പ്രധാനമന്ത്രി ചക്രവര്‍ത്തിയെപ്പോലെ വാഗ്ദാനങ്ങൾ നിരത്തുന്നു, ഒന്നും ഇതുവരെ നൽകിയില്ല-ശത്രുഘ്നൻ സിൻഹ

മകൻ ലവ് സിൻഹയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു ജൻമനാട്ടിൽ ശത്രുഘ്നൻ സിൻഹ.ബിഹാറിന്റെ ചൂടും പൊടിയും ബിഹാറി ബാബുവിനെ തെല്ലും ക്ഷീണിപ്പിച്ചിട്ടില്ല.പട്ന നഗരത്തിലെ ഹോട്ടൽ മുറിയിൽ നിശ്ചയിച്ച സമയത്ത് തന്നെ അഭിമുഖത്തിന് അദ്ദേഹം തയ്യാർ.കേരളം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്.സുന്ദരമായ നാട്. നാടിന്റെ വളർച്ചക്കായി കേരളത്തിന് പ്രതിജ്ഞാബദ്ധതയും ദൃഢനിശ്ചയവുമുണ്ട് -കേരളത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ടാണ് അദ്ദേഹം തുടങ്ങിയത്. 2013 മുതൽ ഏഴ് വർഷത്തിനിടയിൽ മൂന്നാം വട്ടമായിരുന്നു ശത്രുവുമായി മാതൃഭൂമിക്ക് വേണ്ടി അഭിമുഖം നടത്തുന്നത്. മാതൃഭൂമി ന്യൂസ് ചാനലിനായിരുന്നു ആദ്യം അഭിമുഖം നൽകിയത്.തുടർന്ന് ആഴ്ചപ്പതിപ്പിനായി ദീർഘ സംഭാഷണം. രണ്ടും ബി.ജെ.പി എം.പിയായിരിക്കുമ്പോൾ ഡൽഹിയിലെ വസതിയിൽ വച്ച്. ബി.ജെ.പിയിലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ അസ്വസ്ഥനായിരുന്ന ശത്രു നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ പട്ന സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. കഴിഞ്ഞ ദിവസം വീണ്ടും പട്നയിൽ വെച്ച് മാതൃഭൂമി ദിനപത്രത്തിനായി കാണുമ്പോൾ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് നേതാവ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും അദ്ദേഹം സംസാരിച്ചു. ബിഹാറിൽ വോട്ടെടുപ്പ് തുടരുകയാണ്.ബിഹാറിന്റെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ടോ ? ബിഹാർ ഒരു മാറ്റം ആഗ്രഹിക്കുന്നു.നിലവിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലും കഴിഞ്ഞ 15 വർഷമായി വികസനം എന്ന പേരിൽ സ്വീകരിച്ച നടപടികളിലും ജനങ്ങൾ അസന്തുഷ്ടരാണ്. വികസനം എന്ന് കൊട്ടിഘോഷിച്ച് പാലങ്ങളുണ്ടാക്കുക, ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെ പൊളിഞ്ഞു വീഴുക ഇതൊക്കെ പതിവായിരിക്കുന്നു. യുവാക്കൾ കടുത്ത നിരാശയിലും കടുത്ത രോഷത്തിലുമാണ്. ബിഹാറിലെ എല്ലാ രണ്ടാമത്തെയാളും തൊഴിൽ രഹിതനാണ്. ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ തകർന്നു കഴിഞ്ഞു. ലോക്ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികൾ 44 ദിവസമൊക്കെ നടന്നിട്ടാണ് ബിഹാറിൽ തിരിച്ചെത്തിയത്. ചിലർ വഴിയിൽ വീണ് മരിച്ചു. ചിലർ അപകടങ്ങളിൽ മരിച്ചു. അവർക്ക് വെള്ളമോ ഭക്ഷണമോ നൽകാൻ സർക്കാർ ഒരു സംവിധാനവും ഒരുക്കിയില്ല. ബിഹാറിലെ ജനത മറ്റ് സംസ്ഥാനങ്ങളുമായി ബിഹാറിനെ താരതമ്യപ്പെടുത്തുമ്പോൾ, തങ്ങൾ അവഗണിക്കപ്പെട്ടതായും വിവേചനത്തിനിരയായതായും അവർക്ക് തോന്നും. ഇപ്പോൾ യുവാക്കൾ ചോദ്യങ്ങളുയർത്താൻ തുടങ്ങിയിരിക്കുന്നു. നിതീഷും ബി.ജെ.പി നേതാക്കളുമാണ് മറുപടി നൽകേണ്ടത്. ബി.ജെ.പി നേതാക്കൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ട്. അവർക്ക് നേരിട്ട് പിന്തുണയും സഹായ പദ്ധതികളും ലഭിക്കാൻ എളുപ്പമുണ്ട്. തന്ത്രങ്ങളുടെ ആചാര്യൻ എന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രി അവർക്ക് നിർദേശങ്ങൾ നൽകുന്നുമുണ്ട്. പക്ഷെ ബിഹാറിൽ ഒന്നും നടക്കുന്നില്ല. പ്രധാനമന്ത്രി നിരവധി കാര്യങ്ങൾ ബിഹാറിനായി വാഗ്ദാനം ചെയ്തു. എല്ലാം ലംഘിക്കപ്പെട്ടു. ബിഹാർ ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ സംസ്ഥാനമാണ്. അറുപതിനായിരം കോടി,എഴുപതിനായിരം കോടി,ഒരു ലക്ഷം കോടി എന്നിങ്ങനെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു.വലിയ ചക്രവർത്തിയെപ്പോലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിരത്തുന്നു .ഇന്നു വരെ ഒന്നും ബിഹാറിന് നൽകിയിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പതിനാറായിരം കോടിരൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിനുള്ള ലോലിപോപ്പ് പോലെ.ബിഹാറിന് പ്രത്യേക പദവി നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രത്യേക പാക്കേജ് നൽകുമെന്ന് പ്രഖ്യാപിച്ചു. ആ പാക്കേജ് എവിടെ ? ഒടുവിൽ നിങ്ങൾ കാണുന്നത് ബിഹാറിന്റെ പ്രതിഷേധിക്കുന്ന മനോഭാവമാണ്. നമ്മുടെ യുവജനങ്ങൾ ഒരു ഉത്തരത്തിനായി കാത്തിരിക്കുകയാണ്, ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്. ജനങ്ങൾ മടുത്തിരിക്കുന്നു. അതിനാൽ ബിഹാറിൽ മാറ്റം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഉണർവാണ് പരക്കെ കാണാൻ കഴിയുന്നത്. ആത്യന്തികമായി ജനശക്തി ഇവിടെ ഉണ്ട്. ആ യുവജനശക്തിയുടെ പ്രതീകമാണ് തേജസ്വി. ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന വാഗ്ദാനം തേജസ്വി നടത്തുമ്പോൾ ജനങ്ങൾ അതിൽ വിശ്വസിക്കുന്നു. ജനങ്ങൾക്ക് തേജസ്വിയെ വിശ്വാസമുണ്ട്. മൂന്ന് ലക്ഷത്തോളം അധ്യാപകരുടെ ഒഴിവുകൾ നിലവിൽ ബിഹാറിലുണ്ട്. ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തോളം ഒഴിവുണ്ട്. ആയിരക്കണക്കിന് ഡോക്ടർമാരുടെ വേക്കൻസികൾ ഒഴിഞ്ഞു കിടക്കുന്നു. ഇതെല്ലാം നികത്താമെന്നാണ് തേജസ്വി പറയുന്നത് . ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് തേജസ്വി വളർന്നുവന്നത്. അതൊരു നല്ല ചിഹ്നമാണ്. ജനങ്ങൾ പൂർണമായും അതിനെ അംഗീകരിക്കുന്നു.ഏതായാലും അന്തിമമായി ജനങ്ങൾ വിധിച്ച മാറ്റം എന്താണെന്ന് അറിയാൻ കാത്തിരിക്കാം. ബിഹാർ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രവർത്തനങ്ങളുടെ കൂടി വിലയിരുത്തൽ ആകുമോ ? തീർച്ചയായും. ഞങ്ങൾ ബിഹാർ തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഹിതപരിശോധനയായാണ് കാണുന്നത്.ലോകം മുഴുവൻ ഈ തിരഞ്ഞെടുപ്പിനെ ഉറ്റു നോക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ദിശ,അവസ്ഥ എന്നിവ നിശ്ചയിക്കും.ജനപ്രിയ പ്രധാനമന്ത്രിയെന്നല്ലേ നരേന്ദ്രമോദി അവകാശപ്പെടുന്നത്. വലിയ വർത്തമാനങ്ങൾ പറയും.തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കും.എന്നാൽ ഒന്നും നടപ്പാക്കുകയില്ല.നോട്ട് പിൻവലിക്കൽ നടപടിക്ക് ശേഷം അതീവ ദുർബലനും ജനപിന്തുണയില്ലാത്ത അവസ്ഥയിലുമാണ് പ്രധാനമന്ത്രി.ആരാധകരെ തൃപ്തിപ്പെടുത്താനായി രാജ്യത്ത് അർധരാത്രിയിൽ ജി.എസ്.ടി പ്രഖ്യാപിച്ചയാൾ !അതിന് ശേഷം ഇന്ന് വരെ എല്ലാ ദിവസവും ജി.എസ്.ടിക്ക് ഭേദഗതി കൊണ്ടു വരികയാണ്.ഇതുവരെ ഒരു പത്രസമ്മേളനമെങ്കിലും പ്രധാനമന്ത്രി നടത്തിയിട്ടുണ്ടോ ?എന്തിനാണ് അദ്ദേഹം പ്രചരണറാലികൾക്ക് വരുന്നത് ?നേരത്തെ എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള റാലികളാണിത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുമാണ് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.ജനങ്ങൾ വൻ തോതിൽ അദ്ദേഹത്തിന് എതിരായി കഴിഞ്ഞു.ബിഹാർ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മോദിക്ക് മറുപടി നൽകും. രാജ്യത്തിന്റെ ദിശ നിശ്ചയിക്കുന്നതിരഞ്ഞെടുപ്പ് ബംഗാൾ ഉൾപ്പടെയുള്ള നിയമസഭകളിലേക്ക് തിരഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ്.ഈ ജനവിധി ദേശീയ തലത്തിൽ ചലനങ്ങളുണ്ടാക്കുമോ ? തീർച്ചയായും. ഞാൻ പറഞ്ഞില്ലേ, പ്രധാനമന്ത്രിയുടെ പ്രകടനത്തിന്റെ വിലയിരുത്തലായാണ് ലോകം ഇതിനെ കാണുന്നത്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ജനങ്ങൾ തന്നെ പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദിക്കും. വിശ്വാസ്യത ഒരിക്കൽ തകർന്നാൽ, നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ അതിന് മറുപടി നൽകും. ഉറുദുവിൽ ഒരു കവിതാ ശകലമുണ്ട്- നിങ്ങളാണ് ക്യാപറ്റൻ. നിങ്ങൾക്ക് കയ്യടി (താലി) കിട്ടുന്നത് പോലെ തന്നെ നിങ്ങൾക്ക് ശകാരവും(ഗാലി)കിട്ടും എന്ന അർഥമുള്ള കവിതാ ശകലം. അതു പോലെ കയ്യടിയും കല്ലേറും ക്യാപ്റ്റന് തന്നെയാണ് ലഭിക്കുക. വഴിയൊഴിഞ്ഞ് തരാൻ ജനങ്ങൾ ആവശ്യപ്പെടും.അതു കൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് രാജ്യത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പാകുന്നത്. 15 വർഷത്തെ ലാലുവിന്റെ ഭരണവും 15 വർഷത്തെ നിതീഷിന്റെ ഭരണവും താരതമ്യം ചെയ്യാനാണ് എൻ.ഡി.എ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇതെക്കുറിച്ച് എന്ത് പറയുന്നു ? ഇതും നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ്.15 വർഷം മുമ്പ് ഈ സംസ്ഥാനത്ത് എന്തു നടന്നുവെന്ന് അറിയുന്നതിൽ എന്ത് താൽപര്യമാണ് ഇപ്പോഴുള്ളത്.15 വർഷം മുമ്പ് എന്തു നടന്നു എന്നതിനെക്കുറിച്ച് ഈ യുവ വോട്ടർമാരിൽ പലർക്കും അറിവുണ്ടായിരിക്കില്ല.അവർ കുഞ്ഞുങ്ങളായിരുന്നിരിക്കും .15 വർഷമായി നിതീഷല്ലേ ബിഹാർ ഭരിക്കുന്നത് ? ക്യാപ്റ്റൻ എന്ന നിലയിൽ കഴിഞ്ഞ 15 വർഷമായി ബിഹാറിൽ നിതീഷ് എന്ത് ചെയ്തു ? അത് പറയൂ. ചർച്ച ചെയ്യൂ. പ്രധാനമന്ത്രി പാർലമെന്റിൽ ഫ്ലാഷ്ബാക്ക് ഉയർത്തി സംസാരിക്കുന്നത് പോലെയാണിത്. ചൈനയുമായുള്ള സംഘർഷത്തിന്റെ കാര്യം നമുക്ക് അറിയാം. അതിർത്തിയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ട്. ലഡാക്കിലും മറ്റ് സ്ഥലങ്ങളിലും എന്ത് നടക്കുന്നു എന്ന് ചോദിക്കുമ്പോൾ, നെഹ്രു ചൈനക്ക് സ്ഥലം വിട്ടു കൊടുത്തു, നെഹ്രുവിന് അത് പറ്റി, ഇത് ചെയ്തു എന്നൊക്കെ പ്രധാനമന്ത്രി വാതോരാതെ പ്രസംഗിക്കും. എന്നാൽ ഇപ്പോൾ അതിർത്തിയിൽ എന്ത് സംഭവിക്കുന്നു എന്ന് ജനങ്ങളോട് പറയൂ. അത് പറയില്ല.അതുപോലെ 15 വർഷം മുമ്പുള്ള കാര്യം പറഞ്ഞ് വീണ്ടും ബിഹാറിലെ ജനങ്ങളെ വിഡ്ഡിയാക്കാനാണ് എൻ.ഡി.എ.യുടെ ശ്രമം. 15 വർഷം മുമ്പ് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങൾ ലാലുജിയെ ശിക്ഷിച്ചു കഴിഞ്ഞു.15 വർഷം അവരെ ഭരണത്തിൽ നിന്ന് മാറ്റി നിർത്തി. എന്തിനാണ് ലാലുവിന്റെ മകനെ അതിലേക്ക് വലിച്ചിഴക്കുന്നത്. തേജസ്വിക്കെതിരെ സർക്കാർ പല തരം കേസുകൾ എടുത്തിരിക്കുന്നു. ഈ കേസുകളെടുക്കുമ്പോൾ തേജസ്വിക്ക് പ്രായപൂർത്തിയായിട്ടു പോലുമില്ല. കേസെടുത്തത് സത്യസന്ധമായാണോ ?.അതോ കഴിവുള്ള, ശേഷിയുള്ള, ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്ന, പ്രവർത്തിക്കുന്ന ഒരാളായതു കൊണ്ടാണോ ? ഇക്കഴിഞ്ഞ 15 വർഷമായി നിതീഷല്ലേ ഇവിടെ ഭരിക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ കഴിഞ്ഞ 15 വർഷമായി ബിഹാറിൽ എന്ത് ചെയ്തു ?അക്കാര്യമല്ലേ ചർച്ച ചെയ്യേണ്ടത്. സിനിമാ ലോകത്ത് ഒരു രീതിയുണ്ട്. ഏറ്റവും ഒടുവിൽ ഹിറ്റായ സിനിമയുടെ പേരിലായിരിക്കും നിങ്ങളെ വിലയിരുത്തുക. നിങ്ങളുടെ വിശ്വാസ്യത,കഴിവ് തുടങ്ങിയവ അളക്കുന്നത് നിങ്ങളുടെ തൊട്ടുമുമ്പുള്ള പ്രകടനം അടിസ്ഥാനമാക്കിയാണ്.ഇപ്പോൾ ബിഹാറിൽ എന്താണ് സംഭവിക്കുന്നത്.അതല്ലേ വിലയിരുത്തേണ്ടത് ? നിങ്ങളെന്തിനാണ് 15 വർഷം മുമ്പുള്ള ലാലു യാദവിനെയും തിരക്കി പോകുന്നത്. അതുപോലെ,നിതീഷിന്റെ ഭരണകാലവും വിലയിരുത്തപ്പെടും. തിരഞ്ഞെടുപ്പ് ഫലവും അതിന് അനുസരിച്ചായിരിക്കും. ഈ തിരഞ്ഞെടുപ്പിൽ ഞാൻ പ്രചാരണത്തിന് പോകുന്ന സ്ഥലത്തെല്ലാം ജനങ്ങളുടെ ആവേശം കാണാൻ സാധിക്കും. ആവേശത്തിന്റെ ഉരുൾപൊട്ടലാണ് എങ്ങും. തിരഞ്ഞെടുപ്പ് ഫലവും അതിന് അനുസരിച്ചായിരിക്കും. യുവാക്കളുടെ രോഷവും ആകാംക്ഷയും എനിക്ക് കാണാൻ കഴിയും. ഞാൻ ഇത്തരമൊരു പ്രതികരണം ഇതിന് മുമ്പ് കണ്ടിട്ടില്ല. ലേഖകനോടൊപ്പം ശത്രുഘ്നന്ഡ സിൻഹ | ഫോട്ടോ : മാതൃഭൂമി ലാലു താങ്കളുടെ അടുത്ത സുഹൃത്താണ്.ലാലുവിന്റെ അഭാവം തിരഞ്ഞെടുപ്പിൽ നിഴലിക്കുന്നുണ്ടോ ? ലാലു പുറത്തില്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം ഇവിടെയുണ്ടെന്നാണ് ബിഹാറിലെ ജനങ്ങൾ കരുതുന്നത്. തിരഞ്ഞെടുപ്പ രംഗത്ത് അദ്ദേഹം ഉണ്ടായിരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു, ഞാനും അത്തരത്തിലാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം ഏത് നിമിഷവും ഇവിടെ എത്തുമെന്ന് ഞാൻ കരുതുന്നു. ലാലു ഇവിടെയുണ്ടെങ്കിൽ തിളക്കം ഏറും. അദ്ദേഹം ഇല്ലെങ്കിൽ അത് മഹാസഖ്യത്തിന് അനുകൂലമായ സഹതാപമായി മാറുകയും ചെയ്യും. അതുപോലെ,തേജസ്വിയും നല്ല വ്യക്തിയാണ്. ലാലുവിന്റെ മക്കൾ ഒത്തിരി കാര്യങ്ങൾ അനുഭവങ്ങളിൽ നിന്ന് പഠിച്ചു. ആൾക്കൂട്ടത്തിന്റെ നേതാവാണ് ലാലു പ്രസാദ് യാദവ്. അന്യ സംസ്ഥാനങ്ങൽ മാത്രമല്ല,അന്യ രാജ്യങ്ങളിൽ പോലും അദ്ദേഹത്തിന് ജനപ്രിയതയുണ്ട്. അദ്ദേഹത്തെ ചതിയിൽപ്പെടുത്തി ജയിലിൽ അടച്ചതാണെന്ന് പലരും കരുതുന്നുണ്ട്.ഇനി ഒരു ജാമ്യാപേക്ഷ മാത്രമാണ് പരിഗണിക്കാനുള്ളത്.അതു കഴിഞ്ഞാൽ ലാലു പുറത്തു വരും. എന്നാൽ സർക്കാരിനെ നയിക്കാനുള്ള ശേഷി തേജസ്വിക്ക് ഇല്ലെന്നാണല്ലോ മറുപക്ഷം പറയുന്നത് ?നിതീഷും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. എങ്ങനെ ഈ ആക്ഷേപത്തെ കാണുന്നു ? നിതീഷ് എന്റെ അടുത്ത സുഹൃത്താണ്.അദ്ദേഹം എന്നെ ബിഹാറിന്റെ അഭിമാനം എന്നാണ് വിളിക്കുക. ബിഹാറി ബാബു എന്നാണ് വിശേഷിപ്പിക്കുക.എനിക്ക് അതിൽ നന്ദിയുണ്ട്. സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും എന്റെ സുഹൃത്തായി തുടരുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ, നിതീഷിനെപ്പൊലെ ഒരു നേതാവ് തേജസ്വിയെക്കുറിച്ച് അങ്ങനെ പറയുന്നുണ്ടെങ്കിൽ, ഇത് നിരാശയിൽ നിന്ന് വരുന്ന സംസാരമാണ്. സംഭവിച്ചു കൊണ്ടിരിക്കുന്ന അനിവാര്യമായ കാര്യങ്ങളിൽ അവർക്ക് പേടിയായിരിക്കുന്നു. കള്ളക്കടത്തോ കരിഞ്ചന്തയോ ചെയ്യാൻ താത്ര്യമില്ലാത്തവരെ കഴിവില്ലാത്തവരെന്ന് മുദ്ര കുത്താൻ ശ്രമിക്കുകയാണ് ഇവർ. അവസരം നൽകാതെ എങ്ങനെയാണ് ഒരാളുടെ കഴിവ് അളക്കുക ? മുഖ്യന്ത്രി എല്ലാ കഴിവുകളും ഒരുമിച്ചുള്ള ആളായിരിക്കേണ്ടതില്ല.കാരണം,ഒരാൾ ഒറ്റയ്ക്കല്ല ഭരണം നടത്തുക.നരേന്ദ്രമോദി ഒറ്റയ്ക്കാണോ ഈ രാജ്യം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഒപ്പം ഒരു ടീം ഇല്ലേ ?അതുപോലെ തേജസ്വിക്കും അദ്ദേഹത്തിന്റേതായ ടീമുണ്ടാകും. കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷമാണ് തേജസ്വിയുടെയും തുടക്കം. അതിനെ അംഗീകരിക്കണം. പ്രോത്സാഹിപ്പിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. കേരളമായാലും ബംഗാളായാലും മഹാരാഷ്ട്രയായാലും എവിടെയായാലും ജനങ്ങളാണ് അന്തിമമായി വിധികർത്താക്കൾ. നിങ്ങൾക്ക് എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികളാക്കാൻ കഴിയില്ല.നമുക്ക് ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയില്ലെങ്കിൽ അവസരം കിട്ടുമ്പോൾ അവർ പ്രതികരിക്കും. വി.എസ്.അച്യുതാനന്ദൻ ആദരണീയനായ നേതാവ് അങ്ങനെയെങ്കിൽ ഈ തിരഞ്ഞെടുപ്പ് ബിഹാറിലെ പഴയ രാഷ്ട്രീയ നേതാക്കളുടെ യുഗാവസാനമാണോ ? അല്ല. അങ്ങനെ ഒരവസാനമില്ല. മുതിർന്ന നേതാക്കളുടെ ആശിർവാദം യുവനേതാക്കൾക്കുണ്ടാകണം. യുവാക്കൾക്ക് ശേഷിയുണ്ടാകും. പഴയ തലമുറയ്ക്ക് അനുഭവപരിചയവും. അപ്പോൾ യുവതലമുറയും മുതിർന്ന തലമുറയും യോജിച്ചാൽ,അവർ ഒരുമിച്ച് പ്രവർത്തിച്ചാൽ, ഉജ്ജ്വലമാകും. ആർക്കും തോൽപിക്കാൻ കഴിയില്ല. യുവാക്കൾ മാത്രമേ പാടുള്ളു എന്ന നിലപാട് ശരിയല്ല. അനുഭവ പരിചയമുള്ളവർ വേണം. ശേഷിയുള്ളവർ വേണം. നിരവധി മുതിർന്ന നേതാക്കൾ രാജ്യത്തുണ്ട്. ഞാൻ എപ്പോഴും ആദരിക്കുന്ന നേതാവാണ് കേരളത്തിലെ മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഓർത്തു പോകുകയാണ്. കേരളത്തിലെ ഏറ്റവും ആദരണീയനായ,അംഗീകരിക്കപ്പെട്ട നേതാവ്. 97 വയസ്സായി. ഈ വയസ്സിലും അദ്ദേഹത്തിന്റെ ഊർജ്ജവും ഉത്സാഹവും ശ്രദ്ധേയമാണ്. മഹാനാണ് അദ്ദേഹം. എത്രയോ വലിയ മനുഷ്യൻ,എത്രയോ വലിയ അനുഭവങ്ങൾ. അദ്ദേഹം കേരളത്തിന്റെ അജണ്ടകൾ മാറ്റിയെഴുതി. ഇത്തരം അനുഭവ സമ്പത്തുള്ള മുതിർന്ന നേതാക്കളെയും യുവനേതാക്കളെയും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയണം. ചിരാഗ് പസ്വാന്റെ സാന്നിധ്യം ആരെയാണ് സഹായിക്കുക ? എനിക്ക് അതെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. എനിക്ക് രാം വിലാസ് പസ്വാനോടും കുടുംബത്തോടും അങ്ങെയറ്റത്തെ ആദരവാണുള്ളത് . രാം കാ ചോട്ടാ ഭായ് എന്നാണ് എന്നെ കണ്ടാൽ അദ്ദേഹം വിളിക്കാറുള്ളത്. പക്ഷെ ഇപ്പോൾ ചിരാഗുണ്ടാക്കിയിരിക്കുന്ന ചക്രവ്യൂഹത്തെക്കുറിച്ച് എനിക്ക് ആശയക്കുഴപ്പമാണ്. താൻ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്ന് ചിരാഗ് പറയും. എന്നാൽ ഞങ്ങൾ അയാൾക്കൊപ്പം ഇല്ലെന്ന് ബി.ജെ.പി പറയുന്നു. പ്രധാനമന്ത്രി വിശദീകരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ നിർദേശിക്കുന്നു. എന്നാൽ മോദി തികഞ്ഞ മൗനത്തിലാണ്. നിതീഷും ചിരാഗും തമ്മിൽ ഏറ്റുമുട്ടുന്നു. വിഷയത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി പറയുന്നു.എന്നാൽ ചിരാഗ് ബി.ജെ.പിയുടെ ബി.ടീമാണെന്ന് ജനം സംശയിക്കുന്നു.നിരവധി കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ, തിരഞ്ഞെടുപ്പിൽ ചിരാഗ് പസ്വാന്റെ സാന്നിധ്യം ശക്തമായ ഘടകമാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ വിഷയങ്ങൾക്കും ഉപരിയായി ജാതി ബിഹാർ രാഷ്ട്രീയത്തിൽ നിർണായക ഘടകമല്ലേ.ജാതി ഘടന ഇക്കുറി എങ്ങനെയായിരിക്കും പ്രവർത്തിക്കുക ? ജാതി ഘടന ഇക്കുറിയും പ്രവർത്തിച്ചേക്കാം. പതിവ് പോലെ. എന്നാൽ അത് പ്രധാനപ്പെട്ട ഘടകമാകില്ല. ബിഹാറിൽ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ജാതി സ്വാധീനം കൂടിയും കുറഞ്ഞും ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. അളവിന്റെ കാര്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.ചിലയിടത്ത് കൂടുതലും ചിലയിടത്ത് കുറവുമായിരിക്കും.കേരളത്തിലും ബംഗാളിലും ഇത്തരം കാര്യങ്ങൾ എത്രത്തോളം പ്രവർത്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല. നിരവധി സംസ്ഥാനങ്ങളിൽ ഇത് സംഭവിക്കുന്നുണ്ട്.എന്നാൽ ബിഹാറിൽ ഇക്കുറി ജനരോഷം, ആകാംക്ഷ, ആഹ്ലാദം എന്നിവയാണ് തിരഞ്ഞെടുപ്പിൽ മുന്നിട്ട് നിൽക്കുന്നത്. എങ്കിലും ജാതി ഒരളവ് വരെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. സ്വന്തം ജാതിയും ജാതി നേതാക്കളെയും തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്ന പ്രവണതയുണ്ടാകും. സ്വാതന്ത്ര്യത്തിന് ശേഷം 70 വർഷം കഴിഞ്ഞിട്ടും അത് നിലനിൽക്കുന്നുണ്ട്.അതില്ലെന്ന് പറയാൻ എനിക്ക് കഴിയില്ല. അയോധ്യയിലെ രാമക്ഷേത്ര നിർമാണവും കാശ്മീരിലെ നടപടികളുമൊക്കെ ബി.ജെ.പി പ്രചരണ വിഷയമാക്കുന്നുണ്ടല്ലോ.ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ഇത് കാരണമാകില്ലേ ? ഇവിടെ ഇത്തരം വിഷയങ്ങൾ പറയുന്നതിന് എന്താണ് അർഥം ? ബിഹാറിലെ ഇപ്പോഴത്തെ പ്രശ്നം വികസനമാണ്.വികസനം, ബിഹാറിന് പ്രത്യേക പാക്കേജ്, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ, അവയുടെ അവസ്ഥ, തൊഴിലില്ലായ്മ, അതിനുണ്ടാക്കിയ പരിഹാരം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇതൊക്കെയല്ലേ ചർച്ച ചെയ്യേണ്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി എന്താണ് നിതീഷ് സർക്കാർ ചെയ്തത് ?അവർ ലോക്ഡൗൺ കാലത്ത് ഇങ്ങോട്ട് വന്നു. ബിഹാറിൽ തൊഴിലൊന്നും കിട്ടാതെ അവർ വീണ്ടും മടങ്ങിപ്പോവുകയാണ്. എന്താണ് അവർക്ക് സ്വന്തം നാട്ടിൽ കഴിയാൻ പറ്റാത്തത് ?എന്താണ് അവരുടെ ജീവിത മാർഗ്ഗം ? അവർക്ക് എന്ത് കൊടുക്കാൻ കഴിയും ? ഇതൊക്കെയല്ലേ സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ?ഞങ്ങൾ ബിഹാർ പ്രശ്നം ചർച്ച ചെയ്യുമ്പോൾ നിങ്ങൾ ആഗോള പ്രശ്നങ്ങളുമായി വന്നാൽ എങ്ങനെയുണ്ടാകും ? കശ്മീരിൽ സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞു. അത് രാജ്യം മുഴുവൻ അറിയാം. ഇനി അതെന്തിനാണ് ചർച്ച ചെയ്യുന്നത്.നടപ്പാക്കുന്ന സമയത്താണെങ്കിൽ ചർച്ചചെയ്യാം. തീരുമാനമെടുത്ത ശേഷം, നടപ്പാക്കിയ ശേഷം എന്ത് ചർച്ചയാണ് നടത്തേണ്ടത് ?മുത്തലാഖ് നിരോധിക്കപ്പെട്ടു കഴിഞ്ഞെന്ന് എല്ലാവർക്കും അറിയാം. രാവിലെ എഴുന്നേറ്റ് സൂര്യനെയും ചന്ദ്രനെയും കുറിച്ച് ചർച്ച ചെയ്യുന്നത് പോലെയാണിതൊക്കെ. എല്ലാവർക്കും അറിയാം സൂര്യനും ചന്ദ്രനുമുണ്ടെന്ന്. പിന്നെ അതുണ്ടോയെന്ന് ചർച്ച ചെയ്യുന്നതിന് എന്താണ് പ്രസക്തി ?ഇത്തരം വിഷയങ്ങൾ ഇത്തവണ ബിഹാറിൽ പ്രധാന ചർച്ചയല്ല. ബിഹാറിൽ എൻ.ഡി.എസർക്കാർ വീണ്ടും വന്നാൽ 19 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് നിർമലാ സീതാരാമൻ ഡൽഹിയിൽ പത്രസമ്മേളനം നടത്തി അവകാശപ്പെടുന്നത്. തേജസ്വി യാദവ് 10 ലക്ഷം തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തപ്പോൾ പരിഹസിച്ചവരാണിവർ. അങ്ങനെയെങ്കിൽ 19 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ എൻ.ഡി.എ.ക്ക് എവിടെ നിന്ന് പണം കിട്ടും ? നിർമല ഉത്തരം പറയട്ടെ. താൻ എങ്ങനെയാണ് ജോലി നൽകാൻ പോകുന്നതെന്ന് തേജസ്വി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ബിഹാർ സർക്കാർ സർവീസിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. അത് നികത്തിയും പുതിയ തസ്തികകൾ സൃഷ്ടിച്ചുമാണ് തൊഴിൽ നൽകാൻ പോകുന്നതെന്ന് തേജസ്വി പറഞ്ഞിട്ടുണ്ട്. അനാവശ്യ പ്രസ്താവനകൾ നടത്തുന്ന ധനമന്ത്രിക്ക് എന്ത് വിശ്വാസ്യതയാണുള്ളത് ? പ്രധാനമന്ത്രിക്ക് പൂർണമായും വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കില്ല.ജനങ്ങളുടെ വിശ്വാസമില്ലെങ്കിൽ എങ്ങനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി തൽസ്ഥാനത്ത് തുടരുക. എങ്ങനെ അദ്ദേഹം രാജ്യത്തെ നയിക്കും. ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം ഈ വലിയ ചോദ്യമായിരിക്കും ഉയരാൻ പോകുന്നത്. ബി.ജെ.പിയും കോൺഗ്രസും ഒടുവിൽ,തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ഒരു ചോദ്യം. ബി.ജെ.പിയിൽ താങ്കൾ ദശകങ്ങളോളം ചെലവിട്ടു. ഇപ്പോൾ കോൺഗ്രസിൽ അംഗമാണ്. ഈ മാറ്റത്തെക്കുറിച്ച് എന്ത് തോന്നുന്നു ? ഞാൻ വളർന്നത് ബി.ജെ.പിയിലാണ്. ജയപ്രകാശ് നാരായണന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ പൊതുരംഗത്ത് എത്തിയത്. ഒരു ആരോഗ്യകരമായ രാഷട്രീയത്തിനാണ് ആഗ്രഹിച്ചത്. നാനാജി ദേശ് മുഖാണ് എന്നെ രാഷ്ട്രീയം പരിശീലിപ്പിച്ചത്.മുൻ പ്രധാനമന്ത്രി ഏ.ബി.വാജ്പേയി, ഗുരുവും മാർഗ്ഗ ദർശിയുമായ എൽ.കെ.അദ്വാനി തുടങ്ങിയ നേതാക്കളാണ് എനിക്ക് വഴികാട്ടിയത്.എനിക്ക് അവരോട് കടപ്പാടുണ്ട്.അളവില്ലാത്ത സ്നേഹവും അടുപ്പവും അവരിൽ പലരോടും എനിക്ക് ഇപ്പോഴും ഉണ്ട്.എനിക്ക് ബി.ജെ.പി നേതാക്കളോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. എന്നാൽ രാഷ്ട്രീയപരമായി വിയോജിപ്പികളുണ്ട്. നോട്ട് പിൻവലിക്കൽ,ജി,എസ്.ടിയിലെ ആശയക്കുഴപ്പങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം എനിക്ക് വിയോജിപ്പുണ്ട്. ഞാൻ ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ഞാൻ ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ചില നേതാക്കളുടെ ധാർഷ്ട്യം,അവരുടെ പെരുമാറ്റമൊക്കെ വിമർശിക്കപ്പെടേണ്ടതാണ്. ഇവരുടെ ഇടപെടൽ മൂലം രാജ്യത്തെ ചില സ്ഥാപനങ്ങൾ പോലും നശിച്ചു കൊണ്ടിരിക്കുന്നു. ജുഡീഷ്യറി,മാധ്യമങ്ങൾ,സി.ബി.ഐ പോലുള്ള സ്ഥാപനങ്ങൾ എന്നിവയൊക്കെ ഈ സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് കൂടി. ഞാനാണ് ഈ രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ട് ശതമാനം നേടി വിജയിച്ച ബി.ജെ.പി സ്ഥാനാർഥി. എന്നാൽ എന്റെ സീറ്റിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് എന്നോട് സംസാരിക്കുകയെങ്കിലും വേണ്ടേ ?എന്നോട് ചർച്ച ചെയ്യാതെ,എന്റെ ലോക്സഭാ സീറ്റ് എടുത്ത് മാറ്റി. ആ സീറ്റ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന് നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. എന്നോട് സംസാരിക്കാതെ,ചർച്ച ചെയ്യാതെ, എന്റെ ലോക്സഭാ സീറ്റ് എടുത്ത് മാറ്റുന്നു. എനിക്ക് രാജ്യസഭാ സീറ്റ് തരാമെന്ന് പറയുന്നു.എന്തിനാണത് ? ഞാൻ രണ്ട് പ്രാവശ്യം നേരത്തെ രാജ്യസഭാംഗമായിരുന്നു. എന്നാൽ ഇത്തവണ ആസൂത്രിതമായിട്ടായിരുന്നു നീക്കങ്ങൾ. വോട്ടിംഗ് യന്ത്രങ്ങളും അവരുടെ നിയന്ത്രണത്തിലാണല്ലോ.തന്ത്രങ്ങളിലൂടെയും സൂത്രങ്ങളിലൂടെയും ഭൂരിപക്ഷം ഉറപ്പിക്കാമെന്ന് അവർ കരുതി.അവർ ഒരക്ഷരം എന്നോട് പറഞ്ഞില്ല.ആ നിലയ്ക്ക് തത്വത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ബി.ജെ.പി വിടാൻ ഞാൻ തീരുമാനിച്ചു.കോൺഗ്രസിൽ ചേർന്നു. ദശകങ്ങൾ നീണ്ട ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസ്.മഹാത്മാഗാന്ധി മുതൽ ഉന്നത നേതാക്കളുടെ പാരമ്പര്യമുള്ള പാർട്ടി. നിരവധി ഗുണപരമായ ഘടകങ്ങൾ ഉണ്ട്.ചില ന്യൂനതകളും ഉണ്ട്.ന്യൂനതകൾ മറക്കുക.ഗുണപരമായ വശങ്ങളെക്കുറിച്ച് ചിന്തിക്കുക. നല്ലകാര്യങ്ങൾക്കായാണ് കോൺഗ്രസിൽ ഞാൻ ചേർന്നത്. content highlights:Interview with Shathrughnan Sinha, Bihar assembly election 2020

from mathrubhumi.latestnews.rssfeed https://ift.tt/380vG31
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍