് വ്യത്യാസമെങ്കിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടാനാകും. 15 ഇലക്ട്രൽ വോട്ടുകളുള്ള നോർത്ത കരോലിനയിൽ 1.5 ശതമാനം വോട്ടിന് ട്രംപ് മുന്നിലാണ്. പെൻസിൽവാനയിയിൽ 20 ഇലക്ട്രൽ വോട്ടുകളാണുള്ളത്. ഇവിടെ തപാൽ വോട്ടുകളാണ് എണ്ണാനുള്ളത്. അപ്പോൾ ലീഡ് കുറയാനുള്ള സാധ്യതയാണ് നിരീക്ഷകർ പറയുന്നത്. ഫിലാഡൽഫിയ അടക്കമുള്ള നഗരങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. ആദ്യഫലസൂചനകൾ വന്നപ്പോൾ കിഴക്കൻ അമേരിക്കയിലെ പരമ്പരാഗത സീറ്റുകളിൽ വിജയിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പ്രകടമായ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ ദക്ഷിണ, മധ്യ സംസ്ഥാനങ്ങൾ പിടിച്ചെടുത്ത് ട്രംപ് തിരിച്ചുവന്നു. ഫലം വരാനുള്ള സംസ്ഥാനങ്ങൾ ട്രംപിന് മുൻതൂക്കമുള്ളതാണ്. അന്തിമവിജയം ആർക്കെന്ന് പ്രവചിക്കാനാവാതെ ഫോട്ടോഫിനിഷിങ്ങിലേക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീങ്ങുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യഫലങ്ങൾ വന്നുതുടങ്ങിയപ്പോൾത്തന്നെ ഡൊണാൾഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, അവസാനഫലങ്ങളറിയാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. വോട്ടെണ്ണിത്തീരാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. തപാൽവോട്ടുകളുടെ വർധനയാണ് ഇതിനുകാരണം. വോട്ടെണ്ണൽ തുടരുന്ന ജോർജിയ, നോർത്ത് കാരലിന, പെൻസിൽവാനിയ എന്നീ സ്റ്റേറ്റുകളിൽ ട്രംപാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റിൽ ബൈഡൻ ജയിച്ചാൽ ട്രംപിന്റെ സാധ്യതകൾക്കു മങ്ങലേൽക്കാൻ സാധ്യതയുണ്ട്.വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം നേരത്തെയും ബൈഡൻ പങ്കുവച്ചിരുന്നു. എന്നാൽ ട്രംപ് വാർത്താസമ്മേളനം നടത്തി താൻ വിജയിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ നടന്നതെന്നാണ് വിലയിരുത്തുന്നത്. ഔദ്യോഗിക തിരഞ്ഞെടുപ്പിന് മുമ്പേതന്നെ മുൻകൂർ വോട്ടിങ് സംവിധാനങ്ങളിലൂടെ 10 കോടിയിലധികംപേരാണ് വോട്ടുചെയ്തത്. 1908-ൽ 16 കോടി ജനങ്ങൾ വോട്ടുചെയ്തതാണ് അമേരിക്കൻ തിരഞ്ഞെടുപ്പുചരിത്രത്തിൽ ഇതുവരെയുള്ള റെക്കോഡ്. 13.8 കോടിപ്പേരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്. content highlights: us president election

from mathrubhumi.latestnews.rssfeed https://ift.tt/3eqX4Z7
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍