കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യത്തിലേ മന്ത്രി സുനിൽകുമാറിനെ ശാസിച്ചിട്ടുള്ളൂ; ആരോഗ്യം നോക്കാത്തതിന്. പക്ഷേ കുറെ നാളായി ആലോചിക്കുന്നെങ്കിലും രാവിലെ നടക്കുന്ന കാര്യം മാത്രം ഇതുവരെ നടന്നിട്ടില്ലെന്ന് സുനിൽകുമാർ. വ്യാഴാഴ്ച അദ്ദേഹത്തിന്റെ 20-ാം വിവാഹ വാർഷികമായിരുന്നു. രണ്ടാഴ്ചയിലധികമായി എറണാകുളം ജില്ലയിലെ കോവിഡ് പ്രവർത്തനങ്ങളുടെ ചുമതലയിലാണ് അദ്ദേഹം. ആലുവ ഗസ്റ്റ്ഹൗസിലാണ് താമസം. വ്യാഴാഴ്ച രാവിലെ ഭാര്യ അഡ്വ. രേഖയെ വിളിച്ച് പരസ്പരം ആശംസ പറഞ്ഞു. അത്രയേയുള്ളൂ. കുറെ ദിവസമായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ ഷെഡ്യൂൾ ഏതാണ്ട് ഒന്നുപോലെയാണ്. രാവിലെ എഴുന്നേറ്റ് റെഡിയാകുമ്പോഴേക്ക് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ വിളി വരും. പത്തു മണിയോടെ കളക്ടറേറ്റിൽ. തന്റെ വകുപ്പിലെ കാര്യങ്ങളും ഇതിനിടെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകും. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, സമൂഹ അടുക്കളകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനവും പതിവാണ്. നാലുമണിക്ക് കളക്ടറേറ്റിൽ കോവിഡ് അവലോകനം. ആറുമണിക്കു മുമ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണം. എല്ലാ തിരക്കുകളും കഴിഞ്ഞ് ഗസ്റ്റ് ഹൗസിൽ മടങ്ങിയെത്തുമ്പോഴേക്കും രാത്രിയാകും. രാജ്യവും സംസ്ഥാനവും ഇങ്ങനെയൊരു ഭീഷണിയുടെ മുന്നിൽ നിൽക്കുമ്പോൾ തൃശ്ശൂർ അന്തിക്കാട്ടെ വീട്ടിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് സുനിൽകുമാർ. ജനത കർഫ്യൂ നടന്ന മാർച്ച് 22-നാണ് അവസാനമായി വീട്ടിൽനിന്നത്. എങ്കിലും ഇടയ്ക്കൊരു ദിവസം അദ്ദേഹം ഒരു മിന്നൽ സന്ദർശനം നടത്തി. സഹോദരൻ സന്തോഷിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുകയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തു. സഹോദരനെ കാണാൻ പോയ പോക്കിൽ വീട്ടിലെത്തി അമ്മ പ്രേമാവതിയെയും സന്ദർശിച്ച് അപ്പോൾത്തന്നെ ആലുവയ്ക്ക് മടങ്ങി. വ്യാഴാഴ്ച അദ്ദേഹത്തിന്റെ ആദ്യ പരിപാടി അങ്കമാലിയിലെ സമൂഹ അടുക്കളയുടെ പ്രവർത്തനം വിലയിരുത്തലായിരുന്നു. തുടർന്ന് പാലക്കാട് മുതലമടയിലെ മാവ് കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ച. മട്ടാഞ്ചേരിയിലെ സർക്കാർ ആശുപത്രിയുടെ നവീകരണം വിലയിരുത്താൻ ഉച്ചയ്ക്ക് അങ്ങോട്ടുപോയി. മന്ത്രി വി.എസ്. സുനിൽകുമാർ വ്യാഴാഴ്ച എറണാകുളം കളക്ടറേറ്റിൽ മൂന്നരയോടെ കളക്ടറേറ്റിൽ റവന്യു ഉദ്യോഗസ്ഥരുമായുള്ള യോഗം. തുടർന്ന് കോവിഡ് വിലയിരുത്തൽ. ഈ തിരക്കുകൾക്കിടയിൽ വിവാഹ വാർഷികത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിയായിരുന്നു മറുപടി. ഭാര്യക്ക് ഇപ്പോഴത്തെ സ്ഥിതി അറിയാമല്ലോ. എല്ലാ വർഷവും ഒരു സാരി വാങ്ങിക്കൊടുക്കാറുണ്ട്. ഇത്തവണ പറ്റിയില്ല. ഈ ഭീതിയുടെ കാലം ഒന്നു കഴിഞ്ഞോട്ടെ. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ-അദ്ദേഹം പറഞ്ഞു. Content Highlight: Minister Sunil Kumars 20th wedding anniversary
from mathrubhumi.latestnews.rssfeed https://ift.tt/3dPPrKW
via IFTTT
0 അഭിപ്രായങ്ങള്‍