കഥകളിമുദ്രയായ് കോവിഡ്; ചൊല്ലിയാട്ടവുമായി കലാമണ്ഡലം ബാലസുബ്രഹ്മണ്യം

തൃശ്ശൂർ : അടച്ചിടൽക്കാലത്ത് എഴുതിച്ചിട്ടപ്പെടുത്തി വാട്സ് ആപ്പിൽ കിട്ടിയ കഥകളിപ്പദം കേട്ടപ്പോൾ കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന്‌ അതൊന്ന് ചിട്ടപ്പെടുത്താൻ തോന്നി. ഭക്തിഗാനരചയിതാവ് എ.വി. വാസുദേവൻ പോറ്റി കോവിഡിനെക്കുറിച്ച് പ്രൊഫഷണൽ കഥകളിപ്പദം തന്നെയായിരുന്നു എഴുതിയിരുന്നത്. മധ്യമാവതി രാഗത്തിൽ നെടുമ്പള്ളി റാംമോഹൻ ആലപിച്ച പദം ഒരു ചൊല്ലിയാട്ടമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. കോവിഡിന്റെ വ്യാപനംമൂലം കഷ്ടത്തിലായ ജനത്തിന്റെ ദുരിതങ്ങളുടെ വിവരണമാണ് പദത്തിൽ ഏറെയും തെളിഞ്ഞുനിൽക്കുന്നത്. പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരീമൂർത്തിയോടുള്ള പ്രാർഥനാ രൂപത്തിലാണ് പദം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാധാരണ കഥകളി പദങ്ങളിലുള്ള വാക്കുകൾ അല്ലാത്ത മൂന്നെണ്ണം ഇതിലുണ്ടായിരുന്നു. കോവിഡ്, വൈദ്യൻ, ധന്വന്തരി എന്നിവയായിരുന്നു അവ. ഈ മൂന്നിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യം മുദ്രകൾ സൃഷ്ടിച്ചു. ഹസ്തലക്ഷണദീപിക പ്രകാരമുള്ള 24 അടിസ്ഥാന മുദ്രകളിൽ പെട്ട ശുകതുണ്ഡമാണ് കോവിഡിനായി ഇദ്ദേഹം ഉപയോഗപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ വിവിധ കഥകളി ഗ്രൂപ്പുകളിൽ ഇപ്പോൾ കോവിഡ് ചൊല്ലിയാട്ടം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചൊല്ലിയാട്ടം സ്വീകരിക്കപ്പെട്ട നിലയ്ക്ക് അടച്ചിടൽ കാലം കഴിഞ്ഞ് പൂർണ വേഷവിധാനത്തോടെ അരമണിക്കൂർ നീളുന്ന കോവിഡ് കഥകളി അവതരിപ്പിക്കാനും ബാലസുബ്രഹ്മണ്യം തയ്യാറാണ്. കലാമണ്ഡലത്തിന്റെ മുൻ പ്രിൻസിപ്പലും ഇപ്പോൾ ഡീനുമാണ് ബാലസുബ്രഹ്മണ്യം.

from mathrubhumi.latestnews.rssfeed https://ift.tt/2VKH2RY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍