ചെന്നൈ: കളിക്കുന്നതിനിടെ കാറിൽക്കുടുങ്ങി രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടിമരിച്ചു. കള്ളക്കുറിച്ചി ജില്ലയിലെ കുലദീപമംഗലം ഗ്രാമത്തിലെ അയൽവാസികളായ വനിത (4), രാജേശ്വരി (7) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനുസമീപം നിർത്തിയിട്ട കാറിനുള്ളിൽ കളിക്കാനായി കയറി വാതിലടയ്ക്കുകയായിരുന്നു. ഏകദേശം രണ്ടുമണിക്കൂർ ഇവർ കാറിനകത്ത് കുടുങ്ങി. സമീപവാസിയായ രാജയുടേതാണ് കാർ. കാർ ഉപയോഗിക്കാതെ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ ചൈൽഡ്ലോക്ക് സംവിധാനത്തിലെ തകരാർമൂലമാണ് കുട്ടികൾക്ക് വാതിൽതുറന്ന് രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വാതിൽപ്പാളികൾ മൂടിയിരുന്നതിനാൽ കുട്ടികൾ ശബ്ദമുണ്ടാക്കിയാലും പുറത്തുകേൾക്കില്ലായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ പലയിടത്തും അന്വേഷിച്ചു. ഒടുവിൽ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ സമീപത്തെ തിരുക്കോവിലൂർ സർക്കാരാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2D9XWCF
via IFTTT
0 അഭിപ്രായങ്ങള്‍