ഡല്‍ഹി സര്‍വകലാശാല വി.സിയെ രാഷ്ട്രപതി സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി : ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടർന്ന് ഡൽഹി സർവകലാശാല (ഡി.യു.) വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. വൈസ് ചാൻസലർക്കെതിരേ അന്വേഷണത്തിനും രാഷ്ട്രപതി ഉത്തരവിട്ടിട്ടുണ്ട്.ത്യാഗിയുടെ പേരിലുള്ള ആരോപണത്തിൻമേൽ അന്വേഷണം സുതാര്യമാണെന്ന് ഉറപ്പുവരുത്താൻവേണ്ടിയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറഞ്ഞു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ത്യാഗി അവധിയെടുത്തവേളയിൽ അദ്ദേഹം നേരിട്ടോ അല്ലാതെയോ ഇറക്കിയ ഒരു ഉത്തരവുകൾക്കും നിയമസാധുതയില്ല. അതിനാൽ അവ റദ്ദാക്കുകയും ചെയ്തു. നിയമാനുസൃതമല്ല വൈസ് ചാൻസലർ സർവകലാശാല ഭരിച്ചിരുന്നത്. സർവകലാശാലയിൽ ദുർഭരണത്തിന് ഇത് വഴിയൊരുക്കി. സർവകലാശാലയിൽ സന്ദർശകനായി എത്താറുള്ള രാഷ്ട്രപതി കൃത്യവിലോപത്തിൻമേൽ വൈസ് ചാൻസലറുടെ പേരിൽ ഉയർന്ന ആരോപണങ്ങളിലെ വസ്തുതകൾ പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൂടാതെ ത്യാഗിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാനും രാഷ്ട്രപതി ഉത്തരവിട്ടെന്നും മന്ത്രാലയം വ്യക്തമാക്കി.എയിംസിൽ ചികിത്സയിൽ കഴിയുന്ന ത്യാഗി ജൂലായ് രണ്ടുമുതൽ അവധിയിലാണ്. പ്രോ- വൈസ് ചാൻസലറായ പി.സി. ജോഷിക്കാണ് ജൂലായ് 17 മുതൽ സർക്കാർ വൈസ് ചാൻസലറുടെ ചുമതല നൽകിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച ജോഷിയെ പ്രോ-വി.സി. സ്ഥാനത്തുനിന്ന് ത്യാഗി നീക്കുകയും സർവകലാശാലയിലെ നോൺ-കൊളീജിയറ്റ് വിമൻസ് എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ ഗീത ഭട്ടിനെ പകരം നിയമിക്കുകയും ചെയ്തു. അതേസമയം, പുതിയ രജിസ്ട്രാറായി വികാസ് ഗുപ്തയെ നിയമിച്ചതായി ജോഷി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമാനദിവസം തന്നെ ആക്ടിങ് രജിസ്ട്രാറായും സൗത്ത് കാമ്പസ് ഡയറക്ടറായും പി.സി. ഝായെ ത്യാഗി നിയമിക്കുകയും ചെയ്തു. ഇതോടെ വൈസ് ചാൻസലറും പ്രോ- വൈസ് ചാൻസലറും തമ്മിലുള്ള അധികാര വടംവലിയിൽ ഇടപെട്ട വിദ്യാഭ്യാസമന്ത്രാലയം ത്യാഗി അവധിയിലായതിനാൽ അദ്ദേഹം നടത്തിയ നിയമനത്തിന് സാധുതയില്ലെന്ന് വ്യക്തമാക്കി.ഇതിനു പിന്നാലെ ത്യാഗിയുടെ തീരുമാനങ്ങളെല്ലാം സർവകലാശാലാ ചട്ടങ്ങൾപ്രകാരമാണെന്ന് ഉന്നയിച്ച് ആക്ടിങ് രജിസ്ട്രാറെന്ന് സ്വയം വിശേഷിപ്പിച്ച് ഝാ മന്ത്രാലയത്തിന് കത്തയച്ചത് പ്രശ്നം രൂക്ഷമാക്കി. കത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച മന്ത്രാലയം അദ്ദേഹത്തിനെതിരേ കർശന നടപടിയെടുക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശവും നൽകി.

from mathrubhumi.latestnews.rssfeed https://ift.tt/31SaPek
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍