കാഠ്മണ്ഡു: തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി.എന്നാൽ അട്ടിമറി ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ നിക്കങ്ങൾക്ക് പിന്നിൽ ആരാണെന്ന് നേപ്പാൾ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. രാജിവെക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അടിയൊഴുക്കുകൾ തനിക്ക് മനസിലാകുന്നുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന മദൻ ഭണ്ഡാരിയുടെ 69-ാം ജന്മദിനത്തിൽ നടന്ന പരിപാടിയിലാണ് കെ.പി. ശർമ ഒലി ഇക്കാര്യം പറഞ്ഞത്. എംബസികളിലും ഹോട്ടലുകളിലുമായി പലനീക്കങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ രാഷ്ട്രീയക്കാരും തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാണെന്നുള്ള സൂചനകളും നേപ്പാൾ പ്രധാനമന്ത്രി നൽകുന്നുണ്ട്. നേപ്പാളിലെ ഭരണകക്ഷിയ്ക്കകത്തും അഭിപ്രായ വ്യത്യാസങ്ങൾ പെരുകുകയാണ്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ പുഷ്പ കമൽ ദഹലുമായി കെ.പി. ശർമ ഒലിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പുഷ്പ കമൽ ദഹൽ നേപ്പാൾ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയിരുന്നു. മുമ്പ് ചൈനയുമായി വ്യാപാര കരാർ ഒപ്പിട്ടതിന് പിന്നാലെ തന്റെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായി. എന്നാൽ അന്ന് ആവശ്യത്തിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇന്ന് തനിക്ക് സഭയിൽ കൃത്യമായ ഭൂരിപക്ഷമുണ്ട്. ആർക്കും തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനാകില്ലെന്നും കെ. പി. ശർമ ഒലി പറഞ്ഞു. കാലാപാനിയെ സംബന്ധിച്ച് ഇന്ത്യയുമായുള്ള തർക്കത്തിലും ഇദ്ദേഹം വിശദീകരണം നൽകുന്നുണ്ട്. പുതിയ അവകാശവാദത്തിൽ താൻ തെറ്റായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 146 വർഷത്തോളമായി നേപ്പാളിന് ആ ഭൂപ്രദേശത്തിന് മേൽ അധികാരമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 58 വർഷമായി അത് നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് കാലാപാനി ഉൾപ്പെടുത്തി നേപ്പാൾതങ്ങളുടെ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിക്കുകയും അതിന് ഭരണഘടനാ ഭേദഗതിയിലൂടെ നിയമപ്രാബല്യം നൽകുകയും ചെയ്തത്. എന്നാൽ ഈ നീക്കം ഇന്ത്യ അംഗീകരിച്ചിട്ടില്ല. അതേസമയം പാർട്ടിക്കകത്ത് പ്രധാനമന്ത്രിക്കെതിരെ അടിയൊഴുക്കുകളുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിയുമായി കൂടിയാലോചിക്കാതെ പലതും പ്രധാനമന്ത്രി ഏകപക്ഷീയമായി ചെയ്യുന്നുവെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. Content Highlights:Efforts are being made to oust me: Nepal PM K P Sharma Oli
from mathrubhumi.latestnews.rssfeed https://ift.tt/3gduF8J
via IFTTT
0 അഭിപ്രായങ്ങള്‍