പാരിസ്: ഫ്രാൻസിലെ ലിയോണിൽ വൈദികന് നേർക്ക് വെടിവെച്ചയാളെന്ന് കരുതുന്ന അക്രമിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചടങ്ങുകൾക്ക് ശേഷം പള്ളി അടക്കുന്നതിനിടെയാണ് ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് അജ്ഞാതന്റെ വെടിയേറ്റത്. വെടിവെച്ചയുടനെ അക്രമി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പിടികൂടിയതായി ലിയോൺ പബ്ലിക് പ്രോസിക്യൂട്ടർ നിക്കോളാസ് ജാക്വിറ്റ് അറിയിച്ചു. നോത്രദാം പള്ളിയിൽ നടന്ന കത്തിയാക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് ജനങ്ങൾ മോചിതരാകുന്നതിനിടെയാണ് വൈദികനായ നിക്കോളാസ് കാകാവെലാകിയ്ക്ക് നേരെ രണ്ട് തവണ വെടിവെയ്പുണ്ടായത്.അമ്പത്തിരണ്ടുകാരനായ ഇദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തയാളുടെ കയ്യിൽ നിന്ന് ആയുധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മാനുഷിക തത്വങ്ങൾക്കെതിരെയുള്ള ഭീകരതയാണിതെന്ന് സംഭവത്തെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ആർച്ച് ബിഷപ് ലെറോനിമോസ് അപലപിച്ചു. വ്യക്തിസ്വാതന്ത്രത്തിനും മതവിശ്വാസസ്വാതന്ത്ര്യത്തിനുമെതിരെ ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും മാർഗങ്ങളാണ് അസഹിഷ്ണരും മതഭ്രാന്തൻമാരുമായ അക്രമകാരികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതനിന്ദ ആരോപിച്ച് പാരീസിൽ അധ്യാപകനെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് നീസിലെ പള്ളിയ്ക്ക് സമീപം രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. ഇതിൽ ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ട് പേരെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ബ്രഹിം ഐസേവി എന്ന 21-കാരനായ ടുണീഷ്യൻ അഭയാർഥിയെ വ്യാഴാഴ്ച സംഭവസ്ഥലത്ത് വെച്ചു തന്നെ പോലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. അധ്യാപകനെ വധിച്ച സംഭവത്തെ തുടർന്ന് വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞിരുന്നു. മാക്രോണിന്റെ ചില പ്രതികരണങ്ങൾക്കെതിരെ അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൊറോണവ്യാപന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ ഫ്രാൻസിൽ രണ്ടാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.നീസിലെ ആക്രമത്തെ തുടർന്ന് ഫ്രാൻസിലെ പള്ളികളിൽ സൈനിക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. Content Highlights: Priest Shot Outside French Church, Suspect Arrested
from mathrubhumi.latestnews.rssfeed https://ift.tt/385Lamt
via IFTTT
0 അഭിപ്രായങ്ങള്‍