സി.പി.എമ്മിനെ സംബന്ധിച്ച് അധികാരത്തിന്റെ ശേഷിച്ച പച്ചത്തുരുത്താണ് കേരളം. എന്നാൽ, ഭരണത്തിനു നേതൃത്വംനൽകുന്ന പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്വരെ സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഇ.ഡി.യുടെ കസ്റ്റഡിയിലായി. മറുഭാഗത്ത് മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിൽ പാർട്ടിയുടെ അമരക്കാരനുമായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബെംഗളൂരുവിൽ ഇ.ഡി.യുടെ കസ്റ്റഡിയിലാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസുകളുടെ തുടർച്ചയായാണിത്. വ്യാഴാഴ്ച കാലത്തും ഉച്ചയ്ക്കുമായി നടന്ന രണ്ട് സംഭവങ്ങളും കേരള സി.പി.എമ്മിനു സൃഷ്ടിച്ച പ്രതിസന്ധി സമാനതകളില്ലാത്തതാണ്. എന്നാൽ, മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതിലൊന്നും നേരിട്ട് ബന്ധമില്ലെന്ന ഔദ്യോഗിക പ്രതികരണം പതിവുപോലെ സി.പി.എമ്മിൽനിന്നുണ്ടായി. രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്ര ഏജൻസികൾ പകപോക്കുകയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ശിവശങ്കറിന്റെ ചെയ്തികൾക്ക് പ്രധാനമന്ത്രിക്കുവരെ ഉത്തരവാദിത്വമുണ്ടെന്ന പുതിയ വ്യാഖ്യാനവും ഇതിന്റെ ഭാഗമായാണ്. വെള്ളിയാഴ്ച പാർട്ടി കേന്ദ്രക്കമ്മിറ്റി ചേരാനിരിക്കെയാണ് കേരളത്തിലെ രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർന്നുവരുന്നത്. എന്നാൽ, കേന്ദ്ര നേതൃത്വം ഇതിനകംതന്നെ ഇക്കാര്യത്തിൽ കേരള നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇത് കേന്ദ്രക്കമ്മിറ്റിയിൽ പ്രത്യേക വിഷയമായി വരുമെന്ന് ആരും കരുതുന്നില്ല. പതിവുപോലെ ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനും വരുന്ന തിരഞ്ഞടുപ്പുകളോടുള്ള സമീപനങ്ങളുമായിരിക്കും രണ്ടുദിവസത്തെ കേന്ദ്രക്കമ്മിറ്റി യോഗം ചർച്ചചെയ്യുക. എന്നാൽ, പാർട്ടിക്കകത്തും അനുഭാവികളിലും ഇതെല്ലാമുണ്ടാക്കുന്ന അമർഷവും മടുപ്പും തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നാളുകളിൽ കാണാതെ പോകാനാവില്ലെന്നു വിശ്വസിക്കുന്നവർ നേതൃത്വത്തിൽ തന്നെയുണ്ട്. പരസ്യപ്രതികരണത്തിന് ആരും തയ്യാറാവുന്നില്ലെന്നു മാത്രം. വിഭാഗീയതയുടെ നാളുകളിൽ ഉണ്ടായിരുന്നതുപോലുള്ള അന്തരീക്ഷം ഇപ്പോൾ കേരള പാർട്ടിയിൽ ഇല്ല. അതുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വത്തിന് വിമർശനങ്ങളെ ഭയക്കേണ്ട കാര്യമില്ല. പാർട്ടി വിശദീകരണങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ സംഘടനാസംവിധാനംകൊണ്ട് നേതൃത്വത്തിനു കഴിയും. എന്നാൽ, രണ്ട് വിഷയങ്ങളുമുന്നയിച്ച് യു.ഡി.എഫും ബി.ജെ.പി.യും ഉയർത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭങ്ങൾ ഇതുസംബന്ധിച്ച ചർച്ചകളും സജീവമാക്കി നിർത്താൻ വഴിയൊരുക്കുമെന്ന് സി.പി.എം. തിരിച്ചറിയുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒരുക്കം കൂട്ടുന്നതിനിടയിലാണ് ഇത്തരം വിവാദങ്ങൾ വളർന്നുവരുന്നതെന്നതാണ് സി.പി.എമ്മിനെ കുഴക്കുന്നത്. അവയോട് മുഖംതിരിച്ചു നിൽക്കാൻ കഴിയില്ലെന്നും അവർക്കറിയാം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെയും കേന്ദ്ര ഏജൻസികളെയും കുറ്റപ്പെടുത്തി പ്രതിരോധം ശക്തമാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് മാധ്യമ നുണകൾക്കെതിരേ നവംബർ ഒന്നിന് സി.പി.എം. ആഹ്വാനം ചെയ്തിരിക്കുന്ന ജനകീയ കൂട്ടായ്മ.
from mathrubhumi.latestnews.rssfeed https://ift.tt/2HNlpfg
via IFTTT
0 അഭിപ്രായങ്ങള്‍