തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തുടങ്ങിയെങ്കിലും എല്ലാ റേഷൻ കാർഡുടമകൾക്കും നൽകുന്ന 1000 രൂപയുടെ ഭക്ഷ്യധാന്യക്കിറ്റ് വിതരണം വൈകും. സംസ്ഥാനത്തിനു പുറത്തുനിന്ന് ലഭ്യമാക്കേണ്ട സാധനങ്ങൾ എത്തിക്കാനാവാത്തതാണു കാരണം. സാധനങ്ങൾ പാക്ക് ചെയ്യാനുള്ള ആൾക്ഷാമവും പ്രശ്‌നമാകുന്നു.ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 16 ഇനങ്ങളടങ്ങിയ കിറ്റ് വിതരണംചെയ്യാൻ സർക്കാർ തീരുമാനിച്ചത്. കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി നോക്കാതെ എല്ലാവർക്കും ഏപ്രിൽ ആദ്യവാരംതന്നെ നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഗതാഗതവിലക്ക് സാധനങ്ങളെത്തിക്കാൻ തടസ്സമായി. നാഫെഡ് വഴി സംഭരിക്കുന്ന ചെറുപയർ, കടല, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവ എത്തിക്കാനുണ്ട്. ലഭ്യമായ സാധനങ്ങൾ കിറ്റിലാക്കിത്തുടങ്ങി. അടുത്തയാഴ്ചയോടെ കിറ്റ് വിതരണം നടത്താനാകുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.സൗജന്യ അരിവിതരണം നടക്കുന്നതിനാൽ റേഷൻ കടകളിൽ തിരക്കുണ്ട്. ഈ തിരക്ക് കുറയുന്നമുറയ്ക്ക് കിറ്റ് വിതരണംചെയ്യാനാണു ശ്രമം. അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്കും രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമായിരിക്കും മുൻഗണന.ചെലവ് 750 കോടി 87.14 ലക്ഷം കാർഡുടമകളുണ്ടെങ്കിലും എല്ലാവരും കിറ്റ് വാങ്ങുമെന്ന് സർക്കാർ കരുതുന്നില്ല. 750 കോടിയോളം രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്. 350 കോടി കഴിഞ്ഞദിവസം സർക്കാർ അനുവദിച്ചു.കിറ്റിൽ 17 ഇനങ്ങൾപഞ്ചസാര (ഒരുകിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയർ (ഒരുകിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അരലിറ്റർ), ആട്ട (രണ്ടുകിലോ), റവ (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺ ഫ്ളവർ ഓയിൽ (ഒരുലിറ്റർ), ഉഴുന്ന് (ഒരുകിലോ). 1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. റേഷൻ വിതരണം 30 വരെഏപ്രിൽ 20-നകം റേഷൻ വാങ്ങാനാവാത്തവർക്ക് 30 വരെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. റേഷൻകടകളിൽ തിരക്ക് ഒഴിവാക്കാൻ കാർഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണു ക്രമീകരണം. എല്ലാവർക്കും അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കും.റേഷൻ വിതരണത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ച വിതരണസമയത്തിനു മുമ്പുതന്നെ കടകളിൽ വലിയ തിരക്ക് തുടങ്ങിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാൻ കടയുടമകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പുതിയ സ്റ്റോക്ക് എത്താത്തതിനാൽ നേരത്തേ കരുതിയിരുന്ന അരി വീതിച്ചായിരുന്നു മിക്ക കടകളിലും ബുധനാഴ്ച വിതരണം.കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20-നു ശേഷം ആരംഭിക്കും. വൈദ്യുതീകരിച്ച വീടുകൾക്ക് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാലുലിറ്റർ മണ്ണെണ്ണയും നൽകും. വെള്ള, നീല കാർഡുകളുള്ളവർക്ക് മൂന്നു കിലോ ആട്ടയും ലഭിക്കും. വിഹിതം ഇങ്ങനെ * എ.എ.വൈ. കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും* മുൻഗണനാവിഭാഗത്തിൽ ഒരു അംഗത്തിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും* മുൻഗണനേതര വിഭാഗത്തിലെ സബ്‌സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം. സബ്‌സിഡിയില്ലാത്ത വിഭാഗത്തിൽ ഏഴിൽക്കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് ഒരാൾക്ക് രണ്ടുകിലോ ധാന്യമെന്ന കണക്കിൽ ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2V0gw5Q
via IFTTT
0 അഭിപ്രായങ്ങള്‍