കൊച്ചി: കൊറോണ വൈറസ് എന്ന് പറഞ്ഞ് പേടിയോടെ മാറിനിൽക്കാനൊന്നും തയ്യാറല്ല കളമശ്ശേരി മെഡിക്കൽകോളേജിൽ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ഈ മാലാഖമാർ. നാലുമണിക്കൂർ ഷിഫ്റ്റിൽ ജലപാനമില്ലാതെ നിൽക്കുമ്പോഴും കനത്ത ചൂടിൽ പേഴ്സണൽ പ്രോട്ടക്ടീവ് കിറ്റ് (പി.പി.ഇ.) ധരിക്കുമ്പോഴും ഇവർക്ക് ഒരു പ്രാർഥനയേയുള്ളൂ. തങ്ങൾ ശുശ്രൂഷിക്കുന്നവർക്ക് രോഗം എത്രയും വേഗം ഭേദമാകണേയെന്ന്. ''ഞങ്ങളിൽ പലരും ആഴ്ചകളായി വീട്ടിൽ പോയിട്ട്. പി.പി.ഇ. കിറ്റിന്റെ ചൂട് താങ്ങാനാകാതെ തലകറക്കം വരുന്നവരുണ്ട്. ഐസൊലേഷൻ വാർഡിൽ എ.സി. ഉപയോഗിക്കാൻ സാധിക്കില്ല. താപനില കുറഞ്ഞാൽ വൈറസിന്റെ വ്യാപനം കൂടുമെന്നതിനാലാണിത്. എന്നിട്ടും ആരും ഇതുവരെ ജോലിയിൽനിന്ന് പിന്മാറിയിട്ടില്ല,'' മെഡിക്കൽകോളേജിലെ പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു നഴ്സ് പറയുന്നു. പുറത്തേക്ക് ഇറങ്ങാത്തത് കാരണവും കുറെ സമയവും ഗൂഗിൾസ് ധരിക്കുന്നതുകൊണ്ടും ചില നേരത്ത് കണ്ണുകാണാത്ത പോലെ തോന്നും. നാലുമണിക്കൂറുള്ള ഷിഫ്റ്റിൽ വെള്ളംകുടിക്കാനോ ശൗചാലയം ഉപയോഗിക്കാനോ സാധിക്കില്ല. ആറ് ഷിഫ്റ്റുകളിലായാണ് നഴ്സുമാർ ജോലി ചെയ്യുന്നത്. ജോലിക്ക് കയറുന്നതിന് അര മണിക്കൂർ മുമ്പേ എത്തണം പി.പി.ഇ.കിറ്റ് ധരിക്കാനായി. ഐസൊലേഷൻ വാർഡിന്റെ പിറകിലൂടെ ചെന്നാൽ എത്തുന്ന മുറിയിൽ ഈ വസ്ത്രം ധരിക്കാൻ സഹായിക്കാനായി ആളുണ്ട്. ടി.വി.യിൽ വസ്ത്രം ധരിക്കുന്നതിന്റെ വിവിധഘട്ടങ്ങൾ കാണിക്കും. ഈ സ്ഥലത്തിനെ ഡോണിങ് ഏരിയ എന്നാണ് പറയുന്നത്. ഓരോ രോഗിയുടെയും അടുത്തുചെന്ന് രക്തസമ്മർദം നോക്കുക, താപനില അളക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. ഓരോ മുറിയും കയറിയിറങ്ങുമ്പോൾ ഗ്ലൗസ് മാറ്റുകയും കൈ സാനിറ്റൈസ് ചെയ്യുകയും വേണം. ''ജോലിക്കുശേഷം ഡോഫിങ് ഏരിയ എന്ന് വിളിക്കുന്ന സ്ഥലത്തെത്തിവേണം പി.പി.ഇ. കിറ്റ് മാറ്റാൻ. ശാസ്ത്രീയമായിത്തന്നെ വേണം ഇവ ഊരിമാറ്റാൻ. കിറ്റ് ഊരുന്ന സമയത്ത് അതിന്റെ പുറംവശം തൊടാൻ പാടില്ല. ഇവ മാറ്റി അവിടെത്തന്നെയുള്ള ബക്കറ്റിൽ നിക്ഷേപിക്കണം. തുടർന്ന് അടുത്ത ഫ്ളോറിൽച്ചെന്ന് കുളിച്ചതിനുശേഷമാണ് ജീവനക്കാർ ഷിഫ്റ്റുകഴിഞ്ഞ് പോകുന്നത്. അവിടെത്തന്നെ നൽകിയിട്ടുള്ള വാഷിങ് മെഷീൻ സൗകര്യം ഉപയോഗപ്പെടുത്തി തുണികൾ കഴുകിയെടുക്കും'' -നഴ്സ് പറഞ്ഞു. ''വീട്ടിൽ പോകുന്നവർ സ്വന്തം വാഹനത്തിലും ആശുപത്രിയിൽനിന്ന് നൽകുന്ന വാഹനത്തിലുമായാണ് പോകുന്നത്. വളരെ ദൂരെയുള്ളവരോ വീട്ടിൽ പ്രായമായവരോ കുഞ്ഞുങ്ങളോ ഉള്ളവർക്ക്, അതും പോകേണ്ട എന്ന പറയുന്നവർക്കുമായി താമസസൗകര്യവും ലഭിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ച സമയത്തുള്ള കാര്യങ്ങൾ ഒന്നുമായിരിക്കില്ല പലപ്പോഴും നടക്കുന്നത്. പക്ഷേ, ഞങ്ങൾ നിലവിലെ കാര്യങ്ങൾ പഠിക്കാനും അതിനോടൊപ്പം പ്രവർത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ കടമയാണ്. പേടിയൊന്നുമില്ലാതെ തന്നെ ഞങ്ങൾ പൂർത്തിയാക്കുകയും ചെയ്യും.'' -അവർ കൂട്ടിച്ചേർത്തു. Content Highlight: Coronavirus: Nursrses in Kalamasseri medical collage Isolation ward
from mathrubhumi.latestnews.rssfeed https://ift.tt/2Jmy3zB
via IFTTT
0 അഭിപ്രായങ്ങള്‍