അമര്‍ സിംഗ് എന്ന ഡീല്‍ മേക്കര്‍

അമർ സിംഗ് ഒപ്പമുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാം നേടാമെന്നായിരുന്നു ഒരു കാലത്ത് അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ പങ്ക് വയ്ക്കപ്പെട്ട പരസ്യമായ രഹസ്യം. നേതാക്കൾ ആഗ്രഹിക്കുന്ന കരുക്കൾ കളത്തിൽ നീക്കി വിജയം നേടിക്കൊടുക്കാനുള്ള സാമർഥ്യം, സൗഹൃദത്തിന്റെ വല വീശി അധികാരത്തിന്റെ കടലിൽ നിന്ന് വൻസ്രാവുകളെ പിടിക്കാനുള്ള ചതുരുപായങ്ങൾ, പതിവ് മാനദണ്ഡങ്ങളുടെ പരിചിത വലയത്തിനുള്ളിൽ മടിച്ചു നിൽക്കാതെ കൊണ്ടും കൊടുത്തും നേടാനുള്ള വൈദഗ്ധ്യം തുടങ്ങിയ ഘടകങ്ങളുടെ ചേരുവയായിരുന്നു അമർ സിംഗ്. ഇടനിലക്കാരന്റെ മുഖമുള്ള രാഷ്ട്രീയക്കാരൻ എന്ന നിർവചനത്തിന് അമർ സിംഗ് സ്വയം ഉദാഹരണമായതങ്ങനെയാണ്. 1996 മുതൽ 2010 വരെയുള്ള പതിനാല് വർഷത്തെ ദേശീയ രാഷ്ട്രീയം അമർ സിംഗ് എന്ന അസംഗഡുകാരനായ ഡീൽ മേക്കറുടെയും കിംഗ് മേക്കറുടെയും വിരലനക്കങ്ങളിൽ കറങ്ങിത്തിരിഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കളും വൻകിട വ്യവസായികളും ചലച്ചിത്ര താരങ്ങളും അമർസിംഗിന്റെ സൗഹൃദ ലോകം വിരിച്ച പട്ടു പരവതാനിയിലൂടെ സഞ്ചരിക്കുകയും വീലർ-ഡീലർ എന്ന വിശേഷണത്തിന്റെ വ്യാഖ്യാനങ്ങളിൽ അമർ സിംഗിനെ അവരോധിക്കുകയും ചെയ്തു. എന്നിട്ടും സിംഗപ്പൂരിലെ ആശുപത്രിയിൽ ഒട്ടും ആർഭാടമില്ലാതെ മരണമെത്തുമ്പോഴേക്ക് സ്വയം സൃഷ്ടിച്ച രാഷ്ട്രീയലോകത്തിന് പോലും അമർ സിംഗ് അപരിചിതനായി എന്നത് മറ്റൊരു യാഥാർഥ്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ രാജ്യത്ത് നടപ്പായ ഉദാരവൽക്കരണം ഇന്ത്യൻ രാഷ്ട്രീയത്തിലാവാഹിച്ച ധനാധിപത്യത്തിന്റെ പ്രതീകമാണ് അമർ സിംഗ്. പണവും അധികാരവും കെട്ടുപിണഞ്ഞ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. ഇക്കാര്യം മറച്ചു വയ്ക്കാൻ അമർ സിംഗ് ഒരിക്കലും മുതിർന്നിട്ടുമില്ല. 1996 ൽ ദേശീയ രാഷ്ട്രീയത്തിലെത്തിയത് മുതൽ എന്നെ അധികാര ദല്ലാൾ എന്നാണ് മാധ്യമങ്ങൾ വിളിക്കുന്നതെന്നായിരുന്നു അടുത്ത കാലത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒട്ടും പരിഭവമില്ലാതെ അമർ സിംഗ് പറഞ്ഞത്. ഒരു കാലത്ത് ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടിയുടെ മുഖവും മുലായം സിംഗ് യാദവിന്റെ വലം കയ്യുമായിരുന്ന അമർ സിംഗിന്റെ ജീവിതം സിനിമകളെ തോൽപിക്കുന്ന നാടകീയത കലർന്നതാണ്. കോൺ്ഗ്രസ് രാഷ്ട്രീയത്തിലൂടെയായിരുന്നു അമർ സിംഗിന്റെ തുടക്കം. ഉത്തർപ്രദേശിലെ അസംഗഡിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊൽക്കത്തയിലായിരുന്നു തുടർന്ന് അമർ സിംഗിന്റെ ജീവിതം. കൊൽക്കത്ത സെന്റ് സേവ്യേഴ്സിലായിരുന്നു കോളേജ് വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താൽപര്യം കാട്ടിയ അമർ സിംഗ് കോൺഗ്രസിന്റെ കൊൽക്കത്തയിലെ ബുരാബസാർ ജില്ലാ കമ്മിറ്റി സെക്രട്ടറിയായാണ് തുടങ്ങിയത്. പിന്നീട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി മാറിയ കോൺഗ്രസ് നേതാവ് വീർ ബഹാദൂർ സിംഗുമായുള്ള അടുപ്പം ആരംഭിക്കുന്നത് കൊൽക്കത്ത ജീവിത കാലത്താണ്. വീർ ബഹാദൂർ സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ അമർസിംഗ് ലഖ്നോ കേന്ദ്രീകരിച്ച് ചെറുകിട ബിസിനസുകൾ ആരംഭിച്ചു. ഇക്കാലത്ത് മാധവറാവു സിന്ധ്യ ഉൾപ്പെടെയുള്ള നേതാക്കളുമായും സൗഹൃദം തുടങ്ങി. ബി.സി.സി.ഐ തിരഞ്ഞടുപ്പിൽ ജഗ്മോഹൻ ഡാൽമിയയെ ഒരു വോട്ടിന് മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയതിന് പിന്നിൽ അമർ സിംഗിന്റെ കരുനീക്കങ്ങളായിരുന്നു. അമർ സിംഗ് എന്ന പിൽക്കാല ചാണക്യന്റെ പാഠശാലകളായിരുന്നു ഇക്കാലങ്ങൾ. എന്നാൽ വീർ ബഹാദൂർ സിംഗ് രാഷ്ട്രീയത്തിൽ മങ്ങിത്തുടങ്ങിയപ്പോൾ എതിരാളിയായിരുന്ന മുലായം സിംഗ് യാദവിന്റെ കളരിയിലെത്താൻ അമർ സിംഗ് മടിച്ചില്ല എന്നതാണ് പിൽക്കാല വിജയങ്ങളുടെ അടിത്തറയൊരുക്കിയത്. മുലായം സിംഗ് യാദവ് സമാജ്വാദി പാർട്ടി രൂപവൽക്കരിച്ചപ്പോൾ അമർ സിംഗ് സ്ഥാപകാംഗമായി. 1996 ൽ രാജ്യസഭാംഗമായി. പിന്നീട് അമർ സിംഗ് തിരിഞ്ഞു നോക്കിയിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ സമാജ് വാദിപാർട്ടിയുടെ പ്രധാനമുഖമായി മാറിയ അമർ സിംഗ് ദേശീയ തലത്തിലെ രാഷ്ട്രീയ നീക്കങ്ങളുടെ അമരക്കാരിലൊരാളാകാൻ വൈകിയില്ല. പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്ക് മുലായം സിംഗ് അനിവാര്യമായ ഘടകമായതോടെ ചരട് വലികളുമായി അമർ സിംഗ് അണിയറയിൽ നിറഞ്ഞു.ഹിന്ദിയിലൊതുങ്ങുന്ന മുലായം സിംഗിന്റെ ഇംഗ്ലീഷ് നാവായി അമർസിംഗ്. ബി.ജെ.പിക്കും കോൺഗ്രസിനും ബദൽ രൂപവൽക്കരിക്കാനുള്ള മൂന്നാം മുന്നണി നീക്കങ്ങൾക്ക് പോലും അമർ സിംഗിന്റെ ഡൽഹിയിലെ വസതി വേദിയായി. ഇന്ത്യ-അമേരിക്ക ആണവ കരാറിനെച്ചൊല്ലി ഒന്നാം യു.പി.എ.സർക്കാരിനുള്ള പിന്തുണ ഇടതു പാർട്ടികൾ പിൻവലിച്ച ഘട്ടത്തിലാണ് അമർ സിംഗിന്റെ രാഷ്ട്രീയ സാമർഥ്യം ഒരിക്കൽ കൂടി ദേശീയ രാഷ്ട്രീയം കണ്ടത്. കരാറുമായി മുന്നോട്ട് പോകാൻ ഡോ.മൻമോഹൻസിംഗിനും യു.പി.എ.ക്കും പിൻബലം നൽകിയത് സമാജ് വാദി പാർട്ടിയുടെ പിന്തുണയായിരുന്നു. അതിന് പിന്നിലെ ബുദ്ധി അമർ സിംഗ് തന്നെ. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സർക്കാരിനെ പിന്തുണയ്ക്കാൻ മൂന്ന് ബി.ജെ.പി എം.പി മാർക്ക് അമർ സിംഗ് കോഴ കൊടുത്തു എന്ന ആരോപണം തൊട്ടു പിന്നാലെ എത്തിയതും ഹിലാരി ക്ലിന്റൺ ഫൗണ്ടഷന് 5 മില്യൻ ഡോളർ അമർ സിംഗ് സംഭാവന നൽകിയെന്ന വിവാദവും പിൽക്കാല ചരിത്രം ! എന്നാൽ ആണവകരാറിന് നൽകിയ പിന്തുണയുടെ പ്രതിഫലം 2009 ലെ തിരഞ്ഞെടുപ്പ് വിജയത്തിൽ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ സമാജ് വാദി പാർട്ടിക്കും മുലായം-അമർ സിംഗ് കൂട്ടുകെട്ടിനും പിഴച്ചു. രണ്ടാം യു.പി.എ സർക്കാരിൽ തങ്ങളെ കോൺഗ്രസ് അംഗമാക്കുമെന്ന കണക്ക് കൂട്ടൽ പാളിയതോടെ ദേശീയ രാഷ്ട്രീയത്തിൽ എസ്.പി.യുടെ തിരിച്ചടിക്ക് തുടക്കമായി, അമർ സിംഗിന്റെയും. 2009 മുതൽ അമർ സിംഗിന് ക്ഷീണകാലമാണ്. മുലായം സിംഗിന്റെ മകൻ അഖിലേഷ് യാദവിന്റെ ഉയർച്ച അമർ സിംഗിന് ക്ഷീണമായി. വിദേശ വിദ്യാഭ്യാസം നേടിയെത്തിയ അഖിലേഷിന് അമർസിംഗിന്റെ പ്രവർത്തന രീതികളിൽ താൽപര്യമുണ്ടായിരുന്നില്ല. മുലായം സിംഗിനെ വഴി തെറ്റിക്കുന്നത് അമർ സിംഗാണെന്ന തോന്നൽ ശക്തമായ അഖിലേഷും പാർട്ടിയുടെ ചരടുകൾ മുഴവുൻ അമർസിംഗിനാണെന്ന യാഥാർഥ്യത്തിൽ അസ്വസ്ഥരായ പ്രാദേശിക നേതാക്കളും പാർട്ടിയിൽ പുതിയ ചേരിയുണ്ടാക്കി. 2009 ലെ ഉപതിരഞ്ഞെടുപ്പിൽ അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ പരാജയത്തിന്റെ പിന്നിൽ അമർ സിംഗാണെന്ന ആരോപണവും ശക്തമായി. നില പരുങ്ങലിലായ അമർ സിംഗ് രാജിക്കത്ത് നൽകിയെങ്കിലും മുലായം സിംഗ് സ്വീകരിച്ചില്ല. എന്നാൽ ,പാർട്ടിയിൽ മുലായം സിംഗിന്റെ സ്വാധീനം ദുർബലമായി തുടങ്ങിയതോടെ 2010 ൽ അമർ സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തുടർന്ന് സുഹൃത്തായ ജയപ്രദക്കൊപ്പം ചേർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയെങ്കിലും വേര് പിടിച്ചില്ല. 2011 ൽ ഹ്രസ്വകാലം ജയിലിലുമായി. തുടർന്ന് 5 വർഷത്തോളം രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന അമർ സിംഗ് മുലായം സിംഗ് യാദവിന്റെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്ക് മടങ്ങിയെത്തിയെങ്കിലും മാറി പോയ കാലവും മാറി തീർന്ന രാഷ്ട്രീയവും പഴയ അമർ സിംഗാകാൻ അവസരം നൽകിയില്ല. വിവാദങ്ങൾ ഒരിക്കലും അമർ സിംഗിന് അപരിചിതമായ കളിക്കളമായിരുന്നില്ല.ബോളിവുഡും വൻകിട വ്യവസായ ലോബിയും എക്കാലത്തും അമർ സിംഗിന്റെ സൗഹൃദങ്ങളായിരുന്നു. അമിതാഭ് ബച്ചനും അനിൽ അംബാനിയും സഹാറയുടെ ഉടമ സുബ്രതാ റോയിയും അമർ സിംഗിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ബച്ചൻ കുടുംബവുമായി ഇണങ്ങിയും പിണങ്ങിയുമുള്ള ദീർഘകാലബന്ധമാണ് അമർസിംഗിനുള്ളത്. സഹാറ എന്ന വ്യവസായ സാമ്രാജ്യം തഴച്ചു വളർന്നത് ഉത്തർപ്രദേശിലെ സമാജ് വാദി സർക്കാരിന്റെ ഭരണകാലത്താണ്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വൻ വ്യവസായമായി വേരുറപ്പിച്ച കാലത്ത് അമർ സിഗും മുൻനിര ഇടപാടുകാരനായി രംഗത്തുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ വിളി ചോർത്തൽ വിവാദങ്ങൾ ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ സമാജ് വാദി പാർട്ടിയിലെ പിടി അയഞ്ഞതോടെ, അമർ സിംഗിന്റെ അധികാരകാലം അസ്തമിച്ചു തുടങ്ങി. രോഗകാലം ആരംഭിച്ചതോടെ അമർ സിംഗ് തിരിച്ചു വരവിന്റെ വഴിയടഞ്ഞു. ചികിത്സാ കാലത്ത് തന്നെ ഞാൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പാർട്ടി അനുശോചിച്ചേക്കും. എന്നാൽ യഥാർഥ നഷ്ടം എന്റെ കുടുംബത്തിനാണ് എന്നായിരുന്നു നഷ്ടപ്രതാപങ്ങളെ അയവിറക്കി അവസാനകാലത്ത് അമർ സിംഗ് പറഞ്ഞത്. Content Highlights: Remembering, Amar Singh the former SP leader who became Mulayam Singh Yadvas right hand

from mathrubhumi.latestnews.rssfeed https://ift.tt/2Dc0EYL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍