ടൊറന്റോ: ലോകം മുഴുവൻ കൊറോണ വ്യാപിക്കവേ, പ്രതിരോധമരുന്നു പരീക്ഷണരംഗത്തുനിന്ന് പുറത്തുവരുന്നത് പ്രതീക്ഷ നൽകുന്ന വാർത്തകൾ. കാനഡയിൽ പരീക്ഷണഘട്ടത്തിലുള്ള എ.പി.എൻ.-01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൻ) എന്ന മരുന്ന് കൊറോണ വൈറസിനെതിരേ ഫലപ്രദമാകുമെന്ന് പഠനങ്ങൾ പറയുന്നു. കോവിഡ്-19 രോഗത്തിനു കാരണമാകുന്ന സാർസ് കൊറോണ വൈറസ്-2 മനുഷ്യകോശത്തിനകത്തേക്ക് കടക്കുന്നത് തടയാൻ എ.പി.എൻ.01-ന് കഴിയുമെന്ന് ശാസ്ത്രപ്രസിദ്ധീകരണമായ 'സെല്ലി'ൽ വന്ന പഠനഫലത്തിൽ പറയുന്നു. കോശസ്തരത്തിലെ മാംസ്യമായ എ.സി.ഇ.2-വിലൂടെയാണ് സാർസ് വൈറസ് കോശത്തിനകത്തേക്കു കടക്കുന്നതെന്ന് ടൊറന്റോ സർവകലാശാലയും ഓസ്ട്രിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജി 2003-ൽ സാർസ് പടർന്നുപിടിച്ച വേളയിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പുറത്തേക്കുതള്ളിനിൽക്കുന്ന രോമം പോലുള്ള ഭാഗമുപയോഗിച്ചാണ് വൈറസ് കോശസ്തരത്തിലെ എ.സി.ഇ.2-വിൽ പറ്റിപ്പിടിക്കുന്നത്. ഈ ഒട്ടിച്ചേരൽ തടയാൻ എ.പി.എൻ.-01-മരുന്നിന് കഴിയുമെന്ന് പഠനത്തിനു നേതൃത്വം നൽകുന്ന കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാല പ്രൊഫസർ ജോസഫ് പെന്നിങ്ഗെർ പറഞ്ഞു. മൂലകോശങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്കയിലും രക്തധമനിയിലും കൊറോണവൈറസിന്റെ പ്രവർത്തനരീതി എങ്ങനെയാണെന്നും പഠനത്തിൽ വിലയിരുത്തുന്നുണ്ട്. സാർസ് വൈറസിനോട് സാമ്യമുള്ള ഇനമാണ് കോവിഡ്-19 വൈറസെന്നും പെന്നിങ്ഗെർ പറഞ്ഞു. യൂറോപ്യൻ ബയോടെക് കമ്പനിയായ ആപെരിയോൺ ബയോളജിക്സ് മരുന്ന് ഉടൻ പരീക്ഷണത്തിനെത്തിക്കുമെന്ന് ടൊറന്റോ സർവകലാശാല പ്രൊഫസർ ആർട്ട് സ്ലട്ട്സ്കി പറഞ്ഞു. കൊറോണ വാക്സിൻ എലികളിൽ പ്രതിരോധശക്തി വർധിപ്പിക്കുന്നു വാഷിങ്ടൺ: കൊറോണ വൈറസിനെതിരേയുള്ള വാക്സിൻ എലികളിൽ പരീക്ഷിച്ചത് വിജയമെന്ന് ഗവേഷകർ. ഈ പരീക്ഷണത്തിൽ വാക്സിൻ വൈറസിനെതിരേയുള്ള പ്രതിരോധശേഷി വർധിപ്പിച്ചതായി കണ്ടെത്തി. പിറ്റ്സ്ബർഗ് കൊറോണ വൈറസ് വാക്സിൻ(പിറ്റ്കൊവാക്) ആണ് എലികളിൽ പരീക്ഷിച്ചത്. വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ 'ഇബയോ മെഡിസിൻ ജേണലി'ലാണ് പ്രസിദ്ധീകരിച്ചത്. സ്പൈക് പ്രോട്ടീൻ എന്നറിയപ്പെടുന്ന മാംസ്യം വൈറസിനെതിരേയുള്ള പ്രതിരോധത്തിന് സുപ്രധാനമാണെന്ന് നേരത്തേയുള്ള പഠനങ്ങൾ തെളിയിച്ചിരുന്നതായും അത് പുതിയ പഠനത്തിന് ഏറെ സഹായിച്ചതായും ഗവേഷണത്തിന് നേതൃത്വം നൽകിയ യു.എസിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ മുതിർന്ന ഗവേഷക ആൻഡ്രിയ ഗംബോട്ടോ പറഞ്ഞു. കുത്തിവെപ്പിലൂടെയാണ് വാക്സിൻ നൽകേണ്ടതെന്നും ശരീരം അത് പെട്ടെന്നുതന്നെ സ്വീകരിക്കുമെന്നും മറ്റൊരു മുതിർന്ന ഗവേഷക ലൂയിസ് ഫാലോ പറഞ്ഞു. എന്നാൽ, ഇത് രോഗികളിൽ പരീക്ഷിക്കാൻ ഒരുവർഷമോ കൂടുതലോ വേണ്ടിവരും.
from mathrubhumi.latestnews.rssfeed https://ift.tt/2xOnfaK
via IFTTT
0 അഭിപ്രായങ്ങള്‍