കോവിഡ് സംശയിക്കുന്നവരുടെ സ്രവം ശേഖരിച്ചു സൂക്ഷിക്കാൻ ശ്രീചിത്രയുടെ ഉപകരണങ്ങൾ

തിരുവനന്തപുരം: കോവിഡ്-19 സംശയിക്കുന്നവരുടെ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം ശേഖരിക്കുന്നതിനുള്ള ഉപകരണവും സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വികസിപ്പിച്ചു.വൈറസിലെ ജീനുകൾ ആംപ്ലിഫൈചെയ്ത് സാർസ്-കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തി കോവിഡ് സ്ഥിരീകരിക്കുന്നത് മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമുള്ള സ്രവം പരിശോധിച്ചാണ്. പ്രത്യേകം രൂപകല്പനചെയ്ത ഉപകരണം (സ്വാബ്) ഉപയോഗിച്ച് ആവശ്യത്തിന് സ്രവം ശേഖരിച്ച് ദ്രവരൂപത്തിലുള്ള അനുയോജ്യമായ മാധ്യമത്തിൽ സൂക്ഷിച്ചാലേ പരിശോധനയ്ക്കുവേണ്ട വൈറസ് ആർ.എൻ.എ.യുടെ ഗുണമേന്മയും അളവും ഉറപ്പാക്കാൻ കഴിയൂ. പരിശോധനാ ഫലത്തിന്റെ കൃത്യതയെ ബാധിക്കുന്ന നിർണായക ഘടകങ്ങളാണിവ.പ്ലാസ്റ്റിക് ഷാഫ്റ്റോട് കൂടിയ കൃത്രിമനാരുകൾ ഉപയോഗിച്ച് നിർമിച്ച സ്വാബുകളാണ് സ്രവം ശേഖരിക്കുന്നതിന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ ശുപാർശ ചെയ്യുന്നത്. ഇതനുസരിച്ചാണ് ചിത്ര എംബെഡ് ഫ്ളോക്ക്ഡ് നൈലോൺ സ്വാബ്, ചിത്ര എൻമെഷ് പോളിമെറിക് ഫോം ടിപ്ഡ് ലിന്റ് ഫ്രീ സ്വാബ് എന്നിവ വികസിപ്പിച്ചത്.വഴങ്ങുന്ന പ്ലാസ്റ്റിക് പിടിയോടുകൂടിയ ഇവ രണ്ടും സ്രവം ശേഖരിക്കുന്നതിനും ശേഖരിച്ച സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റുന്നതിനും അനുയോജ്യമാണെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ. ആശകിഷോർ പറഞ്ഞു. ഇവ ഉപയോഗിച്ചുശേഖരിച്ച് ദ്രവമാധ്യമത്തിൽ സൂക്ഷിക്കുന്ന സ്രവത്തിൽനിന്ന് വൈറസിന്റെ ആർ.എൻ.എ. ആവശ്യത്തിന് വീണ്ടെടുക്കാനുംകഴിയും. രണ്ടുതരം സ്വാബുകളുടെയും സ്രവം സൂക്ഷിച്ച് ലാബുകളിൽ എത്തിക്കുന്നതിനുള്ള മാധ്യമത്തിന്റെയും സാങ്കേതികവിദ്യയും മല്ലേലിൽ ഇൻഡസ്ട്രീസ്, ഒറിജിൻ ഡയഗ്‌നോസ്റ്റിക്സ്, ലെവ്റാം ലൈഫ് സയൻസസ് എന്നീ കമ്പനികൾക്ക് ശ്രീചിത്ര കൈമാറി. സവിശേഷമായി രൂപകല്പന ചെയ്തിട്ടുള്ളതിനാൽ സ്വാബ് ഉപയോഗിച്ച് സ്രവം ശേഖരിക്കുന്നതിനാൽ രോഗികൾക്കുണ്ടാകുന്ന് അസ്വസ്ഥത കുറയ്ക്കാനാകും. ദ്രവമാധ്യമവും 50 സ്വാബുകളും അടങ്ങുന്ന കിറ്റിന് 12,000 രൂപയാണ് വില. ശ്രീചിത്രയുടെ സ്വാബും മാധ്യമവും വിപണിയിലെത്തുന്നതോടെ വില കുറയ്ക്കാനാകും. ശ്രീചിത്ര ബയോടെക്നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ നന്ദകുമാർ, ഡോ. ലിൻഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് ഇവ വികസിപ്പിച്ചത്.

from mathrubhumi.latestnews.rssfeed https://ift.tt/2VYgxZK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍