സ്രവമെടുപ്പിന് പോയ ആരോഗ്യപ്രവർത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; 20 ആളുടെ പേരിൽ കേസ്

കാസർകോട്: കുമ്പള പെർവാഡ് കടപ്പുറത്ത് കോവിഡ് സാമൂഹികവ്യാപനസാധ്യതാ പരിശോധനയ്ക്കു പോയ ആരോഗ്യപ്രവർത്തകർ പരിസരവാസികളുടെ ഭീഷണിയെത്തുടർന്ന് ജോലി പൂർത്തിയാക്കാതെ മടങ്ങി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 16 പേരുടെ സ്രവം പരിശോധനയ്ക്കെടുക്കാൻ പോയതായിരുന്നു നാലു ഡോക്ടർമാരടങ്ങുന്ന എട്ടംഗസംഘം. കടപ്പുറത്ത് സാമൂഹിക ഉപകേന്ദ്രത്തിലായിരുന്നു സ്രവമെടുപ്പ്. 12 പേരുടെ എടുത്തപ്പോഴേക്ക് ഒരുകൂട്ടമാളുകൾ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു. ഇത്തരം പരിപാടികൾ നടത്തിയാൽ ഇവിടെയും രോഗവ്യാപനമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വാഹനം തകർക്കാനും ശ്രമമുണ്ടായി. കുമ്പള പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഒരുവയസ്സുള്ള കുഞ്ഞിന്റെയടക്കം നാലുപേരുടെകൂടി സ്രവം എടുക്കേണ്ടിയിരുന്നു. ഭയന്ന ഇവർ എടുക്കാതെ പിൻവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. ദിവാകര റായിയുടെ പരാതിയിൽ 20 ആളുടെ പേരിൽ കേസെടുത്തതായി കുമ്പള ഇൻസ്പെക്ടർ പ്രമോദ് അറിയിച്ചു. ഡോ. സിദ്ധാർഥ് രവീന്ദ്രൻ, ഡോ. ഷാഹിൻ ഹ്സദ, ഡോ. ദിവ്യ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വന്ന കോവിഡ് ബാധിതരുമായി ഇടപഴകുന്നവരുടെ പട്ടിക ആരോഗ്യപ്രവർത്തകർ തയ്യാറാക്കുന്നുണ്ട്. ഈ പട്ടികയിൽ പെടുന്നവരെയാണ് നിശ്ചിതകേന്ദ്രങ്ങളിൽ വിളിച്ചുവരുത്തി സ്രവം പരിശോധനയ്ക്കെടുക്കുന്നത്. ഓരോ കേന്ദ്രത്തിനും ദിവസം നേരത്തേ നിശ്ചയിക്കും. അതനുസരിച്ചാണ് സംഘം സ്രവമെടുക്കാൻ ചെല്ലുന്നത്. അതിനുശേഷം ഈ കേന്ദ്രങ്ങൾ അടച്ചിടും. തിങ്കളാഴ്ച രാവിലെ ബദിയടുക്കയിൽ സ്രവമെടുപ്പ് നടത്തിയിരുന്നു. Content Highlight: Threatened health workers; Case against 20 persons

from mathrubhumi.latestnews.rssfeed https://ift.tt/2TY7JRS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍