'ജീവന്റെ കണ്ണിപൊട്ടാതിരിക്കാന്‍, രോഗത്തിന്റെ കണ്ണി പൊട്ടിക്കാന്‍ അവര്‍'-കൊറോണക്കാലത്തെ രാത്രികാഴ്ച

രാത്രി 12.00. മണ്ണുത്തിയിലെ വീട്ടിൽനിന്ന് സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങിയതാണ് കണ്ണൻ. കണ്ണന്റെ വാഹനം പാതിരാത്രി പലയിടങ്ങളിലും കറങ്ങി. മണ്ണുത്തിയിൽ രണ്ടിടങ്ങളിലും കിഴക്കേക്കോട്ടയിലും നടത്തറയിലും പട്ടിക്കാടിന് സമീപവുമെല്ലാം എത്തിയെങ്കിലും പോലീസ് തടഞ്ഞില്ല. എങ്കിലും അവിടെയെല്ലാം കണ്ണൻ വാഹനം നിർത്തി. കെറ്റിലിൽനിന്ന് ചൂടുചായയും പാത്രത്തിൽ വെച്ചിരുന്ന പലഹാരങ്ങളും എടുത്തു. അവ ദേശസേവനം നടത്തുന്ന പോലീസുകാർക്ക് സൗജന്യമായി ഉള്ളതാണ്. ഒരു മീറ്റർ അകലം പാലിച്ച് സൗഹൃദം പുതുക്കി. രാത്രി പന്ത്രണ്ടരയോടെ കണ്ണൻ വീട്ടിലേക്ക് മടങ്ങി, അതിരാവിലെ അഞ്ചിന് വീണ്ടും ചൂടുചായയുമായി എത്താമെന്ന് ഒാർമിപ്പിച്ചുകൊണ്ട്. മണ്ണുത്തിയിൽ ഹോട്ടൽ നടത്തുകയാണ് കണ്ണൻ. ലോക് ഡൗൺ മുതൽ സ്ഥാപനം തുറക്കാറില്ല. എന്നാൽ അന്നുമുതൽ പോലീസ് സേനാംഗങ്ങൾക്ക് മുടങ്ങാതെ ചായയും ചെറുപലഹാരങ്ങളും സൗജന്യമായി എത്തിച്ചുനൽകാറുണ്ട്. പോലീസ് 24 x 7 ജീവന്റെ കണ്ണി പൊട്ടാതിരിക്കാൻ രോഗത്തിന്റെ കണ്ണി പൊട്ടിക്കുന്ന ആരോഗ്യപ്രവർത്തകരെപ്പോലെ അതിജാഗ്രതയിൽ പോലീസും രംഗത്തുണ്ട്. രാത്രി 11 മുതൽ 12.30 വരെ തൃശ്ശൂർ നഗരത്തിലൂടെ നടത്തിയ യാത്രയിൽ അതാണ് കാണാനായത്. നഗരത്തിലിറങ്ങിയ അവശ്യവാഹനങ്ങളേക്കാളേറെ പോലീസ് വാഹനങ്ങളുണ്ട്. റോന്ത് ചുറ്റുന്ന പോലീസ് വാഹനമുണ്ട്. പാതയോരത്ത് നിർത്തിയിട്ട് പരിേശാധന നടത്തുന്നവയുമുണ്ട്. നിരത്തിൽ കാണാനായ ജനങ്ങളുടെ പത്തിരട്ടി പോലീസുകാരുണ്ട് രാത്രിയിൽ. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആവശ്യമെന്ന് കണ്ടാൽ വാഹനം കടത്തിവിടുന്നു. ന്യായമല്ല കാരണം എന്ന് കണ്ടാൽ തിരിച്ചയയ്ക്കുന്നു. കൊറോണയുടെ ഭീകരതയെപ്പറ്റി ഒാർമിപ്പിക്കുന്നു. പകൽ പരിശോധനയുള്ള സ്ഥലങ്ങളിലെല്ലാം രാത്രിയിലും പരിശോധനയുണ്ട്, സ്വരാജ് റൗണ്ടിലൊഴികെ. റൗണ്ടിൽ രാത്രി പോലീസിന്റെ റോന്തുണ്ട്. ദേശീയപാതയിൽചരക്കുലോറികൾ മാത്രം വാഹനങ്ങൾ നിർത്താതെ ഓടിയിരുന്ന പുഴയ്ക്കലിലൂടെ അര മണിക്കൂറിനിടെ കടന്നുപോയത് ഒരു കാറും ഒരു ഇരുചക്രവാഹനവും. പട്ടിക്കാട് മുതൽ പാലിയേക്കര വരെയുള്ള സ്ഥലത്തെ ദേശീയ പാതയിൽ ഇടവിട്ട് വാഹനങ്ങൾ പായുന്നുണ്ട്. ചരക്കു ലോറികളാണേറെയും. പരിശോധനയുള്ള സ്ഥലങ്ങളിൽ വാഹനങ്ങളെല്ലാം നിർത്തി സഹകരിക്കുന്നു. ഒല്ലൂർ സെന്ററിലും വിയ്യൂർ മുതൽ മുണ്ടൂർ വരെയുള്ള പാതയിലും വാഹനങ്ങളേയില്ല. എല്ലാ ആശുപത്രികളുടേയും കവാടങ്ങൾ തുറന്നുകിടക്കുന്നു. ആശുപത്രി അങ്കണങ്ങൾ വിജനം. അക്കാദമികളെല്ലാം പൂട്ടിക്കിടക്കുന്പോൾ രാമനിലയ കവാടം പാതിരാത്രിയിലും തുറന്നിരിക്കുന്നു. ചെമ്പുക്കാവിലെ വസ്ത്ര-സ്വർണാഭരണ ശാലകളുടെയെല്ലാം മുന്നിൽ സെക്യൂരിറ്റിക്കാർ. ഒന്നിലേറെ സെക്യൂരിറ്റി ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പരസ്പരം അവർ സൊറപറഞ്ഞിരിക്കുന്നു. മുഖാവരണമില്ല; അകലം പാലിക്കുന്നുമില്ല. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സെക്യൂരിറ്റികളും സംഘം ചേർന്ന് ഒരിടത്തിരുന്ന് സംസാരിക്കുന്നു. ആർക്കും മുഖാവരണമില്ല. പൂട്ടിയ മദ്യശാലകളുടെ മുന്നിൽ രണ്ടിലേറെ സെക്യൂരിറ്റികളുണ്ട്. ഇവർ അകലം പാലിക്കുകയും മാസ്ക് അണിയുകയും ചെയ്തിട്ടുണ്ട്. ശക്തനിൽ എത്തിയപ്പോൾ ശക്തൻ മാർക്കറ്റിൽ മൂന്നുപേരുണ്ട്. നേന്ത്രക്കായയുമായി എത്തിയ ലോറി നിർത്തിയിട്ടിട്ടുണ്ട്. പാതയോരത്ത് പശുക്കളും കാളകളും വിശ്രമിക്കുന്നു. ലോക് ഡൗൺ ആണെങ്കിലും സ്ഥാപനങ്ങളെല്ലാം രാത്രിയിൽ ബോർഡുകൾ വൈദ്യുതിപ്രഭയോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആളുകളിറങ്ങാത്ത വഴികൾ കൈയടക്കി തെരുവുനായ്ക്കളുമുണ്ട്. Content Highlight: Night duty in corona time

from mathrubhumi.latestnews.rssfeed https://ift.tt/39A39hK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍