യുഎസ്സിലെ പ്രതിഷേധം ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്, കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

വാഷിങ്ടൺ: ആഫ്രിക്കൻ വംശജന്റെ മരണത്തിന് പിന്നാലെ യുഎസ്സിൽ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാൻ ആയുധധാരികളായ കൂടുതൽ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകർത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികൾ ശക്തിപ്പെടുത്തിയത്. വാഷിങ്ടൺ നഗരത്തിൽ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണ്. ആഭ്യന്തര ഭീകരവാദമാണ് അത്. നിങ്ങൾ ക്രിമിനൽ ശിക്ഷാനടപടികളും ദീർഘകാലം ജയിൽവാസവും നേരിടേണ്ടിവരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് എനിക്ക് പറയാനുള്ളത് എന്നും ട്രംപ് പറഞ്ഞു. ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡ് പോലീസ് പീഡനത്തിൽ മരിച്ചതിനെത്തുടർന്ന് യു.എസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസവും യുഎസ്സിൽ തുടരുകയാണ്. അക്രമങ്ങൾ വ്യാപകമായതിനെതുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 75-ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. കർഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളിൽ ആയിരങ്ങൾ പങ്കുചേർന്നു. ന്യൂയോർക്ക്, ഷിക്കാഗോ, ഫിലാഡൽഫിയ, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളിൽ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഒട്ടേറെ പോലീസ് വാഹനങ്ങൾ അഗ്നിക്കിരയായി. കടകൾ കൊള്ളയടിക്കപ്പെട്ടു. കൊള്ളയും തീവെപ്പും റോഡ് ഉപരോധവും തുടരുകയാണ്. ലൂയിസ്വിലിൽ ഞായറാഴ്ചരാത്രി പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു പ്രതിഷേധക്കാരൻ മരിച്ചു. രാജ്യത്താകെ 4400 പേർ അറസ്റ്റിലായിട്ടുണ്ട്. പലയിടത്തും പോലീസുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നു. ഇതേത്തുടർന്ന് പോലീസിനെ സഹായിക്കാൻ 15 സംസ്ഥാനങ്ങളിലായി 5000 നാഷണൽ ഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്. നൂറുകണക്കിന് പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് പുറത്തും അക്രമം തുടങ്ങിയതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒരുമണിക്കൂറോളം ഭൂഗർഭ അറയിലേക്ക് മാറ്റി. ഭീകരാക്രമണമുണ്ടാവുമ്പോഴാണ് സാധാരണ പ്രസിഡന്റിനെ അതിസുരക്ഷാ അറയിലേക്ക് മാറ്റാറ്. വൈറ്റ്ഹൗസിനടുത്തുള്ള സെയ്ന്റ് ജോൺസ് എപിസ്കോപൽ ചർച്ചിന് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനകെട്ടിടങ്ങൾ കൈയേറി. വൈറ്റ്ഹൗസിന്റെ ഗേറ്റിനുപുറത്ത് വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതേത്തുടർന്ന് വൈറ്റ്ഹൗസിലെ വിളക്കുകൾ അധികൃതർ അണച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ മുദ്രാവാക്യം വിളിച്ചവരെ നാഷണൽ ഗാർഡ് കണ്ണീർ വാതകം പ്രയോഗിച്ചാണ് തുരത്തിയത്. Content Highlights:Trump Orders Military Deployment In Washington says protest id Domestic Terror

from mathrubhumi.latestnews.rssfeed https://ift.tt/3gLDdEE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍