അമ്പലപ്പുഴ: ഡ്രോണിലൂടെ പോലീസ് നോക്കിയപ്പോൾ വീട്ടുമുറ്റത്ത് ചെറിയൊരു ആൾക്കൂട്ടം. ജീപ്പിൽ പിടിപ്പിച്ച സ്ക്രീനിലെ ദൃശ്യത്തിൽ കണ്ട സ്ഥലത്തേക്ക് അവർ പാഞ്ഞു. ചെന്നപ്പോൾ വീട്ടിൽ നടക്കുന്നത് ഒരു പെണ്ണുകാണൽ ചടങ്ങ്. അമ്പലപ്പുഴയ്ക്കടുത്തുള്ള തീരദേശമേഖലയിലായിരുന്നു ഇത്. അടുത്തബന്ധുക്കളും അയൽക്കാരുമായി വളരെക്കുറച്ചുപേർ. പോലീസ് ഇവരെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി മടങ്ങി. കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി തീരദേശമേഖലയിൽ നിരീക്ഷണത്തിനായി ഡ്രോൺ പറന്നപ്പോൾ ആളുകൾക്കത് കൗതുകക്കാഴ്ചയായി. ഓടിക്കൂടിയ ചെറുപ്പക്കാർ പിന്നാലെ പോലീസ് ജീപ്പ് വരുന്നതുകണ്ട് ഇടവഴികളിലൂടെ ഓടിമറഞ്ഞു. ഡ്രോൺ കണ്ടെത്തിയ ആൾക്കൂട്ടം പലയിടത്തും റേഷൻ കടകൾക്ക് മുൻപിലായിരുന്നു. ഇവിടെയെത്തിയ പോലീസ് സാമൂഹിക അകലം പാലിക്കാൻ ആളുകൾക്ക് നിർദേശംനൽകി. അമ്പലപ്പുഴ സി.ഐ. ടി.മനോജിന്റെ നേതൃത്വത്തിൽ വണ്ടാനം, നീർക്കുന്നം, വളഞ്ഞവഴി, കരൂർ തുടങ്ങിയ തീരദേശമേഖലകളിലും അമ്പലപ്പുഴ പടിഞ്ഞാറേനട, തകഴി എന്നിവിടങ്ങളിലുമായിരുന്നു വ്യാഴാഴ്ച ഡ്രോൺ നിരീക്ഷണം നടത്തിയത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഡ്രോൺ നിരീക്ഷണം തുടങ്ങി ആലപ്പുഴ : സർക്കാരും ജില്ലാ ഭരണകൂടവും നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിന്റെ നിർദേശ പ്രകാരം ഡ്രോൺ (ഹെലികാം) ഉപയോഗിച്ചുളള നിരീക്ഷണം ജില്ലയിൽ തുടങ്ങി. തുടക്കത്തിൽ 25 പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മാർക്ക് ഹെലികാം സൗകര്യം നൽകി. ഒരു ഹെലികാം ഉപയോഗിച്ച് മൂന്നു കിലോമീറ്റർ ചുറ്റളവിലെ ആകാശ വീക്ഷണം സാധ്യമാകും. ഏതൊക്കെ റോഡുകളിലാണ് കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്, ഏതൊക്കെ മാർക്കറ്റിലാണ് ആളുകൾ കൂടി നിൽക്കുന്നത് എന്നൊക്കെ അറിയുന്നതിന് ഡ്രോണിന്റെ സഹായം തേടും. ഡ്രോൺ നിരീക്ഷണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജെയിംസ് ജോസഫ് ശവക്കോട്ടപ്പാലത്തിന് സമീപം നിർവഹിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2X4BrY0
via IFTTT
0 അഭിപ്രായങ്ങള്‍