കോഴിക്കോട്: കേരളത്തിൽനിന്ന് നൂറ്റിയിരുപതോളം പേർ ഐ.എസിൽ ചേരുകയോ ചേരാൻ ശ്രമിക്കുകയോ ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഏതാണ്ട് ഇതിനെ ശരിവെക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2018-ൽ ഐ.എസിന് സിറിയയിലും ഇറാഖിലും തിരിച്ചടി നേരിടുമ്പോഴും കേരളത്തിൽനിന്ന് 10 പേർ അവിടേക്ക് പോയി. 2016 മേയ്-ജൂലായ് കാലയളവിലാണ് കേരളത്തിൽനിന്ന് 21 പേരെ കാണാതായത്. ആറു സ്ത്രീകളും മൂന്നു കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരിൽ 17 പേരും കാസർകോട് സ്വദേശികളായിരുന്നു. ഇവരെല്ലാം ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ വിദേശത്തേക്കു പോയതാണെന്ന് പിന്നീട് എൻ.ഐ.എ. (ദേശീയ അന്വേഷണ ഏജൻസി) കണ്ടെത്തി. കാസർകോടുനിന്ന് പോയവരെല്ലാം അഫ്ഗാനിസ്താനിലാണ് എത്തിച്ചേർന്നത്. ഐ.എസിന്റെ കാസർകോട് ഘടകം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എൻ.ഐ.എ. കണ്ടെത്തി. കൂടാതെ ഒമർ അൽ ഹിന്ദി ഘടകം, കണ്ണൂർ ഘടകം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളും സജീവമാണെന്നു മനസ്സിലാക്കി. കണ്ണൂർ ഘടകത്തിൽ ചിലർ സിറിയയിൽ പോകാൻ ശ്രമിച്ചെന്നും വ്യക്തമായി. ഐ.എസിൽ ചേരാൻ പോയവരിൽ പലരും ഇക്കാലത്തിനിടെ കൊല്ലപ്പെട്ടിരിക്കാം എന്നാണു കരുതുന്നത്. മലപ്പുറത്തുനിന്നുള്ള എൻജിനിയറിങ് വിദ്യാർഥിയായ മുഹമ്മദ് മുഹ്‌സിന്റെ കുടുംബത്തിന് മകൻ മരിച്ചതായി 2019 ഓഗസ്റ്റിൽ സന്ദേശം ലഭിച്ചു. അഫ്ഗാനിസ്താനിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹ്‌സിൻ കൊല്ലപ്പെട്ടു എന്നായിരുന്നു സന്ദേശം. കഴിഞ്ഞവർഷം അവസാനം അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിൽ 600 ഭീകരർ കീഴടങ്ങിയകൂട്ടത്തിൽ മലയാളികളുമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2016-ൽ അഫ്ഗാനിസ്താനിൽ പോയ സംഘത്തിലെ അംഗമായ ഫാത്തിമയെന്ന നിമിഷയും ആയിഷയെന്ന സോണിയ സെബാസ്റ്റ്യനും കേരളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നെന്ന് പറയുന്ന വീഡിയോ ഇക്കൊല്ലം മാർച്ചിൽ പ്രചരിച്ചു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചോ ഈ വീഡിയോയുടെ വാസ്തവത്തെക്കുറിച്ചോ വിവരമുണ്ടായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/30MpjLp
via IFTTT
0 അഭിപ്രായങ്ങള്‍