ചാത്തന്നൂർ (കൊല്ലം) : ലോക് ഡൗൺ ലംഘിച്ച് കുമ്മല്ലൂർ കട്ടച്ചലിലെ വീട്ടിൽ സന്ദർശനം നടത്തിയ അഭിഭാഷകൻ ക്വാറന്റൈനിൽ 'കുടുങ്ങി'. നിയമലംഘനത്തിന് ചാത്തന്നൂർ പോലീസ് കേസെടുത്തു. ഇയാളുടെ വാഹനവും പിടിച്ചെടുത്തു. തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ പ്രമുഖനാണ് ഗൃഹനിരീക്ഷണത്തിൽ കുടുങ്ങിയത്. കഴിഞ്ഞ 27-ന് അഭിഭാഷകൻ തിരുവനന്തപുരം ജില്ലയിൽനിന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചെന്നും കട്ടച്ചലിലെ വീട്ടിലുണ്ടെന്നും അറിഞ്ഞ ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെ ഗൃഹനാഥയുമായി ബന്ധപ്പെടുകയായിരുന്നു. അഭിഭാഷകൻ മറ്റൊരു ജില്ലയിൽനിന്ന് എത്തിയതിനാൽ ക്വാറന്റൈനിൽ തുടരണമെന്ന് പറഞ്ഞു. തുടർന്ന് 28-ന് ആരോഗ്യവകുപ്പ് അധികൃതർ നേരിട്ടെത്തി ഇയാളോട് ഗൃഹനിരീക്ഷണത്തിൽ കഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽനിന്ന് ഒരു പാസ്സും ഇല്ലാതെ നിരോധനാജ്ഞ നിലനിൽക്കുന്ന കല്ലുവാതുക്കൽ, ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തുകളിലൂടെയാണ് ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലേക്ക് എത്തിയത്. ലോക് ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ സന്ദർശനം നടത്തിയിരുന്നകാര്യം വെള്ളിയാഴ്ച വൈകീട്ട് നാട്ടുകാർ പോലീസിൽ അറിയിച്ചു. നിരോധനാജ്ഞയുള്ള പ്രദേശത്തുകൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ കളക്ടർക്ക് വിവരം നൽകിയിരുന്നു. കളക്ടർ ഈ വിവരം ചാത്തന്നൂർ പോലീസിന് കൈമാറുകയും ചെയ്തു. അതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ കുമ്മല്ലൂരിലെ വീട്ടിലേക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തിവിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്ന് കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തിപ്രദേശമായ കട്ടച്ചലിൽ എത്തിയത്. ലോക് ഡൗൺ ലംഘനത്തിന് ചാത്തന്നൂർ പോലീസ് കേസെടുക്കുകയും ഇയാൾ എത്തിയ വാഹനം ചാത്തന്നൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. മാമന്റെ മകളുടെ വീടാണ് കട്ടച്ചലിൽ ഉള്ളതെന്നാണ് അഭിഭാഷകൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കാൻസർ ബാധിച്ച് കോട്ടയത്തുെവച്ച് മരിക്കുകയും ഭർത്താവ് മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാൻ അവിടേക്ക് പോവുകയുംചെയ്തു. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം അദ്ദേഹം കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരെ കോട്ടയത്ത് കൊണ്ടുവിട്ടത് താനാണെന്നും തിരികെ കൊണ്ടുവരുന്നതിനും മറ്റുമായാണ് എത്തിയതെന്നുമാണ് അഭിഭാഷകൻ പോലീസിനോട് പറഞ്ഞത്. സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് അഭിഭാഷകനെതിരേ ലോക് ഡൗൺ ലംഘനത്തിന് കേസെടുത്തതെന്ന് ചാത്തന്നൂർ പോലീസ് പറഞ്ഞു. Content Highlights:an advocate in kollam violated lockdown norms, now in quarantine
from mathrubhumi.latestnews.rssfeed https://ift.tt/3daVOaJ
via IFTTT
0 അഭിപ്രായങ്ങള്‍