മാനന്തവാടിയിലെ ദുരൂഹമരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി അമ്പുകുത്തി കല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50), പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചൻ (55) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനെ (50) മൈസൂരു റോഡിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ മരണത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ചൊവ്വാഴ്ചതന്നെ വാസുവിനെയും തങ്കച്ചനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ഉണ്ണികൃഷ്ണനും വാസുവും തങ്കച്ചനും സുഹൃത്തുക്കളായിരുന്നെന്നും ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്നും ജില്ലാപോലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു. സുഹൃത്തുക്കളായ ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കാറുള്ളതായും ഇടയ്ക്ക് വഴക്കുണ്ടാക്കാറുള്ളതായും പോലീസ് പറഞ്ഞു. സംഭവദിവസം ഇവർ രണ്ടു തവണ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഉണ്ണികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ തലയ്ക്ക് മുറിവുണ്ടായിരുന്നതായും സംഭവസ്ഥലത്ത് അടിപിടി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. മദ്യലഹരിയിൽ തർക്കമുണ്ടായപ്പോൾ തങ്കച്ചനും വാസുവും ചേർന്ന് ഉണ്ണികൃഷ്ണനെ ചവിട്ടുകയും തലയിൽ ഇടിക്കുകയും ചെയ്തിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരിക്കുകൾ മരണത്തിന് കാരണമായതായി പറയുന്നു. മറ്റ് അസുഖങ്ങളുമുള്ള ആളായിരുന്നു കൊല്ലപ്പെട്ട ഉണ്ണികൃഷ്ണൻ. കൊല്ലപ്പെട്ട ഉണ്ണികൃഷ്ണൻ പത്താമത്തെ വയസ്സിൽത്തന്നെ നാടു വിട്ടയാളാണെന്ന് പോലീസ് പറഞ്ഞു. കുറെ വർഷങ്ങളായി മാനന്തവാടിയിൽത്തന്നെയായിരുന്നു താമസം. പഴയ സാധനങ്ങൾ പെറുക്കി വിറ്റാണ് ഉണ്ണികൃഷ്ണൻ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. Content Highlights: Mananthavady Murder Case

from mathrubhumi.latestnews.rssfeed https://ift.tt/2BU6YDo
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍