കണ്ണൂർ: ആസ്പത്രിയിൽ കഴിയുന്ന കൊറോണബാധിതരെ ഫോണിൽ വിളിച്ച് വിവരമന്വേഷിച്ച സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നടപടി തെറ്റായ നിലപാടാണെന്ന് മുഖ്യമന്ത്രി. കൊറോണ രോഗബാധിതരുടെ പേരുവിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കേണ്ടതാണ്. അവരുടെ പേരും ഫോൺ നമ്പറും ശേഖരിച്ച് എല്ലാവരെയും വിളിച്ചത് രാഷ്ട്രീയലക്ഷ്യംവെച്ചാണെന്ന് പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ജയരാജനെ തിരുത്തിയത്. രോഗിയുടെ പേരുവിവരങ്ങൾ സ്വകാര്യമാണ്. അത് ലംഘിച്ചത് തെറ്റായ നിലപാടാണ്. ഒരു പൊതുപ്രവർത്തകനും അത്തരം നിലപാട് സ്വീകരിക്കേണ്ടതല്ല- മുഖ്യമന്ത്രി പറഞ്ഞു.അതിനിടെ കളക്ടറുടെ മാത്രം കൈവശമുള്ള ഇത്തരം വിവരങ്ങൾ ജയരാജന് എങ്ങനെ ലഭിച്ചു എന്ന കാര്യത്തിലും വിമർശനമുയരുന്നുണ്ട്. ജയരാജൻ ഒരു രോഗബാധിതനെ ഫോണിൽ വിളിച്ചപ്പോൾ പേരും വിവരങ്ങളും എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം തിരിച്ചുവിളിച്ച് ചോദിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.ക്വാറന്റൈനിൽ കഴിയുന്ന മനുഷ്യർ നിസ്സഹായരായി സർക്കാരിന് നൽകുന്ന സ്വകാര്യവിവരങ്ങൾ പാർട്ടി ഓഫീസിൽ എത്തുന്നത്, അത് സുരക്ഷിതമല്ലെന്നതിന് തെളിവല്ലേയെന്ന് കെ.എം.ഷാജി എം.എൽ.എ. പ്രസ്താവനയിൽ ചോദിച്ചു. പൗരൻമാർ നൽകുന്ന ഫോൺ നമ്പറുകൾ ജയരാജനുൾപ്പെടെയുള്ളവർ പാർട്ടി വളർത്താൻ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3azlPQc
via IFTTT
0 അഭിപ്രായങ്ങള്‍