കൊറോണ സ്ഥിരീകരണം; ഭീതിയിൽ ധാരാവി

മുംബൈ: ധാരാവിയിൽ വ്യാഴാഴ്ച ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചേരിനിവാസികൾ ഭീതിയിലായി. ഇവിടത്തെ ശുചീകരണത്തൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവിടെ അമ്പത്തിയാറുകാരൻ രോഗം ബാധിച്ച് മരിച്ച് 24 മണിക്കൂർ കഴിയുന്നതിനു മുമ്പാണ് ബി.എം.സി. ജീവനക്കാരനായ അമ്പത്തിരണ്ടുകാരന് രോഗം സ്ഥിരീകരിച്ചത്. വർളി നിവാസിയാണെങ്കിലും ധാരാവിയിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തി. ബുധനാഴ്ച മരിച്ച 56-കാരൻ നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തയാളാണ്. എന്നാൽ, ബി.എം.സി. ജീവനക്കാരന് ഇയാളുമായി ബന്ധമില്ലെന്നാണ് സൂചന. അതേസമയം, രണ്ടാമത്തെ രോഗിയെക്കൂടി കണ്ടെത്തിയതോടെ ധാരാവിയെന്ന വലിയചേരിപ്രദേശമാകെ ഭീതി പരന്നിരിക്കയാണ്.സാമൂഹികവ്യാപനത്തിലൂടെ കൂടുതൽപേരിലേക്ക് രോഗം പകരാൻ ഇടയായാൽ വലിയ ഭീഷണി നേരിടേണ്ടിവരും. സാമൂഹിക അകലം പാലിക്കലൊന്നും പ്രാവർത്തികമാവാത്ത ധാരവിയിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തുന്നതും നിയന്ത്രണം ഏർപ്പെടുത്തുന്നതും ദുഷ്കരമാവും. രോഗം വന്ന് മരിച്ചയാൾ താമസിച്ചിരുന്ന കെട്ടിടവും പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങളും അധികൃതർ അടച്ചിട്ടിട്ടുണ്ട്.ഇവിടെ 330 ഫ്ലാറ്റുകളിലെ 1500-ലേറെ താമസക്കാർക്ക് പുറത്തുപോകാൻ കഴിയില്ല. ഇവർ സമ്പർക്കവിലക്കിലാണ്. 90 കടകളും അടച്ചു. ഇടയ്ക്കിടെ അണുനശീകരണപ്രവർത്തനവും നടക്കുന്നുണ്ട്. മരിച്ച വ്യക്തിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന എല്ലാവരുടെയും സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/2xINT56
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍