കൊച്ചി: വന്ദേ ഭാരത് ദൗത്യത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് നടത്തുന്ന പ്രവർത്തനങ്ങളിൽ ബി.ജെ.പി. നേതൃത്വത്തിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തി. പാർട്ടിയെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്, ഗൾഫിൽനിന്നും മറ്റും നാട്ടിലേക്ക് കൊണ്ടുവരുന്നവരെ നിശ്ചയിക്കുന്നതിൽ പാർട്ടിയും നേതാക്കളും നിർദേശിക്കുന്ന കാര്യങ്ങൾ നടക്കുന്നില്ല, കോൺഗ്രസും മുസ്ലിം ലീഗും പറയുന്ന കാര്യങ്ങളാണു നടക്കുന്നത് തുടങ്ങിയ ആരോപണങ്ങളാണ് ശനിയാഴ്ച ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്. സി.കെ. പത്മനാഭൻ ഒഴിച്ചുള്ള മുതിർന്ന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിയുടെ ഓഫീസിൽ ബി.ജെ.പി.ക്കല്ല, കോൺഗ്രസിനാണ് സ്വാധീനമെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. ഓഫീസിൽ ഒരു കോൺഗ്രസുകാരിയെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിച്ചിട്ടുണ്ടെന്നും അവർവഴിയാണ് അനധികൃതമായി മറ്റു പാർട്ടിക്കാർ കാര്യങ്ങൾ നേടുന്നതെന്നുമായിരുന്നു വിമർശനം. ഡി.ആർ.ഡി.ഒ.യുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതി കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ ഓഫീസിൽ കയറിയിറങ്ങുന്നു, ഓഫീസിൽ പാർട്ടിയുടെയും നേതാക്കളുടെയും വാക്കുകൾക്ക് വിലയില്ല തുടങ്ങിയ അഭിപ്രായങ്ങളുമുയർന്നു. സംസ്ഥാന സർക്കാരിനെതിരേ മുരളീധരൻ നടത്തുന്ന വിമർശനങ്ങളിലും നേതാക്കൾ അതൃപ്തിയറിയിച്ചു. സംസ്ഥാന സർക്കാരിനെ കേന്ദ്രസർക്കാർ അഭിനന്ദിച്ചെന്ന കാര്യത്തിൽ കേന്ദ്രമന്ത്രിതന്നെ വിവാദത്തിനിറങ്ങിയത് കേന്ദ്രസർക്കാരിനുതന്നെ നാണക്കേടുണ്ടാക്കുന്നതായെന്നും നേതാക്കൾ കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിൽ നേതാക്കൾക്ക് ചുമതലകൾ നൽകുന്ന കാര്യം ചർച്ചചെയ്തു. ബോർഡ്-കോർപ്പറേഷനുകളിൽ ഉള്ള ഒഴിവുകൾ നികത്താൻ കേന്ദ്ര നേതൃത്വത്തിൽ ഇടപെടണമെന്നും ചർച്ചയുണ്ടായി. content highlights: krishnadas faction criticises v muraleedharans offices activities in vande bharath mission
from mathrubhumi.latestnews.rssfeed https://ift.tt/386fHOZ
via IFTTT
0 അഭിപ്രായങ്ങള്‍