രാജ്യത്ത് ബി.എസ്.എൻ.എലിന്റെ ഉടമസ്ഥതയിലുള്ള 1,000 സ്ഥലത്ത് വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ വരുന്നു. പൊതുജനങ്ങളുടെ ആവശ്യത്തിനുള്ള ഈ പദ്ധതി എനർജി എഫിഷ്യന്റ് സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ.) എന്ന പൊതുമേഖലാ കമ്പനിയുമായി ചേർന്നാണ് നടപ്പാക്കുന്നത്. ഇരു സ്ഥാപനങ്ങളും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ഊർജമന്ത്രാലയത്തിനു കീഴിൽ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇ.ഇ.എസ്.എൽ. എൻ.ടി.പി.സി., പവർ ഫിനാൻസ് കോർപ്പറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ, പവർഗ്രിഡ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംരംഭമാണിത്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഭൂമി വിട്ടു കൊടുക്കുകയും വൈദ്യുതി നൽകുകയും ചെയ്യേണ്ടത് ബി.എസ്.എൻ.എൽ. ആണ്. ഭൂമിക്ക് വാടക ഈടാക്കുമെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ചാർജിങ് സ്റ്റേഷന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ബി.എസ്.എൻ.എൽ. നൽകണമെന്ന് ധാരണാ പത്രത്തിൽ പറയുന്നുണ്ടെങ്കിലും അതുകൊണ്ട് ബി.എസ്.എൻ.എലിന് എന്താണ് നേട്ടം എന്ന് വ്യക്തമാക്കിയിട്ടില്ല. സ്റ്റേഷനുകളുടെ സ്ഥാപിക്കലും പരിപാലനവും ഇ.ഇ.എസ്.എൽ. ആണ് നിർവഹിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതും അവരുടെ ശമ്പളം കൊടുക്കുന്നതും ഇവരായിരിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കണ്ണായ സ്ഥലങ്ങളിൽ ബി.എസ്.എൻ.എലിന് ഭൂമിയും കെട്ടിടങ്ങളും ഉണ്ട്. ഈ സ്വത്തുക്കൾ ഉപയോഗിച്ചും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പുനരുദ്ധാരണ പാക്കേജിലെ നിർദേശമുണ്ടായിരുന്നു. വിശാലമായ പാർക്കിങ് സൗകര്യമുള്ള സ്ഥലങ്ങളാണ് ബി.എസ്.എൻ.എൽ. കൊടുക്കേണ്ടി വരിക. കേന്ദ്ര സർക്കാരിന്റെ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കേണ്ടത്. ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബി.എസ്.എൻ.എലുമായി ചേർന്ന് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇ.ഇ.എസ്.എൽ. മാനേജിങ് ഡയറക്ടർ സൗരഭ് കുമാർ അറിയിച്ചു. രാജ്യത്ത് ഇതുവരെ ആൾട്ടർനേറ്റിങ് കറന്റിന്റെ (എ.സി.) 3000-ഉം ഡയറക്ട് കറന്റിന്റെ 175-ഉം ചാർജിങ് സ്റ്റേഷനുകൾ ഇ.ഇ.എസ്.എൽ. സ്ഥാപിച്ചിട്ടുണ്ട്. Content Highlights:EESL Implement 1000 Electric Vehicle Charging Station In BSNL Sites
from mathrubhumi.latestnews.rssfeed https://ift.tt/2VKepET
via IFTTT
0 അഭിപ്രായങ്ങള്‍