ലഖ്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട ഹഥ്റാസ് ജില്ലയിലെ ഗ്രാമത്തിന് ചുറ്റും മതിൽ തീർത്ത് പോലീസ്. യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് പോലീസ് മൊബൈൽ പിടിച്ചെടുക്കുകയും ഇവരെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന ആരോപണമുയരുന്നതിനിടയിലാണ് പോലീസിന്റെ പ്രതിരോധ നിര ഗ്രാമത്തിന് ചുറ്റും അണിനിരന്നത്. ഏകദേശം 250 ഓളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ നാലുയൂണിറ്റ് പിഎസി ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ തന്നെ ഗ്രാമത്തിൽ നിന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതിന് രണ്ടുകിലോമീറ്റർ മുമ്പായി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് എല്ലാ പ്രവേശനപാതകളും തടഞ്ഞിരുന്നു. പുറത്തുനിന്നുളളവർ ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനായി പാടത്തും ഇടവഴികളിൽ പോലും പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ബാരിക്കേഡിന് പുറത്ത് കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരെ യുവതിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ഒരു കൗമാരക്കാരൻ സമീപിച്ചിരുന്നു. കുടുംബത്തെ ഭരണകൂടം പൂട്ടിയിട്ടിരിക്കുകയാണെന്നും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും യുവതിയുടെ പിതാവിനെ മർദിച്ചതായും കുട്ടി ആരോപിച്ചു. പോലീസ് ഞങ്ങളുടെ വീട് കൈവശപ്പെടുത്തി. അവർ ടെറസിൽ കയറി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. കുട്ടി പറയുന്നു. മാധ്യമങ്ങളെ കാണാൻ യുവതിയുടെ കുടുംബത്തിന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ കുട്ടി അമ്മാവൻ തനിക്കൊപ്പം വരാനായി ശ്രമിച്ചുവെന്നും പരാജയപ്പെടുകയായിരുന്നുവെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. പുറംലോകവുമായുളള കുടുംബത്തിന്റെ ബന്ധം വിച്ഛേദിച്ച നിലയിലാണ്. അവർ ഞങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. മാധ്യമങ്ങളെ കാണാൻ അനുവദിക്കുന്നില്ല. ഞങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഗ്രാമത്തിലേക്കുളള വഴികൾക്ക് പുറമേ ബലാത്സംഗത്തിനിരയായ യുവതിയുടെ ശുചിമുറിക്ക് പുറത്തുപോലും പോലീസ്സാന്നിധ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഗ്രാമീണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോലീസ് യുവതിയുടെ വീട്ടിലുളള ശുചിമുറിക്ക് മുന്നിൽ പോലും പോലീസ് വലയം തീർത്തിരിക്കുന്നതിനാൽ വീട്ടിലുളള സ്ത്രീകൾ ശുചിമുറിയിൽ പോകാൻ പോലും ബുദ്ധിമുട്ടുകയാണ്. ഗ്രാമീണൻ പറയുന്നു. എന്നാൽ പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും അധികൃതർ പറയുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിലെ മൂന്നുപേർ ഗ്രാമത്തിൽ അന്വേഷണം നടത്തിവരികയാണ്. അതുതീരും വരെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ക്രമസമാധാനം പരിപാലിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഒരു രാഷ്ട്രീയകകക്ഷിയുടെ പ്രതിനിധിസംഘത്തേയും വ്യക്തികളേയും ഗ്രാമത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയില്ല. എഎസ്പി പ്രകാശ് കുമാർ പറഞ്ഞു ഹാഥ്റസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ബലപ്രയോഗത്തിനിടെ രാഹുൽ നിലത്തുവീണിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും 144 ലംഘിക്കൽ, പോലീസിന്റെ കർത്തവ്യം തടസ്സപ്പെടുത്തൽ, കലാപശ്രമം, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഹാഥ്റസിലേയ്ക്ക് കാൽനടയായി പോകുന്നതിനിടെ എംപിമാരായ ഡെറിക് ഒബ്രിയാൻ, പ്രതിമാ മണ്ഡൽ, കക്കോലി ഘോഷ് തുടങ്ങിവരെയും പോലീസ് തടഞ്ഞിരുന്നു. Content Highlights:The Uttar Pradesh police threw a cordon of officers round the village in Hathras district
from mathrubhumi.latestnews.rssfeed https://ift.tt/2EVPsk5
via IFTTT
0 അഭിപ്രായങ്ങള്‍