ബെംഗളൂരു: കർണാടക കാർവാറിലെ രബീന്ദ്രനാഥടാഗോർ ബീച്ചിനുസമീപം പാരാഗ്ലൈഡർ കടലിൽവീണ് നാവികസേനാ ക്യാപ്റ്റൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദൻ റെഡ്ഡി(55) ആണ് മരിച്ചത്. കാർവാർ നാവികസേനാതാവളത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു മധുസൂദൻ റെഡ്ഡി. വെള്ളിയാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പം അവധി ചെലവിടാനെത്തിയതായിരുന്നു ഇദ്ദേഹം. പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടർന്നാണ് അപകടം. റെഡ്ഡിക്കൊപ്പം പാരാഗ്ലൈഡറിന്റെ പൈലറ്റും നടത്തിപ്പുകാരനുമായ വിദ്യാധർ വൈദ്യയുമുണ്ടായിരുന്നെങ്കിലും കടലിൽവീണ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.പാരാഗ്ലൈഡർ നൂറടിയോളം ഉയരത്തിലെത്തിയപ്പോഴാണ് മോട്ടോർ തകരാറിലായത്. തുടർന്ന് റെഡ്ഡിയും വൈദ്യയും പാരാഗ്ലൈഡറിനൊപ്പം കടലിലേക്ക് പതിക്കുകയായിരുന്നു. കയറും ഗ്ലൈഡറിന്റെ മറ്റുഭാഗങ്ങളും ശരീരത്തിൽ കുടുങ്ങിയതിനാൽ റെഡ്ഡിക്ക് നീന്താൻ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് സുരക്ഷാ ജാക്കറ്റുകളുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. കുടുങ്ങിക്കിടന്ന റെഡ്ഡിയെ ഏറെനേരം പ്രയത്നിച്ചാണ് സുരക്ഷാഗാർഡുകളും സമീപവാസികളുംചേർന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡിനെത്തുടർന്ന് ആറുമാസത്തോളം നിർത്തിവെച്ച പാരാഗ്ലൈഡിങ്ങ് വെള്ളിയാഴ്ചയാണ് ബീച്ചിൽ പുനരാരംഭിച്ചത്. ബെംഗളൂരുവിൽ താമസമാണ് റെഡ്ഡിയുടെ കുടുംബം. കുടുംബാംഗങ്ങളുടെ കൺമുന്നിലായിരുന്നു അപകടം.അതേസമയം, തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽനിന്ന് ആംബുലൻസ് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിൽ വിളിച്ചറിയിച്ച് അരമണിക്കൂറോളം കാത്തുനിന്നതിനുശേഷം പോലീസ് വാഹനത്തിലാണ് റെഡ്ഡിയെ ആശുപത്രിയിലെത്തിച്ചത്.അപകടത്തെത്തുടർന്ന് ബീച്ചിലെ പാരാഗ്ലൈഡിങ്ങ് താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്. കാർവാർ ബീച്ചിൽ പാരാഗ്ലൈഡിങ് തുടങ്ങിയശേഷം ആദ്യമായാണ് ഇത്തരമൊരു അപകടം. സംഭവത്തിൽ കാർവാർ സിറ്റി പോലീസ് അന്വേഷണം തുടങ്ങി. മതിയായ സുരക്ഷാസംവിധാനങ്ങൾ പാലിക്കാത്തതിനാൽ നടത്തിപ്പുകാരനായ വിദ്യാധർ വൈദ്യയ്ക്കെതിരേ കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/33sACer
via IFTTT
0 അഭിപ്രായങ്ങള്‍