ജമൈക്ക: വെസ്റ്റിൻഡീസിന്റെ ഇതിഹാസ ബാറ്റ്സ്മാൻ എവർട്ടൺ വീക്ക്സ് (95) അന്തരിച്ചു. 2019-ൽ ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ വീക്ക്സിന്റെ അന്ത്യം ബുധനാഴ്ചയായിരുന്നു. കരീബിയൻ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു. വിൻഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച ത്രീ ഡബ്ല്യൂസിലെ പ്രധാന താരവും വീക്ക്സായിരുന്നു. ബാർബഡോസിൽ ജനിച്ച ക്ലൈഡ് വാൽക്കോട്ട്, ഫ്രാങ്ക് വോറെൽ, എവർട്ടൺ വീക്ക്സ് എന്നീ മൂവർ സംഘത്തിന് ചാർത്തിക്കിട്ടിയ പേരായിരുന്നു ഇത്. ഇതിൽ വോറെൽ 1967-ലും വാൽക്കോട്ട് 2006-ലും അന്തരിച്ചു. 1948 മുതൽ 1958 വരെ വിൻഡീസിനായി 48 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചു. 58.62 ശരാശരിയിൽ 4,455 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും അടിച്ചുകൂട്ടി. 22-ാം വയസിൽ കെന്നിങ്ടണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു വീക്ക്സിന്റെ അരങ്ങേറ്റം. ട്രിനിഡാഡിൽ പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം. ടെസ്റ്റിൽ തുടർച്ചയായ അഞ്ചു സെഞ്ചുറികൾ നേടി റെക്കോഡിട്ട താരം കൂടിയാണ് വീക്ക്സ്. 1948-ൽ ഇംഗ്ലണ്ടിനെതിരെ ജമൈക്കയിൽ 141 റൺസ്. പിന്നാലെ അതേ വർഷം ഇന്ത്യയിലെത്തിയപ്പോൾ ഡൽഹിയിൽ 128, ബോംബെയിൽ (മുംബൈ) 194, കൊൽക്കത്തയിൽ 162, 101 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ. തുടരെ ആറാം സെഞ്ചുറി എന്ന റെക്കോഡും വീക്ക്സിന് മുൻപിലെത്തിയെങ്കിലും മദ്രാസിൽ 90 റൺസിൽ നിൽക്കെ റണ്ണൗട്ടാകുകയായിരുന്നു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ചതിന്റെ റെക്കോഡ് ഇംഗ്ലണ്ടിന്റെ ഹെബെർട്ട് സറ്റ്ക്ലിഫെയ്ക്കൊപ്പം പങ്കിടുന്ന താരം കൂടിയാണ് വീക്ക്സ്. 100 റൺസ് തികയ്ക്കാനായി ഒമ്പതു ടെസ്റ്റുകളിലെ 12 ഇന്നിങ്സുകളേ ഇരുവർക്കും വേണ്ടി വന്നുള്ളൂ. ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയിം അംഗവും കൂടിയാണ്. വീക്ക്സിന്റെ വിയോഗത്തിൽ വിൻഡീസ് ക്രിക്കറ്റ് ബോർഡും ഐ.സി.സിയും അനുശോചനം രേഖപ്പെടുത്തി. Content Highlights: West Indies batting great Everton Weekes passes away at 95
from mathrubhumi.latestnews.rssfeed https://ift.tt/2CW2yfD
via IFTTT
0 അഭിപ്രായങ്ങള്‍