വാട്സ്‌ ആപ്പ് ഗ്രൂപ്പിലൂടെ നഗ്നചിത്രം: മലപ്പുറം ജില്ലയിൽ 30-ലേറെ പേർ പ്രതികളാകും

എടപ്പാൾ: വാടസ്‌ ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മലപ്പുറംജില്ലയിൽ 30-ലേറെ പേരെ പോലീസ് തിരിച്ചറിഞ്ഞു. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന്‌ പിറകേ ജില്ലയിലെ വിവിധ പോലീസ്‌സ്റ്റേഷൻ പരിധികളിൽ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്.കുറ്റിപ്പുറം, കല്പകഞ്ചേരി, വാഴക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, വേങ്ങര, നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ് ഇവർ. 22 മുതൽ 45 വരെ പ്രായമുള്ളവരാണ് ഗ്രൂപ്പിലുള്ളവർ. കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്‌പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കമുള്ള കർശനനിയമങ്ങൾ പാലിക്കുന്നവരെ മാത്രമേ അംഗങ്ങളാക്കിയിരുന്നുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യാഗസ്ഥൻ പറഞ്ഞു. ജില്ലയിലും കേരളത്തിലെ തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തുടങ്ങി മറ്റു ജില്ലകളിലും വിദേശ രാജ്യങ്ങളിലുമായി 300-ഓളം പേരെ കേസിൽ പിടികൂടാനുണ്ടെന്നും ഉദ്യോസ്ഥർ പറഞ്ഞു. ഇത്തരത്തിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുനിസെഫ് വിഭാഗം ഇന്റർപോൾ മുഖേന കേരള പോലീസിനെ അറിയിച്ചതിനെത്തുടർന്നാണ്‌ ഈ വൻ ശൃംഖല നിയമത്തിന്റെ വലയിലകപ്പെട്ടത്.

from mathrubhumi.latestnews.rssfeed https://ift.tt/2AwEwqr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍